ദുബായ്: കലാപ്രകടനം നടത്തുന്നതിനിടെ ഇന്ത്യൻ സ്റ്റാൻഡ്അപ് കൊമേഡിയൻ മഞ്ജുനാഥ് നായിഡു (36) വേദിയിൽ കുഴഞ്ഞുവീണു മരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ദുബായിലെ സ്റ്റേജിൽ പരിപാടി നടത്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മഞ്ജുനാഥ് സമീപമുള്ള ബെഞ്ചിൽ ഇരുന്നതിനു പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. എന്നാൽ, ഇത് പരിപാടിയുടെ ഭാഗമാണെന്നായിരുന്നു ആദ്യം കാണികൾ കരുതിയത്. അബുദാബിയിൽ ജനിച്ച മഞ്ജുനാഥ് പിന്നീട് ദുബായിലേക്ക് താമസം മാറുകയായിരുന്നു.
''മഞ്ജുനാഥായിരുന്നു അവസാനം പരിപാടി അവതരിപ്പിക്കേണ്ടിയിരുന്നത്. സ്റ്റേജിലെത്തിയ മഞ്ജുനാഥ് ആദ്യം തന്റെ കുടുംബത്തെയും പിതാവിനെയും കുറിച്ചു സംസാരിച്ചു. പിന്നാലെ താൻ അനുഭവിക്കുന്ന ഉൽകണ്ഠയെ കുറിച്ച് പറയുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു"– സുഹൃത്തും സഹകലാകാരനുമായ മിഖ്ദാദ് ദോഹദ്‌വാല പറഞ്ഞു.