ഈ ഓണത്തിന് വൻ ഓഫറുകളും സാദ്ധ്യതകളും നോട്ടമിട്ട് ജിയോ ജിഗാ ഫൈബർ കേരളത്തിലെത്തുന്നു. കേബിൾ ടി.വി രംഗത്ത് പുതിയ തരംഗം സൃഷ്ടിക്കാനാണ് ജിയോയുടെ ഏറ്റവും പുതിയ ജിഗാഫൈബർ തയാറെടുക്കുന്നത്. ബ്രോഡ് ബാൻഡ്, ലാൻഡ് ഫോൺ, ടി.വി റീച്ചാർജിംഗ് തുടങ്ങി എല്ലാം ഒരു കുടക്കീഴിൽ എത്തിക്കുന്ന ജിയോ ജിഗാ ഫൈബർ ഉടൻ വിപണിയിലെത്തും.
ഇതിനായി നഗരങ്ങൾക്കു പുറമെ ഗ്രാമങ്ങളിലും ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ വലിച്ചുതുടങ്ങി. ആദ്യഘട്ടത്തിൽ 288 സ്ഥലങ്ങളിൽ തുടങ്ങാനാണ് പദ്ധതി. 50 കേന്ദ്രങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ വലിച്ചു കഴിഞ്ഞു. കൊച്ചി, കൊല്ലം, കോഴിക്കോട് മേഖലയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കുക. ഒറ്റ കണക്ഷനിൽ മൊബൈൽഫോൺ, ലാൻഡ് ഫോൺ ഇന്റെർനെറ്റ്, ടി.വി എന്നിവ ഹൈസ്പീഡിൽ ലഭിക്കുന്ന പദ്ധതിയാണ് റിലയൻസ് ജിയോ ജിഗാ ഫൈബർകണക്ഷൻ അതിവേഗ ഡൗൺലോഡിംഗും നടക്കും. ഒപ്റ്റിക്കൽ ഫൈബർ വഴിയുള്ള കണക്ഷൻ വീടുകളിൽ സ്ഥാപിക്കുന്ന സെറ്റ് ടോപ് ബോക്സിലേക്ക് കൊടുക്കും. അവിടെനിന്ന് ലാൻഡ് ഫോൺ, ടിവി, മൊബൈൽ ഫോൺ, ലാപ്ടോപ്, ഡെസ്ക്ടോപ് എന്നിവയിലേക്ക് വൈഫൈ മുഖാന്തിരം കണക്ഷൻ സാദ്ധ്യമാകും.
പ്രതിമാസം 1100 ജി.ബി. ഡേറ്റയാണ് ലഭിക്കുക. തുടക്കത്തിൽ 100 ജി.ബി. നൽകും. ആവശ്യത്തിനനുസരിച്ച് 45 ജി.ബി. വിതം 1100 ജി.ബി. വരെ ടോപ് അപ് ചെയ്യാം. ഇതിന് ഇപ്പോൾ പണം കൊടുക്കേണ്ടതില്ല. മാസങ്ങൾ കഴിഞ്ഞാവും താരിഫ് തീരുമാനിക്കുക. അതുവരെ സൗജന്യമാണ്. ഒരേസമയം മൊബൈൽ ഫോണുൾപ്പെടെ ഒരു വീട്ടിൽ 44 ഉപകരണങ്ങളിലേക്ക് ഡേറ്റ കൈമാറി ഉപയോഗിക്കാൻ പറ്റും. സ്മാർട്ട് ടി.വിയിലേക്ക് മാത്രമല്ല സാധാരണ ടി.വിയിലേക്കും പ്രത്യേക സംവിധാനത്തിലൂടെ കണക്ഷൻ എത്തിക്കാം. ടി.വി പരിപാടികൾ പിന്നീട് കാണാൻ സേവ് ചെയ്ത് വയ്ക്കാനും സാധിക്കും.
2500 രൂപയ്ക്കുള്ള സെറ്റ് ബോക്സ് സ്ഥാപിക്കണം. ആ പണം പിന്നീട് തിരിച്ചു നൽകും. നിലവിൽ വീടുകളിലുള്ള ലാൻഡ് ഫോണിലും കണക്ഷൻ നൽകാൻ പറ്റും. ലാൻഡ് ഫോണിൽ നിന്ന് നേരിട്ടുപയോഗിക്കുമ്പോൾ നൂറ് എം.ബി.പി.എസ് വരെ വേഗം ലഭിക്കുമ്പോൾ വൈഫൈ വഴി മറ്റുപകരണങ്ങളിലേക്കാവുമ്പോൾ 40 മുതൽ 50 വരെ എം.ബി.പി.എസ് വേഗം ലഭിക്കുന്നു. കേബിൾ ടി.വി, ലാൻഡ് ഫോൺ, ബ്രോഡ്ബാൻഡ് ഇന്റെർനെറ്റ് തുടങ്ങിയവ ഒറ്റ പാക്കെജിലാണ് നൽകുക. കഴിഞ്ഞ വർഷം ആഗസ്റ്റില് ജിഗാഫൈബർ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നെങ്കിലും ഉപയോക്താക്കളിലേക്ക് വാണിജ്യാടിസ്ഥാനത്തിൽ എത്തിയിരുന്നില്ല. ടെസ്റ്റിംഗ് പൂർത്തിയാക്കിയാൽ രാജ്യത്തെ 1600 നഗരങ്ങളിൽ സേവനം ലഭ്യമാക്കും.