കൊൽക്കത്ത: 2021ൽ നടക്കാനിരിക്കുന്ന പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കൊൽക്കത്തയിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ കൂറ്റൻറാലി. 1993ൽ മമത ബാനർജിയുടെ നേതൃത്വത്തിൽ നടന്ന റാലിക്ക് നേരെ വിക്ടോറിയ ഹൗസിന് പുറത്തുണ്ടായ വെടിവയ്പിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കാനായാണ് ഇന്നലെ റാലി സംഘടിപ്പിച്ചത്.
ലക്ഷക്കണക്കിന് ആളുകളാണ് റാലിയിൽ പങ്കെടുക്കാൻ നഗരത്തിലെത്തിയത്. അതേസമയം, റാലിക്കെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി നേതാക്കളും രംഗത്തെത്തി. റാലിയെ സർക്കസ് എന്നാണ് ബി.ജെ.പി പരിഹസിച്ചത്.
റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ സംസ്ഥാനത്തെ എല്ലാ രക്തസാക്ഷികളെയും അനുസ്മരിച്ച മമത, രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കാനായി പോരാടാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. ബി.ജെ.പിയെ കടന്നാക്രമിച്ചുകൊണ്ടായിരുന്നു മമതയുടെ പ്രസംഗം. തങ്ങളുടെ റാലിയെ തകർക്കാൻ ബി.ജെ.പിയും കേന്ദ്ര സർക്കാരും പരമാവധി ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും മമത ആരോപിച്ചു. ഈ വർഷത്തെ ലോക്‌സഭ തിരഞ്ഞെടുപ്പ് ചരിത്രമല്ല, പകരം നിഗൂഢതതയാണ്. (എ മിസ്റ്ററി, നോട്ട് ഹിസ്റ്ററി) പണവും പൊലീസും ഇലക്ട്രോണിക് വോട്ടിംഗ്മെഷീനും ഉപയോഗിച്ച് ബി.ജെ.പി സംസ്ഥാനത്ത് കടന്നാക്രമണം നടത്തി. ബാലറ്റ് പെട്ടികൾ തിരികെ കൊണ്ടു വരണം. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് എല്ലാം നഷ്ടമാകും. തൃണമൂൽ നേതാക്കളെ ബസിൽനിന്ന് പുറത്തേക്ക് തള്ളണമെന്ന് ഏതോ ഒരു ബി.ജെ.പി നേതാവ് പറഞ്ഞു. ഞങ്ങളും ഇതുപോലെ പ്രതികരിച്ചാൽ നിങ്ങൾക്ക് ചെറുത്തു നിൽക്കാൻ സാധിക്കുമോ.?"- മമത ചോദിച്ചു. കൊൽക്കത്തയിൽ സാധാരണ ഞായറാഴ്ചകളിൽ സർവീസ് നടത്തുന്നതിനെ അപേക്ഷിച്ച് 30 ശതമാനം ട്രെയിനുകൾ മാത്രമേ ഇന്നലെ ഓടിയുള്ളൂവെന്നും റാലിയിൽ പങ്കെടുക്കാനെത്തുന്നവരെ തടയാനാണ് ഇതെന്നും മമത കൂട്ടിച്ചേർത്തു.
അതേസമയം, റാലിക്കായി ആളുകളിൽ നിന്ന് വാങ്ങിയ പണം തൃണമൂൽ നേതാക്കൾ തിരിച്ച് നൽകിയില്ലെങ്കിൽ നേതാക്കളെ ബസുകൾ തടഞ്ഞ് റോഡിൽ വലിച്ചിഴയ്ക്കുമെന്ന് പറഞ്ഞ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ദിലീപ് ഘോഷിനെതിരെ പൊലീസ് കേസെടുത്തു. സുരക്ഷയ്ക്കായി അയ്യായിരത്തോളം പൊലീസുകാരെയാണ് ഇന്നലെ നഗരത്തിൽ അധികമായി വിന്യസിച്ചിരുന്നത്.
തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറാണ് ബംഗാളിൽ 2021ലെ തിരഞ്ഞെടുപ്പിനായി തന്ത്രങ്ങൾ മെനയുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 42 സീറ്റിൽ 18 സീറ്റു നേടി വൻ മുന്നേറ്റമായിരുന്നു സംസ്ഥാനത്ത് ബി.ജെ.പി കാഴ്ചവച്ചത്.
'' 2019ലെ തിരഞ്ഞെടുപ്പിൽ നേർപകുതിയായ പാർട്ടി 2021ൽ തുടച്ചുനീക്കപ്പെടുമെന്ന് കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ ട്വിറ്ററിൽ. ബംഗാളിലെ തൃണമൂലിന്റെ റാലിക്കിടെ ബി.ജെ.പിക്കെതിരെ മമത ആഞ്ഞടിച്ചതിന് പിന്നാലെയാണ് ബാബുൽ സുപ്രിയോയുടെ ട്വീറ്റ്. "