ന്യൂഡൽഹി: പൊതുമേഖലയിലെ ഏക വിമാനക്കമ്പനിയായ എയർ ഇന്ത്യ പുതിയ നിയമനങ്ങളും ജീവനക്കാരുടെ പ്രമോഷനും നിറുത്തലാക്കുന്നു. എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും കേന്ദ്രസർക്കാരിന്റെ സ്വന്തമാണ്. നിലവിൽ 50,000 കോടി രൂപയോളം കടബാദ്ധ്യതയുള്ള എയർ ഇന്ത്യയെ വിറ്റൊഴിയാൻ കേന്ദ്രം നടത്തുന്ന നീക്കത്തിന്റെ മുന്നോടിയായാണ് നിയമനങ്ങളും പ്രമോഷനുകളും ഒഴിവാക്കുന്നത്.

ഓഹരി വിറ്റൊഴിയൽ നടപടികൾ ഉടൻ തുടങ്ങാനാണ് സർക്കാരിന്റെ നീക്കം. ഇതിന്റെ ഭാഗമായി, ജൂലായ് 15 വരെയുള്ള അക്കൗണ്ട് ബുക്ക് ക്ളോസ് ചെയ്യാൻ കമ്പനിയോട് സർക്കാർ നിർദേശിച്ചിരുന്നു. ഈ അക്കൗണ്ട് ബുക്ക് വിലയിരുത്തിയാകും ഓഹരി വില്‌പനയ്ക്കായുള്ള താത്പര്യപത്രങ്ങൾ ക്ഷണിക്കുക. എയർ ഇന്ത്യയിൽ ഏകദേശം 10,000 സ്ഥിരം ജീവനക്കാരുണ്ട്. അതേസമയം, നിയമനങ്ങളും പ്രമോഷനുകളും ഒഴിവാക്കുന്നത് സംബന്ധിച്ച് എയർ ഇന്ത്യ സ്ഥിരീകരിച്ചിട്ടില്ല.

അടുത്ത നാല് മുതൽ അഞ്ചുമാസത്തിനകം എയർ ഇന്ത്യയെ വിറ്റൊഴിയാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 2018ൽ എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികൾ വിറ്രഴിക്കാൻ സർക്കാർ ശ്രമിച്ചെങ്കിലും ഏറ്റെടുക്കാൻ ആരും വന്നിരുന്നില്ല. 24 ശതമാനം ഓഹരികൾ സർക്കാരിന്റെ കൈവശം തുടരുമെന്നതും കമ്പനിയുടെ വൻ കടബാദ്ധ്യതയുമാണ് വില്‌പന പാളാൻ കാരണമായത്. സർക്കാരുമായി ചേർന്ന് കമ്പനിയെ നിയന്ത്രിക്കാൻ നിക്ഷേപകർ താത്പര്യപ്പെടുന്നില്ലെന്ന് ഇടപാട് ഉപദേശകരായ ഏൺസ്‌റ്ര് ആൻഡ് യംഗ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് 100 ശതമാനം ഓഹരികളും വിറ്റഴിക്കാൻ സർക്കാർ തീരുമാനിച്ചത്.