ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടങ്ങളുടെ ശില്പി സീസർ പെല്ലി (92)വിടവാങ്ങി. വെള്ളിയാഴ്ച്ച ന്യൂ ഹാവനിലെ വീട്ടിൽ വച്ചായിരുന്നു മരണം. ലോകപ്രശസ്ത ഇരട്ട ഗോപുരമായ മലേഷ്യയിലെ പെട്രൊണാസ് ടവറിന്റെ ആർക്കിടെക്ടായിരുന്നു സീസർ പെല്ലി.
യേൽ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ആർക്കിടെക്ചറിലെ ആദ്യകാല ഡീൻ ആയിരുന്നു പെല്ലി. മലേഷ്യയിലെ ക്വാലാലംപൂരിലുള്ള പെട്രൊനാസ് ടവറാണ് പെല്ലിയുടെ മികച്ച പ്രൊജക്റ്റുകളിൽ ഒന്ന്. ലോകത്തിലെ തന്നെ ഏറ്റവും ഉയരമേറിയ അംബരചുബികളിലൊന്നായ പെട്രൊനാസ് ടവറിന്റെ ഉയരം 1483 അടിയാണ്. 1998ൽ നിർമ്മിച്ച 88 നിലകളുള്ള ഇരു ടവറുകളെയും തമ്മിൽ ബന്ധിപ്പിച്ച് കുറുകെ ഒരു പാലവും നിർമ്മിച്ചിരുന്നു.
സ്റ്റീലും വെനീറും ഗ്ലാസും സ്റ്റോണുമൊക്കെ ചേർന്ന നിർമ്മാണശൈലിയായിരുന്നു പെല്ലിയുടേത്. ആകാശം മുട്ടി നില്‍ക്കുന്ന നിർമ്മിതികളോടായിരുന്നു അദ്ദേഹത്തിന് താത്പര്യം. എന്തുകൊണ്ട് അംബരചുംബികൾ നിർമ്മിക്കുന്നു എന്ന ചോദ്യത്തിന് അവ ആകാശവുമായി സംഭാഷണം നടത്തുന്നവയാണെന്നും അതു മനോഹരമായി അവതരിപ്പിക്കലാണ് ഒരു ആർക്കിടെക്ടിന്റെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കോസ്റ്റാ മെസ്സയിലെ പ്ലാസാ ടവറും ടോക്കിയോയിലെ എൻ.ടി.ടി ആസ്ഥാനവും സാൻഫ്രാൻസിസ്‌കോയിലെ സേൽസ്‌ഫോഴ്‌സ് ടവറും വേൾഡ് ഫിനാൻഷ്യൽ സെന്റർഎന്നറിയപ്പെടുന്ന ബ്രൂക്ഫീൽഡ് പ്ലേസും മാൻഹട്ടനിലെ അംബരചുംബിയുമൊക്കെ പെല്ലിയുടെ പ്രശസ്ത പ്രൊജക്റ്റുകളാണ്. പെട്രൊനാസ് ടവർ നിർമിച്ചതിന് 2004ൽ ആഗാ ഖാന്‍ പുരസ്‌കാരം ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങളും ഇദ്ദേഹം സ്വന്തമാക്കിയിരുന്നു.