പാലക്കാട്: ആലത്തൂർ എം.പി രമ്യാ ഹരിദാസിന് കാർ വാങ്ങുന്നത് വിവാദമായ സാഹചര്യത്തൽ തീരുമാനം പുനഃപരിശോധിക്കുന്നതിനായി നാളെ യൂത്ത് കോൺഗ്രസ് യോഗം ചേരും. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിരിവെടുത്ത് കാർവാങ്ങുന്നതിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാമ് യോഗം ചേരുന്നത്.
രമ്യാഹരിദാസിന് കാർ വാങ്ങാൻ ഓരോ നിയോജക മണ്ഡലത്തിൽ നിന്നും രണ്ടുലക്ഷം രൂപ പിരിച്ചെടുക്കാനാണ് യൂത്ത് കോൺഗ്രസിന്റെ ആലത്തൂർ പാർലമെന്റ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചിരുന്നത്. ഇതിനായി 1000 രൂപയുടെ രസീത് കൂപ്പണുകളും അച്ചടിച്ച് വിതരണം ചെയ്തു. ഇക്കാര്യം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പരസ്യമായി എതിർപ്പ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. സാമ്പത്തിക ബാദ്ധ്യതകൾ ഉള്ളതിനാൽ രമ്യ ഹരിദാസിന് കാർ വാങ്ങുന്നതിന് ബാങ്ക് വായ്പ ലഭിക്കില്ലെന്നും അതിനാൽ വാഹനം വാങ്ങി നല്‍കുന്നതിൽ തെറ്റില്ലെന്നുമാണ് യൂത്ത് കോൺഗ്രസുകാർ പറയുന്നത്.