ചരിത്രവും പ്രകൃതി ഭംഗിയും ഒരുപോലെ ഒന്നിക്കുന്നിടമാണ് പാലക്കാട് ജില്ലയിലെ ശിരുവാണി. കാണാനും അറിയാനും ഏറെയുണ്ട് ഇവിടെ. പാലക്കാട് ജില്ലയിൽ തമിഴ്നാട് സംസ്ഥാനത്തോട് ചേർന്ന്, കൊടും വനത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശമാണിത്. കേരളാ- തമിഴ്നാട് അതിർത്തിയിലാണ് ശിരുവാണി ഡാം. കോയമ്പത്തൂർ ഭാഗത്തേക്ക് ജലം എത്തിക്കുന്നത് ഈ ഡാമിൽ നിന്നാണ്. ഡാം എത്തുന്നതിന് 8 കി.മി മുമ്പിലായി ഇഞ്ചിക്കുന്ന് എന്ന സ്ഥലത്ത് ഒരു ചെക്ക്പോസ്റ്റ് ഉണ്ട്. ചെക്ക് പോസ്റ്റ് വരെ ആൾത്താമസമുള്ള പ്രദേശത്തു കൂടിയാണ് യാത്ര.
റോഡിനിരുവശവും കൃഷിസ്ഥലങ്ങൾ കാണാം. റബ്ബറാണ് ഇവിടങ്ങളിലെ പ്രധാന കൃഷി. കൂടാതെ വാഴ, കപ്പ, ചേമ്പ്, ഇഞ്ചി തുടങ്ങിയവയുമുണ്ട്. ഡാം സന്ദർശനവും കാട്ടിലേക്കുള്ള സവാരിയും കൊടുംവനത്തിൽ പട്യാർ ബംഗ്ലാവിലെ താമസവുമാണ് ഇവിടുത്തെ പ്രധാന വിനോദപരിപാടികൾ. ബ്രിട്ടിഷുകാർ പണിതതാണ് മനോഹരമായ ഈ ബംഗ്ലാവ്. ശിരുവാണിയുടെ പ്രകൃതിയുടെ സൗന്ദര്യം മുഴുവനും ഈ ബംഗ്ലാവിൽ നിന്നാൽ കാണാം. ബംഗ്ലാവിന്റെ മുമ്പിൽ നിന്ന് നോക്കിയാൽ നിറഞ്ഞു കിടക്കുന്ന ജലസമൃദ്ധിയും, പച്ചപ്പിൽ പൊതിഞ്ഞ് നിൽക്കുന്ന മലനിരകളിൽ കൂടി പതഞ്ഞ് താഴേക്ക് പതിക്കുന്ന അരുവികളും, ഇടയ്ക്ക് ഇടയ്ക്ക് വരുന്ന കോടമഞ്ഞും ഒക്കെ ആസ്വദിക്കാം.
ബംഗ്ലാവിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ കൂടി ചെന്നാൽ കേരള - തമിഴ്നാട് അതിർത്തിയായി. കേരളമേട് എന്നാണ് സ്ഥലത്തിന്റെ പേര്. ഇവിടെ നിന്നാണ് ട്രെക്കിംഗ് തുടങ്ങുന്നത്. ട്രെക്കിംഗിന് വരുന്നവർക്ക് രാവിലെ ഒൻപത് മുതൽ വൈകിട്ട് മൂന്നുവരെയാണ് സന്ദർശന സമയം. ഇപ്പോൾ സ്വകാര്യവാഹനങ്ങൾക്കും വനത്തിനുള്ളിലേക്ക് കടന്നുപോകാം. രാത്രി കാലങ്ങളിൽ ആന, കടുവ, മാൻ, കാട്ടുപോത്ത് തുടങ്ങി ഒട്ടേറെ ജീവികൾ ചെക്ക്പോസ്റ്റിന് അടുത്ത് വരുന്നത് ഇവിടത്തെ പതിവ് കാഴ്ചയാണ്. മൂന്നു മണിക്കൂറാണ് വനയാത്ര. പാലക്കാട് - കോഴിക്കോട് ഹൈവേയിൽ മണ്ണാർക്കാട്ടു നിന്ന് ഏകദേശം 10കി.മി പാലക്കാട് ഭാഗത്തേക്ക് യാത്ര ചെയ്ത്, ചിറക്കൽപടി എന്ന സ്ഥലത്തു നിന്നും ഇടത്തേക്ക് തിരിഞ്ഞ്, പാലക്കയം വഴി 18 കി.മി ദൂരം സഞ്ചരിച്ചാൽ ശിരുവാണി ഡാം എത്തും.