iran

ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലുള്ള ഇന്ത്യക്കാർസുരക്ഷിതരെന്ന് ഇറാൻ അറിയിച്ചതായി കേന്ദ്രമന്ത്രി വി മുരളീധരൻ. കപ്പൽ പിടിച്ചെടുത്ത വിവരം ഇറാൻ ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചതായും മന്ത്രി പറഞ്ഞു. ജീവനക്കാരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

ഇറാൻ പിടിച്ചെടുത്ത കപ്പലിൽ ഇന്ത്യക്കാർ ഉണ്ടെന്ന് അറിഞ്ഞപ്പോൾ തന്നെ ജീവനക്കാരുടെ വിവരങ്ങൾ ലഭ്യമാക്കണമെന്ന് ഇറാനോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യക്കാരുടെ മോചനത്തിനായി വിദേശകാര്യമന്ത്രാലയം നടപടികൾ സ്വീകരിച്ചിരുന്നു. ഇതിന്റെ ഫലമായാണ് കപ്പൽ പിടിച്ചെടുത്ത വിവരം ഇറാൻ ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

കപ്പൽ പിടിച്ചെടുക്കുക മാത്രമാണ് തങ്ങൾചെയ്തിട്ടുള്ളത്. ജീവനക്കാരെ അറസ്റ്റ് ചെയ്തിട്ടില്ല. അവർ കപ്പലിനുള്ളിൽ തന്നെയാണുള്ളത്. അവർ സുരക്ഷിതരാണെന്നുമാണ് ഇറാന്‍ അറിയിച്ചിരിക്കുന്നത്. കപ്പലിലേക്ക് ഇറാൻ ഉദ്യോഗസ്ഥർ കടന്നിട്ടില്ലാത്തതിനാൽ കപ്പലിനുള്ളിലെ ജീവനക്കാരുടെ വിശദാംശങ്ങൾ പങ്കുവെക്കാന്‍ സാധിക്കില്ലെന്നും ഇറാൻ സൂചിപ്പിച്ചിട്ടുണ്ട്. കപ്പൽ പിടിച്ചെടുത്ത കാര്യം ഇറാൻ ഔദ്യോഗികമായി അറിയിച്ച സാഹചര്യത്തിൽ ജീവനക്കാരെ മോചിപ്പിക്കാനുള്ള നടപടികള്‍ വിദേശകാര്യമന്ത്രാലയം ആരംഭിച്ചു.

അതേസമയം ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്ത ഇറാനിയൻ കപ്പൽ ഗ്രേസ് വണ്ണിൽ മൂന്ന് മലയാളികൾ കുടുങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇറാനിലെ ഗ്രേസ് വൺ കമ്പനിയിൽ ജൂനിയർ ഓഫീസറായ മലപ്പുറം വണ്ടൂർ സ്വദേശി കെ.കെ.അജ്‌മൽ, കാസർകോട് സ്വദേശി പ്രജീഷ്, ഗുരുവായൂർ സ്വദേശി റെജിൻ എന്നിവരാണ് ഇവിടെ കുടുങ്ങിയിരിക്കുന്നത്. എന്നാൽ എല്ലാവരും സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അജ്‌മൽ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര വിലക്ക് ലംഘിച്ച് സിറിയയിലേക്ക് പെട്രോളിയം ഉത്പനങ്ങൾ കടത്തിയെന്നാരോപിച്ച് രണ്ടാഴ്‌ച മുമ്പാണ് ജിബ്രാൾട്ടർ കടലിടുക്കിൽ വച്ച് ഗ്രേസ് വൺ ഇറാനിയൻ ടാങ്കർ ബ്രിട്ടീഷ് നാവികസേന പിടികൂടുന്നത്. യൂറോപ്യൻ യൂണിയന്റെ വിലക്ക് മറികടന്ന് എണ്ണ കൈമാറ്റം ചെയ്‌തതിനാണ് കപ്പൽ പിടിച്ചെടുത്തതെന്നാണ് വിശദീകരണം. ഈ കപ്പൽ 30 ദിവസം കൂടി കസ്‌റ്റഡിയിൽ വയ്‌ക്കാൻ ജിബ്രാൾട്ടർ സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ബ്രിട്ടീഷ് കപ്പലായ സ്റ്റെനാ ഇംപേരോ ഇറാൻ പിടിച്ചെടുത്തത്.