pinarayi-vijyaan

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ സംഘർഷങ്ങളുടെ പേരിൽ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന കെ.എസ്‌.യുവിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കെ.എസ്‌.യുക്കാർ സമരം നടത്തുന്നത് എന്തിനാണെന്ന് ഇതുവരെയും മനസിലായില്ലെന്ന് അദ്ദേഹം പറഞ്ഞു. കോളേജ് അവിടെ പ്രവർത്തിക്കരുത് എന്നാണ് ആവശ്യമെങ്കിൽ അത് നടക്കില്ല. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ശ്രമിച്ചിട്ട് നന്നില്ല. ഇക്കാലത്ത് ഒട്ടും നടക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ കെ.എസ്‌.യു സമരത്തെ വിമർശിച്ച് ഡി.വൈ.എഫ്‌.ഐയും രംഗത്ത് വന്നിരുന്നു. യൂണിവേഴ്‌സിറ്റി കോളജിലെ അക്രമസംഭവത്തിന്റെ പേരിൽ കോൺഗ്രസ് സംസ്ഥാനത്ത് കലാപം അഴിച്ചുവിടുന്നുവെന്ന് ഡി.വൈ.എഫ്‌.ഐ ആരോപിച്ചു.

കെ.എസ്‌.യു നടത്തുന്ന സമരം ജനങ്ങളോടുളള വെല്ലുവിളിയെന്നും ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ആരോപിച്ചു. യുക്തിസഹമായ ഒരു മുദ്രാവാക്യവും ഇവര്‍ മുന്നോട്ടുവെയ്ക്കുന്നില്ല. എന്ത് ആവശ്യം ഉന്നയിച്ചാണ് ഇവര്‍ സമരം നടത്തുന്നത്?, ഇവരുടെ ഡിമാന്‍ഡ് എന്താണ്?, പ്രത്യേകിച്ച് ഒരു കാര്യവുമില്ലാതെയാണ് ഇവർ സമരം നടത്തുന്നതെന്നും റഹീം ആരോപിച്ചു. യൂണിവേഴ്സിറ്റി കോളജ് പ്രശ്നത്തിന്റെ മറവില്‍ കലാപം അഴിച്ചുവിടാനാണ് കോണ്‍ഗ്രസ് പദ്ധതി. കോളേജ് വീണ്ടും തുറക്കുന്ന ദിവസമായ നാളെ വ്യാപക അക്രമം അഴിച്ചുവിടാനാണ് തീരുമാനമെന്നതിന് തെളിവാണ് കെ.എസ്.യു സമരപ്പന്തലിലെ കെ.സുധാകരന്റെ പ്രഖ്യാപനമെന്നും റഹീം പറഞ്ഞു.