കൊച്ചി: ജോലിയ്ക്കായി വിദേശത്തേക്ക് ചേക്കേറുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ ഒരുകാലത്ത് മുന്നിലായിരുന്നു കേരളം. ദക്ഷിണേന്ത്യയിലെ മറ്റു സംസ്‌ഥാനങ്ങളും ഇക്കാര്യത്തിൽ പിന്നിലായിരുന്നില്ല. എന്നാൽ, കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നത്, പുതിയ പ്രവാസികളിൽ കേരളത്തിന്റെയും ദക്ഷിണേന്ത്യയുടെയും കുത്തക ഇടിയുന്നു എന്നാണ്.
മന്ത്രാലയത്തിന്റെ 2018ലെ കണക്കനുസരിച്ച് മിത-വൈദഗ്ദ്ധ്യമുള്ള (ലോ സ്‌കിൽഡ് വർക്കേഴ്‌സ്) പുതിയ പ്രവാസികളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്നത് ഉത്തർപ്രദേശും ബിഹാറുമാണ്. അവയാകട്ടെ കേരളം, തമിഴ്‌നാട് എന്നിവയേക്കാൾ ഏറെ മുന്നിലുമാണ്. 2018ൽ 86,273 ലോ സ്‌കിൽഡ് വർക്കേഴ്‌സാണ് ഉത്തർപ്രദേശിൽ നിന്ന് വിദേശത്തേക്ക് ചേക്കേറിയത്. 59,181 ബിഹാറികളും പറന്നു. തമിഴ്‌നാട് (31,588), രാജസ്ഥാൻ (30,272), പശ്‌ചിമ ബംഗാൾ (28,648) എന്നിവയാണ് യഥാക്രമം മൂന്നു മുതൽ അഞ്ചുവരെ സ്ഥാനങ്ങളിലുള്ളത്. കേരളത്തിൽ നിന്ന് ചേക്കേറിയത് 25,000ത്തോളം പേർ മാത്രം.
പക്ഷേ, ഇന്ത്യയിലേക്കുള്ള പ്രവാസിപ്പണത്തിന്റെ മുഖ്യപങ്കും ഒഴുകുന്നത് കേരളത്തിലേക്കാണ്. പ്രവാസിപ്പണത്തിൽ കുത്തക ദക്ഷിണേന്ത്യ കൈവിട്ടിട്ടുമില്ല. റിസർവ് ബാങ്കിന്റെ റിപ്പോർട്ട് പ്രകാരം 2018ൽ ഇന്ത്യയിലെത്തിയ മൊത്തം പ്രവാസിപ്പണത്തിൽ 19 ശതമാനം കേരളത്തിലേക്ക് ആയിരുന്നു. രണ്ടാമതുള്ള മഹാരാഷ്‌ട്രയുടെ വിഹിതം 16.7 ശതമാനം. കർണാടക (15 ശതമാനം), തമിഴ്നാട് (എട്ട് ശതമാനം), ഡൽഹി (5.9 ശതമാനം), ആന്ധ്രപ്രദേശ് (നാല് ശതമാനം), ഉത്തർപ്രദേശ് (3.1 ശതമാനം) എന്നിങ്ങനെയും കഴിഞ്ഞവർഷം പണമൊഴുകി.
ബംഗാൾ (2.7 ശതമാനം), ഗുജറാത്ത് (2.1 ശതമാനം), പഞ്ചാബ് (1.7 ശതമാനം), ബിഹാർ (1.3 ശതമാനം), രാജസ്ഥാൻ (1.2 ശതമാനം), മറ്റു സംസ്‌ഥാനങ്ങൾ (19.3 ശതമാനം) എന്നിങ്ങനെയാണ് റിസർവ് ബാങ്ക് നൽകുന്ന ബാക്കി പ്രവാസിപ്പണ വിഹിതക്കണക്ക്.
ഇന്ത്യൻ കുത്തക
വർഷങ്ങളായി ഇന്ത്യയാണ് പ്രവാസിപ്പണമൊഴുക്കിൽ ഒന്നാംസ്ഥാനത്ത് തുടരുന്നത്.
$7,900 കോടി
ഇന്ത്യയിൽ 2018ൽ എത്തിയ പ്രവാസിപ്പണം 7,860.9 കോടി ഡോളറാണെന്ന് ലോകബാങ്ക് പറയുന്നു. 2017ൽ ഇത് 6,530 കോടി ഡോളറും 2016ൽ 6,270 കോടി ഡോളറുമായിരുന്നു.
$6,700 കോടി
പ്രവാസിപ്പണമൊഴുക്കിൽ 6,700 കോടി ഡോളർ നേടി 2018ൽ ചൈനയായിരുന്നു രണ്ടാമത്. മെക്‌സിക്കോ (3,600 കോടി ഡോളർ), ഫിലിപ്പൈൻസ് (3,400 കോടി ഡോളർ), ഈജിപ്‌ത് (2,900 കോടി ഡോളർ) എന്നിവയാണ് യഥാക്രമം തൊട്ടു പിന്നാലെയുള്ളത്.
വിദേശ ഇന്ത്യക്കാർ
(രാജ്യവും എണ്ണവും)
അമേരിക്ക : 44.6 ലക്ഷം
യു.എ.ഇ : 31 ലക്ഷം
മലേഷ്യ : 29.9 ലക്ഷം
സൗദി : 28.1 ലക്ഷം
മ്യാൻമർ : 20.1 ലക്ഷം
യു.എ.ഇ പ്രിയർ
2018ൽ ഇന്ത്യക്കാർ ഏറ്റവുമധികം ജോലി തേടിപ്പോയത് യു.എ.ഇയിലേക്ക്. കണക്കുകൾ ഇങ്ങനെ:
യു.എ.ഇ : 1.12 ലക്ഷം
സൗദി : 72,399
കുവൈറ്ര് : 57,613
ഒമാൻ : 36,037
ഖത്തർ : 34,471
$1,382 കോടി
കഴിഞ്ഞവർഷം ഇന്ത്യയിലേക്ക് ഏറ്റവുമധികം പ്രവാസിപ്പണം എത്തിയത് യു.എ.ഇയിൽ നിന്നാണ്; 1,382 കോടി ഡോളർ. അമേരിക്കയാണ് 1,171.2 കോടി ഡോളറുമായി രണ്ടാമത്.