ന്യൂഡൽഹി: ഉത്തർപ്രദേശിലെ സോൻഭദ്രയിൽ നടന്ന വെടിവയ്പിൽ 10 ആദിവാസി കർഷകർ കൊല്ലപ്പെട്ട സംഭവത്തിന്
ഉത്തരവാദികൾ കോൺഗ്രസാണെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വെടിവയ്‌പ് യു.പി സർക്കാരിനെതിരായ വൻ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും പ്രതിപക്ഷത്തിന്റെ കർഷക, ദളിത് വിരുദ്ധ മുഖം വെളിപ്പെടുകയാണ് ഇതിലൂടെയെന്നുമാണ് യോഗിയുടെ ആരോപണം. കേസിലെ പ്രധാന പ്രതികൾ എസ്‍.പി പ്രവർത്തകരാണെന്നും യോഗി ആദിത്യനാഥ് വിമർശിച്ചു. പ്രിയങ്ക ഗാന്ധിയുടെ സന്ദർശനത്തിന് പിന്നാലെ യോഗി ആദിത്യനാഥ് ഇന്നലെ സോൻഭദ്രയിലെത്തി കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കണ്ടു. ഒന്നരമണിക്കൂർ യോഗി കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി ചിലവഴിച്ചു.
സോൻഭദ്രയിലെ വിവാദ ഭൂമി 1955-ൽ ഒരു ട്രസ്റ്റിന് കൈമാറിയതാണ്. എന്നാൽ 1989ൽ അന്നത്തെ കോൺഗ്രസ് സർക്കാർ ഇടപെട്ട് ഭൂമി സ്വകാര്യ വ്യക്തികൾക്ക് നൽകി. ഭൂമി പിടിച്ചെടുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അന്നു മുതലാണ് തുടങ്ങിയതെന്നും ഏറ്റവുമൊടുവിൽ 36 ഏക്കർ ഭൂമി പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് വെടിവയ്പിൽ കലാശിച്ചതെന്നും യോഗി പറഞ്ഞു.
വെടിവയ്പ് കേസിലെ മുഖ്യപ്രതി ഗ്രാമത്തലവനായ യഗ്യദത്ത് സമാജ് വാദി പാർട്ടിയുടെ സജീവ പ്രവർത്തകനാണെന്നും യോഗി ആരോപിച്ചു. പ്രിയങ്കയുടെ പ്രതിഷേധം രാഷ്ട്രീയ മുതലെടുപ്പായിരുന്നുവെന്ന് വിമർശിച്ച യോഗി അവർ മുതലക്കണ്ണീരൊഴുക്കുകയായിരുന്നുവെന്നും പരിഹസിച്ചു. അതേസമയം, മരിച്ചവരുടെ കുടുംബങ്ങൾക്ക് നേരത്തെ പ്രഖ്യാപിച്ച സഹായധനം അഞ്ചിൽ നിന്ന് 18 ലക്ഷമായി ഉയർത്തിയതായി യു.പി സർക്കാർ പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് രണ്ടരലക്ഷം രൂപ വീതവും നൽകും.
''യു.പി മുഖ്യമന്ത്രിയുടെ സോൻഭദ്ര സന്ദർശനം വൈകിയെങ്കിലും അതിനെ സ്വാഗതം ചെയ്യുന്നു. ഇരകൾക്കൊപ്പം നിൽക്കുകയെന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് വൈകിയെങ്കിലും മനസിലാക്കിയത് നന്നായി.
പ്രദേശത്തെ ജനങ്ങളെ ആശ്വസിപ്പിക്കാൻ കോൺഗ്രസ് പ്രവർത്തകരാണ് ആദ്യമെത്തിയത്. അപ്പോൾ മാത്രമാണ് യു.പി സർക്കാർ ഗൗരവമേറിയ സംഭവം നടന്നകാര്യം മനസിലാക്കുന്നത്."
പ്രിയങ്ക ഗാന്ധി