ജീവിതമായാലും മരണമായാലും നിർഭയത്വമായിരുന്നു നിനക്ക് ആദ്യവാക്ക്. സഖാവേ, നീയെന്നെ അങ്ങനെ പഠിപ്പിച്ചിട്ടുള്ളപ്പോൾ ഞാൻ എങ്ങനെ വീണുപോകാൻ.""
സുനിൽ സി. കുര്യൻ
ജനനം : 10-07- 1969
മരണം : 20-07-2019 "
അമ്പതാം പിറന്നാൾ പിന്നിട്ട് പത്താംനാൾ സുനിൽ സി. കുര്യൻ യാത്രയായി. ഭാര്യയും നർത്തകിയുമായ നീന പ്രസാദ് സുനിലിന്റെ മരണശേഷം എഴുതിയ ഫേസ് ബുക്ക് പോസ്റ്റിലെ വാക്കുകളാണ് മുകളിൽ.
വിദ്യാർത്ഥി ജീവിതകാലഘട്ടത്തിൽ എസ്.എഫ്.ഐയുടെ കരുത്തനായ നേതാവായിരുന്നു സുനിൽ സി. കുര്യൻ. ആജാനുബാഹുവായ സുനിലിന്റെ ആകാരം തന്നെയായിരുന്നു മുഖ്യ ആകർഷണം. എസ്.എഫ്.ഐയിലെ ഉറ്റ സഖാക്കൾ സുനിലിനെ അന്ന് സ്നേഹപൂർവ്വം വിളിച്ചിരുന്നതുതന്നെ തടിയനെന്നായിരുന്നു. സമരമുഖത്ത് നിന്നും പിന്തിരിഞ്ഞോടാതെ തലയുയർത്തി നിന്ന ഈ നേതാവ് വിദ്യാർത്ഥികൾക്ക് അതിവേഗം പ്രിയങ്കരനായി. ഒപ്പം നിൽക്കുന്നവരെ അണച്ചുപിടിക്കുന്നതായിരുന്നു സുനിലിന്റെ പ്രകൃതം. പാർട്ടിയിലെ പ്രമുഖ നേതാക്കളുടെ വാത്സല്യം കൂടിയായപ്പോൾ സുനിൽ സംഘടനാരംഗത്തും വളർന്നു. എസ്.എഫ്.ഐയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റും സംസ്ഥാനകമ്മിറ്റി അംഗവുമായി. എസ്.എഫ്.ഐയുടെ ശക്തനായ നേതാവായിരുന്ന തോമസ് എബ്രഹാമിന് ശേഷം ക്രൈസ്തവ വിഭാഗത്തിൽ നിന്നും യുവനിരയിലേക്കുയരാൻ വഴി തെളിഞ്ഞത് സുനിലിന് മുന്നിലായിരുന്നു.
വിദ്യാർത്ഥിരാഷ്ട്രീയത്തിലൂടെ ആ പ്രതീക്ഷകളിലേക്ക് നടന്നടുക്കാൻ സുനിലിന് ഒരു പരിധിവരെ കഴിഞ്ഞെങ്കിലും ഒപ്പം നടന്ന ചില സുഹൃത്തുക്കളുടെ പാലം വലിക്കൽമൂലം സുനിലിനും കാലിടറി. എന്നാൽ പിൽക്കാലത്ത് ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറിയായി തിളങ്ങുകയും ചെയ്തു. പക്ഷേ ആ തിളക്കം പാർട്ടിയിൽ സുനിലിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുകയായിരുന്നു.അധികം വൈകാതെ സുനിൽ സംഘടനാവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സി.പി.എമ്മിൽ നിന്ന് പുറത്തായി. പിന്നീട് ഡി.ഐ.സിയിലും ഒടുവിൽ സി.എം.പിയിലുമെത്തി. ഇതിനിടെ കേരള റെഡ് ക്രോസ് ഘടകത്തിന്റെ ചെയർമാനുമായി. ആരോപണങ്ങളും വിവാദങ്ങളും പ്രതിസന്ധികളും ഒപ്പം രോഗങ്ങളും സുനിലിനെ വേട്ടയാടി. സി.പി.എമ്മിലേക്ക് തിരിച്ചു പോകാൻ സുനിൽ പലപ്പോഴും ആഗ്രഹിച്ചെങ്കിലും അത് നടക്കാതെ പോയി. ഒരിക്കൽ തന്റെ വലംകൈയായി നിന്നിരുന്ന ചിലർ തന്നെയാണ് അതിന് തടയിട്ടതെന്ന് അടുപ്പമുള്ളവരോട് സുനിൽ തന്നെ പറഞ്ഞിട്ടുണ്ട്. ഇതിനിടയിൽ സുനിലിന് ആകെ ആശ്വാസമായത് കോളേജ് പഠനകാലത്തെ കൂട്ടുകാരി നീനാപ്രസാദ് ജീവിതസഖിയായി മാറിയതായിരുന്നു. ലാൽ ജോസ് സംവിധാനം ചെയ്ത ' ക്ളാസ്മേറ്റ്സിന് ' സുനിലിന്റെയും നീനയുടെയും പഠനകാലത്തെ സൗഹൃദവുമായി സാമ്യമുണ്ടായിരുന്നു.
രോഗങ്ങളിൽ നിന്നും സുനിലിന്റെ ജീവിതം തിരിച്ചുപിടിക്കാൻ നീന ഒപ്പം നിന്ന് പൊരുതി. കരൾ മാറ്റിവച്ചെങ്കിലും പൂർണമായും രോഗങ്ങളിൽ നിന്ന് മുക്തനാകാൻ സുനിലിന് കഴിയാതെ പോയി. വിപുലമായ സൗഹൃദമായിരുന്നു സുനിലിന്റേത്. അവിടെ ഗ്രൂപ്പും രാഷ്ട്രീയ വേർതിരിവും ഉണ്ടായിരുന്നില്ല. ഇന്നലെ തിരുവനന്തപുരത്ത് മുറിഞ്ഞപാലത്തെ വസതിയിൽ അന്തിമോപചാരം അർപ്പിക്കാൻ പഴയ സഖാക്കളിൽ നല്ലൊരു പങ്കും എത്തിയിരുന്നു.