സ്റ്റെനപിടികൂടിയത് ഇങ്ങനെ...
ടെഹ്റാൻ: സൗദിയിലേക്ക് പോകുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ വെച്ച് ബ്രിട്ടന്റെ എണ്ണകപ്പലായ സ്റ്റെന എംപറോ പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടു. ഇറാൻ സൈന്യമായ റവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള ഫാർസ് വാർത്താ ഏജൻസിയാണ് ശനിയാഴ്ച ദൃശ്യങ്ങൾ പുറത്തുവിട്ടത്.
കടലിടുക്കിൽ സ്പീഡ് ബോട്ടുകളാൽ ആദ്യം കപ്പലിനെ വളഞ്ഞതിനുശേഷം ഹെലികോപ്ടറിൽനിന്ന് കയറുവഴി സേനാംഗങ്ങൾ തോക്കുകളുമായി കപ്പലിലേക്ക് ഇറങ്ങുകയായിരുന്നു. മുഖംമറച്ചാണ് ഇവരെത്തിയതെന്ന് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. മറ്റൊരു സ്പീഡ് ബോട്ടിൽ നിന്ന് പകർത്തിയതാണ് ദൃശ്യങ്ങളാണിവ. രണ്ടാഴ്ച മുമ്പ് ജിബ്രാൾട്ടർ തീരത്ത് നിന്ന് ബ്രീട്ടീഷ് റോയൽ മറൈൻ സിറിയയിലേക്ക് എണ്ണയുമായി പോയ ഇറാനിയൻ കപ്പൽ ഗ്രേസ് വൺ പിടിച്ചെടുത്തതും ഇതേരീതിയിലാണെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, സ്റ്റെന എംപറോയ്ക്ക് ഒപ്പമുണ്ടായിരുന്ന എച്ച്.എം.എസ് മോൺട്രോസ് എന്ന കപ്പൽ അപകടമുന്നറിയിപ്പ് നൽകിയെങ്കിലും, അകലെയായിരുന്നതിനാൽ, പിടിച്ചെടുക്കൽ തടയാൻ കഴിഞ്ഞില്ല.
ഇറാൻ സൈന്യം സ്റ്റെന എംപറയോട്,
''ഞങ്ങൾ പറയുന്നത് അനുസരിക്കുകയാണെങ്കിൽ നിങ്ങൾക്ക് സുരക്ഷിതമായി ഇരിക്കാം"
'' കപ്പലിന്റെ ഗതി 360 ഡിഗ്രി തിരിക്കുക, വേഗം"
'' അന്താരാഷ്ട്ര ജലഗതാഗത നിയമമനുസരിച്ച്, അന്താരാഷ്ട്ര സമുദ്രപാതയിൽക്കൂടിയാണ് നിങ്ങൾ കടന്നുപോകുന്നത്. നിങ്ങളുടെ വഴി ഒരു കാരണവശാലും തടസപ്പെടില്ല. പക്ഷേ, ഞങ്ങൾ പറയുന്നത് അനുസരിക്കുക. "
യഥാർത്ഥത്തിൽ ആരാണ് ഞാൻ?
ഒമാനും ഇറാനുമിടയിലാണ് എന്റെ സ്ഥാനം. ഞാനാണ് ഗൾഫ് രാജ്യങ്ങളിലെ (ഇറാഖ്, കുവൈറ്റ്, സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്) കടൽതീരങ്ങളെ അറബിക്കടലുമായി ബന്ധിപ്പിക്കുന്നത്. എന്റെ മേഖലയിലെ ഏറ്റവും ഇടുങ്ങിയ ഭാഗത്തിന് വെറും 39 കിലോമീറ്റർ വീതിയാണുള്ളത്. ഇരുഭാഗത്തുനിന്നും നോക്കുമ്പോൾ ഷിപ്പിംഗ് പാതകൾ തമ്മിൽ 3 കിലോമീറ്റർ വീതിയേ ഉള്ളൂ.
ഞാനാണ് ഏകമാർഗം
കടലിലൂടെ ചരക്കുകളെയോ ആളുകളെയോ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഏക മാർഗ്ഗം ഞാൻമാത്രമാണ്. എന്നാൽ, അതീവ പ്രശ്നക്കാരനായാണ് എല്ലാവരും എന്നെ കാണുന്നത്. അതുകൊണ്ടാണ് 'പ്രശ്നക്കാരനായ എന്നെ" ഒഴിവാക്കാൻ യു.എ.ഇയും സൗദി അറേബ്യയും കൂടുതൽ എണ്ണ പൈപ്പ് ലൈനുകൾ നിർമ്മിക്കാൻ പോകുന്നത്.
ഞാനൊരു രഹസ്യംപറയാം...
ലോകത്തിലെ ആറിലൊന്ന് എണ്ണ കയറ്റുമതിയും, അതായത് പ്രതിദിനം 17.2 ദശലക്ഷം ബാരൽ, നടക്കുന്നത് എന്നിലൂടെയാണ്. ഓർഗനൈസേഷൻ ഒഫ് പെട്രോളിയം എക്‌സ്‌പോർട്ടിംഗ് കൺട്രീസ് (ഒപെക്) അംഗങ്ങളായ സൗദി അറേബ്യ, ഇറാൻ, യുഎഇ, കുവൈറ്റ് എന്നിവിടങ്ങളിലുള്ള എണ്ണയുടെ ഭൂരിഭാഗവും ഞാനറിഞ്ഞ് മാത്രമേ കടന്നുപോകൂ.
മാത്രമല്ല, ലോകത്തിലെ ഏറ്റവും വലിയ എൽ.എൻ.ജി കയറ്റുമതിക്കാരായ ഖത്തറും കയറ്റുമതിയുടെ ഭൂരിഭാഗവും നടത്തുന്നത് ഞാനറിഞ്ഞുമാത്രമാണ്.