manesh

പാലാ : മീനച്ചിലാറ്റിൽ ഒഴുകിവന്ന തടിപിടിച്ചുകെട്ടുന്നതിനിടെ കിടങ്ങൂർ കാവാലിപ്പുഴ കടവിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഓട്ടോറിക്ഷ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. ചേർപ്പുങ്കൽ കളപ്പുരക്കൽ സെബാസ്റ്റ്യന്റെ മകൻ മനേഷിന്റെ (33) മൃതദേഹമാണ് പുന്നത്തുറ പള്ളിക്കര കടവിൽനിന്ന് കണ്ടുകിട്ടിയത്. വെള്ളിയാഴ്ച വൈകിട്ടാണ് മനേഷിനെ കാണാതായത്. ഇന്നലെ രാവിലെ പതിനൊന്നോടെ പള്ളിക്കര കടവിന് സമീപം തീരത്തെ മരച്ചില്ലയിൽ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം. മീനച്ചിൽ തഹസിൽദാർ വി.എം അഷ്‌റഫിന്റെ നേതൃത്വത്തിൽ നേവിയും ഫയർഫോഴ്‌സും കിടങ്ങൂർ പൊലീസും സംയുക്തമായാണ് തെരച്ചിൽ നടത്തിയത്. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം സംസ്‌കരിച്ചു. അമ്മ: ശാന്ത. സഹോദരങ്ങൾ: മനു, മഞ്ജു.