karnataka

ബെംഗളൂരു ∙ കർണാടകയിൽ തിങ്കളാഴ്ച തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് രണ്ട് സ്വതന്ത്ര എം.എൽ.എമാർ സുപ്രീംകോടതിയെ സമീപിച്ചു. നാളെ വൈകിട്ട് അ‍ഞ്ചുമണിക്ക് മുൻപ് വിശ്വാസപ്രമേയത്തിൻമേൽ വോട്ടെടുപ്പ് നടത്താൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് എം.എൽ.എമാരായ എച്ച്.നാഗേഷും ആർ.ശങ്കറും സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

അതേസമയം സർക്കാർ വീഴാതിരിക്കാൻ അവസാനവട്ട ശ്രമവുമായി മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി രംഗത്തെത്തി. വിമത എം.എൽ.എമാരോട് സഭയിലെത്താൻ കുമാരസ്വാമി അഭ്യർത്ഥിച്ചു. സഭയിലെത്തി ബി.ജെ.പിയുടെ കുതിരക്കച്ചവടത്തെക്കുരിച്ച് വെളിപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ വീഴാതിരിക്കാൻ എന്തുവിട്ടുവീഴ്ചയ്ക്ക്ും തയ്യാറെന്നും കുമാരസ്വാമി പറഞ്ഞു.

ഇതിനിടെ വിശ്വാസവോട്ടെടുപ്പിൽ കുമാരസ്വാമി സർക്കാരിന് അനുകൂലമായി വോട്ട് നൽകാൻ ബി.എസ്.പി എം.എൽ.എ എൻ. മഹേഷിനോട് മായാവതി ആവശ്യപ്പെട്ടു,​ മഹേഷ് വിശ്വാസ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന് നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു.

തിങ്കളാഴ്ച മുഖ്യമന്ത്രി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് – ജെഡിയു സർക്കാരിന്റെ അവസാനദിനമാകുമെന്ന് പ്രതിപക്ഷ നേതാവ് ബി.എസ്.യെഡിയൂരപ്പ പറഞ്ഞു.

‘എല്ലാം ശുഭമായി പര്യവസാനിക്കുമെന്ന് നൂറു ശതമാനം വിശ്വാസമുണ്ട്. മുംബൈയിലുള്ള എംഎൽഎമാരെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ നിർബന്ധിക്കരുതെന്നും സമ്മേളനത്തിൽ പങ്കെടുക്കണോ എന്നത് അവരാണ് തീരുമാനിക്കേണ്ടതെന്നും ജൂലൈ 17ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പാർട്ടി നൽകുന്ന വിപ്പിന് ഒരു പ്രാധാന്യവുമില്ല. സർക്കാരിനു ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ സുപ്രധാന വിഷയങ്ങളിൽ തീരുമാനമെടുക്കരുതെന്ന് നിർദേശിച്ച് ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.’ – യെഡിയൂരപ്പ പറഞ്ഞു.

വെള്ളിയാഴ്ച രാത്രി 8.20 വരെ ചർച്ച തുടർന്ന ശേഷമാണ് തിങ്കളാഴ്ച രാവിലെ 11നു ചേരാൻ നിയമസഭ പിരിഞ്ഞത്.