കൊച്ചി: 39ാമത് സംസ്ഥാന സബ്ജൂനിയർ ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ചാമ്പ്യൻമാരായി. ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ തിരുവനന്തപുരത്തെ പെനാൽറ്റി ഷൂട്ടൗട്ടിൽ (6-5) തോല്പിച്ചാണ് കോഴിക്കോട് കിരീടമുയർത്തിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം നേടി ഒപ്പത്തിനൊപ്പം നിന്നു.
കളിയുടെ ഒമ്പതാം മിനിട്ടിൽ എബിൻ ദാസിലൂടെ തിരുവനന്തപുരമാണ് ലീഡ് നേടിയത്. എന്നാൽ അവസാന മിനിട്ടിൽ റഹാഫ് അൽ അബീസിലൂടെ ഗോൾ മടക്കി കോഴിക്കോട് മത്സരം സമനിലയിലാക്കി. റഹാഫിന് പുറമെ രെഹാൻ രാജീവ്, ദേവാംഗ്.പി, അൻസാഫ് പി.പി, സന്ദീപ്.കെ എന്നിവർ പെനാൽറ്റി ഷൂട്ടൗട്ടിൽ ലക്ഷ്യം കണ്ടതോടെ ചാമ്പ്യൻഷിപ്പ് കോഴിക്കോട് നേടി. രാവിലെ നടന്ന ലൂസേഴ്‌സ് ഫൈനലിൽ എറണാകുളത്തെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോല്പിച്ച് കാസർകോട് മൂന്നാം സ്ഥാനക്കാരായി.