asif
ആസിഫ് സുലൈമാൻ

കൊച്ചി: എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ഒമ്പതാം നമ്പർ കോടതി മുറിയിലെ പ്രതിക്കൂട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ട തൃക്കാക്കര മുണ്ടംപാലം അൻസില മൻസിലിൽ ആസിഫ് സുലൈമാനെ (26) സെൻട്രൽ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

2013 ഫെബ്രുവരിയിൽ പാടിവട്ടം അഞ്ചുമന റോഡിലുള്ള സ്കൂട്ടർ ഗാരേജിൽ നിന്ന് മോട്ടോർ സൈക്കിൾ മോഷ്‌ടിച്ച് പൊളിച്ച് പാർട്സുകളായി വില്പന നടത്തിയ സംഭവത്തിൽ പാലാരിവട്ടം പൊലീസെടുത്ത കേസിലെ ഒന്നാം പ്രതിയായിരിന്നു ആസിഫ്‌. ഈ കേസിലെ വിചാരണ നടപടികൾക്ക് പലവട്ടം സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്ന ആസിഫിനെതിരെ മജിസ്ട്രേട്ട് കോടതിയിൽ നിന്ന് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതോടെ കഴിഞ്ഞ ജൂലായ് മൂന്നിന് അഭിഭാഷകനൊപ്പം കോടതിയിൽ ഹാജരായി. ആസിഫിനെ റിമാൻഡ് ചെയ്യുന്നതിനുള്ള നടപടികൾ മജിസ്ട്രേട്ട് എടുത്തതോടെ പ്രതിക്കൂട്ടിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് സെൻട്രൽ പൊലീസ് കേസെടുക്കുകയായിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ തൃക്കാക്കരയിൽ നിന്നാണ് പിടികൂടിയത്.

തൃക്കാക്കര ഉൾപ്പെടെയുള്ള പൊലീസ് സ്റ്റേഷനുകളിൽ മയക്കുമരുന്ന്, പിടിച്ചുപറി കേസുകളിലും ഇയാൾ പ്രതിയാണ്. എറണാകുളം അസി.കമ്മിഷണർ കെ. ലാൽജി, സെൻട്രൽ ഇൻസ്‌പെക്ടർ എസ്. വിജയശങ്കർ, എസ്. ഐമാരായ വിബിൻദാസ്, സുനുമോൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.