ന്യൂഡൽഹി: വിവാദ ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്‌റിന് ഇന്ത്യയിൽ തുടരാനുള്ള കാലാവധി ഒരു വർഷത്തേക്ക് നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലായത്തിന്റേതാണ് തീരുമാനം. സ്വീഡൻ പൗരയായ തസ്ലിമ 2004 മുതൽ ഇന്ത്യയിലാണ് താമസം.
കാലാവധി നീട്ടണമെന്ന് അഭ്യർത്ഥിച്ച് കഴിഞ്ഞയാഴ്ച തസ്ലിമ നസ്‌റിൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ട്വിറ്റ് ചെയ്തിരുന്നു. തുടർന്ന് മൂന്നുമാസത്തേക്ക് കാലാവധി നീട്ടി ഉത്തരവിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഒരു വർഷത്തേക്ക് നീട്ടിനൽകിയത്. അതേസമയം, കാലാവധി നീട്ടിനൽകിയതിൽ നന്ദിയുണ്ടെന്നും 50 വർഷത്തേക്ക് ഇന്ത്യയിൽ തങ്ങാനുള്ള സാഹചര്യമൊരുക്കാമെന്ന് മുൻ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് തനിക്ക് ഉറപ്പുനൽകിയിരുന്നതായും അവർ ട്വിറ്ററിൽ കുറിച്ചു. ഇസ്ലാം വിരുദ്ധത ആരോപിച്ച് ഇസ്ലാം മതമൗലിക വാദികളിൽനിന്നുള്ള ഭീഷണിയെത്തുടർന്നാണ് 1994ൽ തസ്ലിമ ബംഗ്ലാദേശ് വിട്ടത്. ഇന്ത്യയെക്കൂടാതെ അമേരിക്കയിലും യൂറോപ്പിലും ഇവർ താമസിച്ചിട്ടുണ്ട്.