grace-one

ടെഹ്റാൻ /ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാക്കി ബ്രിട്ടനും ഇറാനും ഈ മാസം പരസ്പരം പിടിച്ചെടുത്ത രണ്ട് എണ്ണക്കപ്പലുകളിൽ ആറ് മലയാളി ജീവനക്കാർ കുടുങ്ങിയിട്ടുണ്ടെന്ന് അറിവായി. വെള്ളിയാഴ്ച ഹോർമുസ് കടലിടുക്കിൽ ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലും ഈ മാസം ആദ്യം ജിബ്രാൾട്ടർ കടലിടുക്കിൽ ബ്രിട്ടീഷ് നേവി പിടിച്ചെടുത്ത ഇറാൻ എണ്ണക്കപ്പലിലുമാണ് മൂന്ന് മലയാളികൾ വീതം കുടുങ്ങിയിട്ടുള്ളത്.

ബ്രിട്ടീഷ് കപ്പലിലെ 18 ഇന്ത്യൻ ജീവനക്കാരിൽ ക്യാപ്‌ടൻ ഉൾപ്പെടെ മൂന്നു പേരും എറണാകുളം സ്വദേശികളാണ്. കളമശേരി തേക്കാനത്ത് ഡിജോ പാപ്പച്ചനും ഫോർട്ട് കൊച്ചി സ്വദേശിയായ ക്യാപ്‌ടനും തൃപ്പൂണിത്തുറ സ്വദേശിയായ മറ്റൊരാളുമാണ് ഇവർ.

ആഴ്ചകൾക്ക് മുമ്പ് ഡിജോ പാപ്പച്ചൻ മാതാവ് ഡീനയെ വിളിച്ചപ്പോഴാണ് മറ്റ് രണ്ട് പേരുടെ കാര്യം പറഞ്ഞത്. അവരുടെ കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല,
ഞായറാഴ്ച രാത്രി ഒന്നരയോടെയാണ് കപ്പൽ ഇറാൻ പിടിച്ചെടുത്തെന്ന് ഡിജോയുടെ പിതാവ് പാപ്പച്ചനെ മുംബയിലുള്ള ഷിപ്പിംഗ് കമ്പനി അധികൃതർ അറിയിച്ചത്. ആർക്കും കുഴപ്പമില്ലെന്നും വേഗത്തിൽ മോചിപ്പിക്കാമെന്നും അറിയിച്ചു.

ഡിജോ ഒരു മാസം മുമ്പ് മുംബയിൽ നിന്നാണ് കപ്പലിൽ മെസ്‌മാനായി ജോലിക്ക് കയറിയത്. വെള്ളിയാഴ്ച പത്തരയോടെ വീട്ടിലേക്ക് വിളിച്ചിരുന്നു. പിന്നീട് ഫോണിൽ കിട്ടിയില്ലെന്ന് പാപ്പച്ചൻ പറഞ്ഞു. ഷിപ്പിംഗ് കമ്പനിയുമായി ആശയവിനിമയം നടത്തുന്നത് ഡിജോയുടെ ലണ്ടനിലുള്ള സഹോദരി ദീപയാണ്.

മകന്റെ മോചനത്തിനായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പാപ്പച്ചൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് കത്ത് നൽകി. ഹൈബി ഈഡൻ എം.പി. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ, സിപി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവ് എന്നിവർ ഇന്നലെ വസതിയിലെത്തി.


ദുബായിലെ ഫ്യൂജേറാ തുറമുഖത്തു നിന്ന് സൗദിയിലെ ജുബൈൽ തുറമുഖത്തേക്ക് പോകുകയായിരുന്ന സ്‌റ്റെനാ ഇംപേരോയെന്ന ബ്രിട്ടീഷ് എണ്ണക്കപ്പലാണ് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് പിടിച്ചെടുത്തത്. ഇപ്പോൾ ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്ത് നങ്കൂരമിട്ടിരിക്കയാണ്. ഈ കപ്പൽ ജൂൺ 17ന് ഇന്ത്യയിലും എത്തിയിരുന്നു.

ഗ്രേസ് 1ൽ മൂന്ന് മലയാളികൾ

ഈ മാസം ആദ്യം ജിബ്രാൾട്ടർ കടലിടുക്കിൽ ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്ത ഇറാനിയൻ കപ്പൽ ഗ്രേസ് വണ്ണിൽ മൂന്ന് മലയാളികൾ ഉണ്ടെന്ന വിവരവും ഇന്നലെയാണ് പുറത്തുവന്നത്. ഇറാനിലെ ഗ്രേസ് വൺ കമ്പനിയിൽ ജൂനിയർ ഓഫീസറായ മലപ്പുറം വണ്ടൂർ സ്വദേശി കെ.കെ.അജ്‌മൽ, കാസർകോട് സ്വദേശി പ്രജീഷ്, ഗുരുവായൂർ സ്വദേശി റെജിൻ എന്നിവരാണ് കുടുങ്ങിയത്. എല്ലാവരും സുരക്ഷിതരാണെന്ന് അജ്‌മൽ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.

പരോധം ലംഘിച്ച് സിറിയയിലേക്ക് പെട്രോളിയം കടത്തിയെന്നാരോപിച്ചാണ് ഇറാനിയൻ എണ്ണക്കപ്പൽ ബ്രിട്ടൻ പിടിച്ചെടുത്തത്.

''ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ശ്രമം തുടങ്ങി. ഇറാനുമായി ബന്ധപ്പെട്ടു. മോചനത്തിന് കത്തും നൽകി. ഒൗദ്യാേഗികമായി മറുപടി ലഭിച്ചിട്ടില്ല.ആശങ്കപ്പെടേണ്ടതില്ല.''

വി. മുരളീധരൻ,
വിദേശകാര്യ സഹമന്ത്രി