literature

വായനയിൽ ആനന്ദം കണ്ടെത്തുന്നവർക്ക് കാശുകൊടുക്കാതെ നിരവധി പുസ്തകങ്ങൾ ലഭ്യമാക്കുന്ന നിരവധി വെബ്സൈറ്റുകൾ ഉണ്ടെന്ന് എത്രപേർക്കറിയാം. പഠനആവശ്യങ്ങൾക്കുൾപ്പെടെ ഫിക്ഷനും നോൺ ഫിക്ഷനും ഉൾപ്പെടെയുള്ള പുസ്തകങ്ങൾ ഈ വെബ്സൈറ്റുകളിൽ നിന്ന് ലഭിക്കും. വില്യം ഷേക്സ്പിയർ മുതൽ മുതൽ പുതിയ എഴുത്തുകാരുടെ വരെ നോവലുകളും കഥകളും വരെ ഇങ്ങനെ ലഭിക്കും. ചില പുസ്തകങ്ങളുടെ കോപ്പിറൈറ്റ് അവകാശം കഴിഞ്ഞതിനാലും, ചില എഴുത്തുകാര്‍ ഇനി കാശു വാങ്ങേണ്ട എന്നു കരുതിയതിനാലുമാണ് ഇവ സൗജന്യമായി ലഭിക്കുന്നത്. വിക്കിബുക്‌സിലാകട്ടെ നിങ്ങൾക്ക് വായിക്കാനും എഡിറ്റു ചെയ്യാനും കഴിയുന്ന പുസ്തകങ്ങളും ഉണ്ട്. ചില പുസ്തകങ്ങൾക്ക് വിലയിട്ടിട്ടില്ലെങ്കിലും. ചിലതിന്റെ അവകാശം എഴുത്തുകാരന്‍ കൈവശം വച്ചിട്ടുണ്ടാകാം.

1. പ്രൊജക്ട് ഗുട്ടൻബർഗ്

ഫ്രീ ഇ ബുക്കുകളുടെ ശേഖരമാണ് പ്രൊജക്ട് ഗുട്ടൻബർഗ് (Project Gutenberg) എന്ന വെബ്സൈറ്റിലുള്ളത്. 53,000ലേറെ പുസ്തകങ്ങൾ വായനക്കാർക്ക് ലഭ്യമാകും. പുസ്തകം നേരിട്ടോ അവ നിങ്ങളുടെ ക്ലൗഡ് സ്‌റ്റോറേജിലേക്ക് അയച്ച ശേഷമോ വായിക്കാനാകും. പുസ്തകത്തിന്റെയോ എഴുത്തുകാരന്റെയോ പേര് ഉപയോഗിച്ച് സേർച്ച് ചെയ്യാനുള്ള സംവിധാനവും ഇതിലുണ്ട്. പക്ഷേ ഫിക്ഷനും നോൺഫിക്ഷനും ഇതിൽ വേർതിരിച്ചിട്ടില്ല എന്നത് ഒരു ന്യൂനതയാണ്. ഇംഗ്ലീഷ് അടക്കം അഞ്ചു ഭാഷകളിൽ വെബ്സൈറ്റ് ലഭ്യമാക്കിയിട്ടുണ്ട്. അക്കാഡമിക് പുസ്തകങ്ങളുടെ വൻ ശേഖരമുണ്ടെങ്കിലും അവയിൽ ചിലതിന് അമേരിക്കയ്ക്കു പുറത്ത് കോപ്പിറൈറ്റ് പ്രശ്‌നങ്ങളുണ്ട്. വെബ്‌സൈറ്റിന്റെ വിലാസം : https://www.gutenberg.org/

ആമസോൺ ചീപ് റീഡ്‌സ് ഫോർ കിൻഡ്ൽ

ആമസോൺ കിൻഡ്ൽ ഇ–റീഡർ വർഷങ്ങളായി ഉപയോഗിക്കുന്നവർക്ക് പോലും അത്രയേറെ പരിചിതമില്ലാത്ത ഒന്നാണ് ആമസോൺ ചീപ് റീഡ്‌സ് ഫോർ കിൻഡ്ൽ (Amazon Cheap Reads for Kindle). ആമസോണിന്റെ തന്നെ കീഴിലുള്ളതാണിത്. കോപ്പിറൈറ്റ് ഇല്ലാത്ത ക്ലാസിക്കുകൾ മുതൽ തങ്ങളുടെ പുസ്തകങ്ങളുടെ ഡിജിറ്റൽ പതിപ്പുകൾ ഫ്രീ ആയി നൽകാൻ തീരുമാനിച്ച എഴുത്തുകാരുടെ പുസ്തകങ്ങൾ വരെ വായനക്കാരനെ കാത്തിരിക്കുന്നു. വില നല്‍കേണ്ട ചില പുസ്തകങ്ങളും ഇവിടെയുണ്ട് .

വായനക്കാരുടെ റേറ്റിംഗ് അടിസ്ഥാനമാക്കിയാണ് ഇവിടെ പുസ്തകങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്. പുസ്തകങ്ങൾ മുഴുവൻ കിൻഡ്ൽ ഫോർമാറ്റിലാണുള്ളത്. എന്നാൽ ഇവ വായിക്കാൻ കിൻഡ്ൽ ഇ റീഡർ വാങ്ങേണ്ട കാര്യമില്ല. കിൻഡ്ൽ ആപ്പ്, ഐ.ഒ.എസ് ആപ് സ്റ്റോറിൽ നിന്നോ, പ്ലേ സ്റ്റോറിൽ നിന്നോ ഡൗൺലോഡ്ചെയ്ത് ഫോണിലോ ടാബിലോ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാം. ലിങ്ക്: https://amzn.to/2Y39gFq

ഫ്രീ-ഇബുക്‌സ് ഡോട് നെറ്റ്

സ്വതന്ത്ര എഴുത്തുകാരുടെ ഒരു കൂട്ടായ്മയിൽ ഉടലെടുത്ത സംരംഭമാണ് ഫ്രീ -ഇ ബുക്‌സ് ഡോട്ട് നെറ്റ് (Free-Ebooks.net). പുതിയ നോവലുകളുടെയും ലേഖനങ്ങളുടെയും ഓഡിയോ ബുക്‌സിന്റെയുമൊക്കെ ശേഖരമാണ് ഇവിടെ ലഭ്യമാക്കിയിരിക്കുന്നത്. മിക്ക ദിവസങ്ങളിലും പുതിയ പുസ്തകങ്ങൾ ചേർക്കപ്പെടുന്നു എന്നതും ഈ വെബ്‌സൈറ്റിന്റെ പ്രത്യേകതയാണ്. ഇവിടെ ഫ്രീ പുസ്തകങ്ങൾ മാത്രമേയുള്ളു. വിവിധ ഗണങ്ങളിലായി പുസ്തകങ്ങളെ ആദ്യപേജിൽ തന്നെ അവതരിപ്പിച്ചിട്ടുമുണ്ട്. ഇമെയിൽ സൈൻ അപ് വേണമെന്നുള്ളതാണ് ഒരു ന്യൂനത. വെബ്‌സൈറ്റിലേക്കുള്ള ലിങ്ക് : https://www.free-ebooks.net/

ഗൂഗിൾ പ്ലേബുക്‌സ്

ഗൂഗിളിന്റെ സ്വന്തം ബുക്ക്സ്റ്റോറാണ് ഗൂഗിൾ പ്ലേബുക്‌സ്. നിരവധി ഫ്രീ പുസ്തകങ്ങൾ അടങ്ങുന്നതാണിത്. വെബ് ബ്രൗസറിൽ നിന്നോ ആൻഡ്രോയിഡ് ഒ.എസിൽനിന്നോ ഇതിലേക്ക് പ്രവേശിക്കാം. ഗൂഗിൾ അക്കൗണ്ട് ഉണ്ടെങ്കിൽ മാത്രമേ പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യാനാകൂ. ക്രെഡിറ്റ് കാർഡും രജിസ്റ്റർ ചെയ്യണം എന്നത് പുസ്തകപ്രേമികളെ പലപ്പോഴും ഇതിൽ നിന്ന് അകറ്റുന്നു. പുസ്തകങ്ങളെ തരം തിരിക്കുന്ന ഒരു മെനു പോലും ഇതുവരെയും കമ്പനി നല്‍കിയിട്ടില്ല എന്നതും നിരാശാജനകമാണ്. ഇവിടെ ലഭ്യമായ മിക്ക ഫ്രീ ബുക്കുകളും രചയിതാവു തന്നെ പബ്ലിഷു ചെയ്തവയാണ്. ഷെയ്ക്‌സ്പിയറുടെ പുസ്തകങ്ങളുടെ സമ്പൂർണ എഡിഷനു പോലും വില നല്‍കണം.

വിക്കിബുക്‌സ്

കഥയും നോവലും തിരഞ്ഞെത്തുന്നവര്‍ വിക്കിബുക്‌സിലേക്കു (Wikibooks) കടക്കേണ്ട. അറിവു പങ്കുവയ്ക്കലാണ് വിക്കിബുക്‌സ് എന്ന ആശയത്തിനു പിന്നിൽ. വിക്കിപിഡിയയ്ക്കു പിന്നിലുള്ള ആശയം ഉപയോഗിച്ചു ചെയ്തിരിക്കുന്ന ഒന്നാണിത്. തുറന്ന കണ്ടെന്റ് ഉള്ള ടെക്സ്റ്റ് ബുക്കുകളാണ് ഇവിടെ ലഭ്യമാക്കിയിരിക്കുന്നത്. ഇവ ആർക്കും എഡിറ്റു ചെയ്യാം. വസ്തുതകൾ അടുക്കി വച്ചു സൃഷ്ടിച്ച വിക്കിപീഡിയ ലേഖനങ്ങളെ പോലെയല്ലാതെ ഇവിടെയുള്ള ആശയങ്ങൾ അധ്യായങ്ങളായി വേർതിരിച്ചിരിക്കുകയാണ്. വിഷയാധിഷ്ഠിതമായ സേർച്ചുകൾ നടത്താം. ഏതു പേജും പി.ഡി.എഫ് ആയി ഡൗൺലോഡ് ചെയ്യുകയും ആകാം. മറ്റു ഫോർമാറ്റുകൾ സപ്പോർട്ട് ചെയ്യുന്നില്ല. വെബ്‌സൈറ്റ് : https://bit.ly/2dAO83L