ആലപ്പുഴ: മുൻമന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർട്ടിന്റെ നികുതി സർക്കാർ വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടർന്ന് ആലപ്പുഴ നഗരസഭ സെക്രട്ടറി ജഹാംഗീർ നീണ്ട അവധിയിൽ പ്രവേശിച്ചു. ഐ.ഐ.ടി മുംബയിൽ പഠനത്തിനായി പോകുകയാണെന്നും രണ്ടുവർഷം സ്റ്റഡി ലീവിലായിരിക്കുമെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റിൽ സെക്രട്ടറി വിശദീകരിച്ചിട്ടുള്ളത്. ഒന്നരവർഷം പൂർത്തിയാക്കിയാണ് ആലപ്പുഴയിൽ നിന്നു പോകുന്നതെന്നും ആലപ്പുഴയെ കുറിച്ച് നല്ല ഓർമകൾ മാത്രമാണുള്ളതെന്നും ഇവിടെ നിന്നും ലഭിച്ച അനുഭവങ്ങൾ മറക്കാൻ കഴിയില്ലെന്നും ജഹാംഗീർ തന്റെ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. എന്നാൽ ലേക് പാലസ് വിഷയത്തിൽ നഗരസഭാ ഭരണസമിതിയെ എതിർത്ത് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് സ്വയം ബോധ്യപ്പെട്ടതിനാലാണ് സെക്രട്ടറി അവധിയിൽ പ്രവേശിച്ചതെന്ന് നഗരസഭാ ചെയർമാൻ തോമസ് ജോസഫ് 'കേരളകൗമുദി'യോടു പറഞ്ഞു.
ലേക്ക് പാലസിന്റെ നിയമ ലംഘനങ്ങൾക്കെതിരെ ശക്തമായി നിലപാട് എടുത്ത ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം. എന്നാൽ റിസോർട്ടിലെ അനധികൃത നിർമ്മാണങ്ങൾക്ക് ഏർപ്പെടുത്തിയ നികുതിയും പിഴയും വെട്ടിക്കുറയ്ക്കണമെന്ന സർക്കാർ ഉത്തരവ് വന്നതോടെ സെക്രട്ടറി സമ്മർദ്ദത്തിലായിരുന്നു. ഉത്തരവ് നടപ്പാക്കണമെന്ന് സർക്കാരും നടപ്പാക്കരുതെന്ന് നഗരസഭയിലെ ഭരണപക്ഷവും വാദിച്ചു. ഒടുവിൽ സർക്കാർ സമ്മർദ്ദത്തിനു വഴങ്ങി സെക്രട്ടറി ഉത്തരവ് നടപ്പാക്കി. സെക്രട്ടറിയെ സസ്പെൻഡ് ചെയ്യണമെന്ന് ഭര
ണപക്ഷം ഇതിനിടെ സർക്കാരിന് ശുപാർശയും നൽകി. ലേക്ക് പാലസ് വിഷയത്തിൽ സർക്കാരും നഗരസഭയുമായി തർക്കം തുടങ്ങിയത് മുതൽ സെക്രട്ടറി അവധിയിലായിരുന്നു.
രണ്ടുവർഷത്തെ അവധി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം തദ്ദേശവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ജഹാംഗീർ അപേക്ഷ നൽകി. സെക്രട്ടറിയുടെ ആവശ്യം സർക്കാർ അംഗീകരിച്ചു. അടുത്ത ദിവസം നഗരസഭയിൽ എത്തി പകരം ഉദ്യോഗസ്ഥന് സെക്രട്ടറിയുടെ ചുമതല കൈമാറും.