kapan-movie

മലയാളത്തിന്റെ നടനവിസ്‌മയം മോഹൻലാലും തമിഴ് സൂപ്പർതാരം സൂര്യയും ഒന്നിക്കുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രം കാപ്പാന്റെ ഓഡിയോ റിലീസ് ചെന്നൈയിൽ അൽപ സമയത്തിനകം. ലാലിന്റെയും സൂര്യയുടെയും സാന്നിധ്യത്തിൽ സൂപ്പർ സ്‌റ്റാർ രജനികാന്താണ് ഓഡിയോ റിലീസ് നടത്തുക. കെ.വി ആനന്ദാണ് ചിത്രത്തിന്റെ സംവിധായകൻ.അയൻ, മാട്രാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം കെ വി ആനന്ദ് – സൂര്യ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് കാപ്പാൻ.

ചിത്രത്തിൽ ഇന്ത്യൻ പ്രൈം മിനിസ്റ്റർ ചന്ദ്രകാന്ത് വർമ്മയായി മോഹൻലാൽ എത്തുമ്പോൾ, സൂര്യ അദ്ദേഹത്തിന്റെ സുരക്ഷാചുമതലയുള്ള ഹൈ റാങ്ക് സെക്യൂരിറ്റി ഓഫീസറായാണ് എത്തുന്നത്. സിനിമയിൽ ഇരുവരുടെയുമൊപ്പം ആര്യ, സയേഷ, ബൊമൻ ഇറാനി, സമുദ്രക്കനി എന്നിവരുമെത്തുന്നു. ലൈക്ക പ്രൊഡക്ഷൻസാണ് നിർമ്മാണം.

രജനിക്ക് പുറമെ സംവിധായകൻ ശങ്കർ, ഗാനരചയിതാവ് വൈരമുത്തു തുടങ്ങിയ പ്രമുഖർ ഓഡിയോ റിലീസിൽ പങ്കെടുക്കും. ഹാരിസ് ജയരാജാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ആഗസ്‌റ്റിൽ സിനിമ റിലീസിനെത്തും.