ഇടത്തരമെന്നോ ആഡംബരമെന്നോ വ്യത്യാസമില്ലാതെ, വാഹന ലോകത്തെ ഏത് ബ്രാൻഡിനെയും ഇരുകൈയും നീട്ടി സ്വീകരിച്ചവരാണ് ഇന്ത്യക്കാർ. പ്രമുഖ ജർമ്മൻ ആഡംബര ബ്രാൻഡായ ബി.എം.ഡബ്ള്യുവിന്റെ മോട്ടോർസൈക്കിൾ വിഭാഗത്തിനും ഇന്ത്യയിൽ ലഭിച്ചത് വൻ സ്വീകാര്യതയാണ്. 600-650 സി.സി സ്‌പോർട്‌സ് ബൈക്കുകളിൽ നിന്ന് 'ലിറ്റർ ക്ളാസ്" സൂപ്പർബൈക്ക് ശ്രേണിയിലേക്ക് കൂടേറാൻ ഉദ്ദേശിക്കുന്നവർക്കായി ബി.എം.ഡബ്ള്യു ഒരുക്കിയ പുത്തൻ താരമാണ് എസ് 1000 ആർ.ആർ.
റേസിംഗ് സ്വഭാവം നൽകിയാണ് എസ് 1000 ആർ.ആറിനെ ബി.എം.ഡബ്ള്യു ഒരുക്കിയിരിക്കുന്നത്. ആർ.ആറിന്റെ ഈ പത്താംതലമുറ വേരിയന്റിലേക്ക് എത്തുമ്പോൾ, ഓരോ കമ്പോണന്റിലും കാര്യമായ മാറ്രം ബി.എം.ഡബ്ള്യു വരുത്തിയിട്ടുണ്ട്. ഒറ്റവാചകത്തിൽ, മുൻഗാമികളെ അപേക്ഷിച്ച് കുറഞ്ഞ ഭാരവും ഉയർന്ന പെർഫോമൻസുമാണ് എസ് 1000 ആർ.ആറിന്റെ പ്രത്യേകത. റേസിംഗ് റെഡ് ആൻഡ് ലൈറ്ര് വൈറ്ര്, റേസിംഗ് ബ്ളൂ മെറ്റാലിക്, റേസിംഗ് റെഡ് നിറഭേദങ്ങളിൽ ബൈക്ക് ലഭിക്കും.
സ്‌റ്റാൻഡേർഡ് എൽ.ഇ.ഡി ഹെഡ്‌ലൈറ്റുകൾ ബൈക്കിന് ചലനാത്മകവും ഉത്സാഹപൂർണവുമായ ലുക്ക് നൽകുന്നുണ്ട്. റൈഡിംഗ് പൊസിഷൻ മികച്ച വിധത്തിൽ തന്നെ സജ്ജീകരിച്ചിരിക്കുന്നു.
മുന്നിലെ ഇൻഡിക്കേറ്ററുകളുടെ സ്ഥാനം ഫെയറിംഗിൽ നിന്ന് റിയർവ്യൂ മിററുകളിലേക്ക് മാറ്രിയിട്ടുണ്ട്. ഇത്, ബൈക്കിന് മികച്ച സ്‌റ്രൈൽ നൽകുന്നുവെന്ന് മാത്രമല്ല, റൈഡറുടെ 'വിസിബിലിറ്രി" കൂട്ടുകയും ചെയ്യുന്നു. പിൻഭാഗത്ത്, നമ്പർപ്ലേറ്റ് ലൈറ്റിംഗിന് പുറമേ, പ്ളേറ്ര് ഹോൾഡറിൽ എൽ.ഇ.ഡി ഇൻഡിക്കറ്റേറുകൾ, എൽ.ഇ.ഡി ടെയ്ൽ ലൈറ്റ്, ബ്രേക്ക് ലൈറ്റ് എന്നിവയും സ്ഥാനം പിടിച്ചിട്ടുണ്ട്.
ബൈക്കിലെ 6.5 ഇഞ്ച് ഫുൾ കളർ ടി.എഫ്.ടി ഡിസ്‌പ്ളേയാണ് മറ്രൊരു ആകർഷണം. സ്‌റ്റാൻഡേർഡ്, പ്രൊ, പ്രൊ എം സ്‌പോർട്ട് എന്നീ വേരിയന്റുകളിൽ എസ് 1000 ആർ.ആർ ലഭിക്കും. 18.50 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില. മുൻഗാമിയിൽ നിന്ന് മൂന്നരക്കിലോയോളം കുറച്ച്, 193.5 കിലോഗ്രാമാക്കിയിട്ടുണ്ട് പുതിയ വേരിയന്റിന്റെ ഭാരം. ഇത്, റേസിംഗിനും മികച്ച പെർഫോമൻസിനും അനുകൂലമാണ്. 207 എച്ച്.പി കരുത്തും പരമാവധി 113 എൻ.എം ടോർക്കും ഉത്‌പാദിപ്പിക്കുന്ന 999 സി.സി എൻജിനാണുള്ളത്. മണിക്കൂറിൽ 299 കിലോമീറ്ററാണ് പരമാവധി വേഗം. ഗിയറുകൾ ആറ്. റോഡ്, റെയിൻ, സ്‌പോർട്, ഡൈനാമിക്, റേസ് തുടങ്ങിയ റൈഡിംഗ് മോഡുകളുമുണ്ട്.
മുൻടയറിൽ ട്വിൻ ഡിസ്‌ക് ബ്രേക്കും പിന്നിൽ സിംഗിൾ ഡിസ്‌ക് ബ്രേക്കും കാണാം. ആന്റിലോക്ക് ബ്രേക്കിംഗ് സിസ്‌റ്റത്തിന്റെ (എ.ബി.എസ്) സാന്നിദ്ധ്യവുമുണ്ട്. 16.5 ലിറ്ററാണ് ഇന്ധനടാങ്കിന്റെ ശേഷി. റിസർവ് ഏകദേശം നാല് ലിറ്റർ. രണ്ടുമീറ്റർ നീളവും ഒരുമീറ്രർ ഉയരവും 848 എം.എം വീതിയുമുള്ള വലിയ ബൈക്ക് തന്നെയാണ് എസ് 1000 ആർ.ആർ.