ഒറ്റപ്പാലം: നഗരസഭാ ഓഫീസിലെ മോഷണവുമായി ബന്ധപ്പെട്ട് എസ്.ഐ വിപിൻ കെ. വേണുഗോപാലിനെ സ്ഥലം മാറ്റിയ എസ്.ഐയ്ക്കു പുതിയ ചുമതല നൽകിയില്ല. വെള്ളി രാത്രി തന്നെ ഒറ്റപ്പാലത്തിന്റെ ചുമതല ഒഴിഞ്ഞ് ഇന്നലെ രാവിലെ ജില്ലാ പൊലീസ് ഓഫിസിലെത്താനായിരുന്നു എസ്.ഐ വിപിൻ കെ. വേണുഗോപാലിനു ലഭിച്ച നിർദേശം. അതേസമയം, ഒറ്റപ്പാലത്തേക്കു പകരക്കാരനെ നിയമിച്ചിട്ടുമില്ല.
എന്നാൽ, നഗരസഭ കൗൺസിലർ സുജാതക്കെതിരായ മോഷണക്കുറ്റത്തിൽ നടപടി വൈകിച്ചതിനെ തുടർന്നാണ് സ്ഥലംമാറ്റം എന്നാണ് ജില്ലാ പൊലിസ് മേധാവി അറിയിച്ചിരിക്കുന്നത്. സുജാത കുറ്റസമ്മതം നടത്തിയിട്ടും അറസ്റ്റോ തുടർ നടപടികളോ സ്വീകരിച്ചില്ല എന്നതാണ് എസ്.ഐക്കെതിരേ നടപടിയെടുക്കാൻ കാരണം. ജില്ലാ പൊലിസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയത്.
അതേസമയം, സി.പി.എം അംഗമായിരുന്ന സുജാതയെ സംരക്ഷിക്കാനാണ് സ്ഥലം മാറ്റം എന്ന് ആരോപണമുണ്ട്. മോഷണക്കേസിൽ പ്രതിചേർക്കപ്പെട്ടതിന് പിന്നാലെ ഒറ്റപ്പാലം നഗരസഭ കൗൺസിലറായ സുജാതയെ സി.പി.എമ്മിൽ നിന്ന് പുറത്താക്കിയിരുന്നു. പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ടി. ലതയുടെ ബാഗിൽ നിന്നു 38,000 രൂപ നഷ്ടപ്പെട്ട കേസിൽ അന്വേഷണം 2 സിപിഎം കൗൺസിലർമാരിൽ കേന്ദ്രീകരിക്കപ്പെട്ട ഘട്ടത്തിൽ തന്നെ എഫ്.ഐ.ആർ റദ്ദാക്കാൻ പൊലീസിൽ സമ്മർദം തുടങ്ങിയെന്നാണു വിവരം.
പണം വീട്ടിലെ അലമാരയിൽ നിന്നു തിരിച്ചു കിട്ടിയെന്നും അന്വേഷണം വേണ്ടെന്നുമുള്ള പരാതിക്കാരിയുടെ നിലപാട് പരിഗണിച്ച്, പരാതിയിൽ വസ്തുതയില്ലെന്നു കണക്കാക്കി (മിസ്റ്റേക് ഓഫ് ഫാക്ട്) കേസ് ഒഴിവാക്കാനായിരുന്നു സമ്മർദം. എന്നാൽ, പണത്തിന്റെ കെട്ടെടുത്ത് അതിൽ നിന്നു 2000 രൂപയുടെ മുഷിഞ്ഞ നോട്ട് ബാങ്ക് ജീവനക്കാരനു നൽകി പുതിയതു വാങ്ങി എന്ന സാക്ഷി മൊഴി നിലനിൽക്കെ കേസ് ഒഴിവാക്കാൻ കഴിയില്ല എന്നായിരുന്നു പൊലീസിന്റെ നിലപാട്. കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്.