binoy-kodiyeri

മുംബയ്: തനിക്കെതിരായ ലൈംഗിക പീഡനക്കേസിൽ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകി. ജൂലായ് 24ന് ഹർജി പരിഗണിക്കും. യുവതി നൽകിയ ലൈംഗിക പീഡന പരാതിയിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ബുധനാഴ്ചയാണ് ബിനോയ് കോടതിയെ സമീപിച്ചത്.

യുവതിയുടെ മൊഴിയിലെ വൈരുദ്ധ്യവും പരാതിയുമായി പൊലീസിനെ സമീപിക്കാനുണ്ടായ കാലതാമസവുമാണ് ഹർജിയിൽ ബിനോയ് ചൂണ്ടിക്കാണിക്കുന്നത്. കേസ് കെട്ടിച്ചമച്ചതാണെന്നാണ് ബിനോയ് കോടിയേരിയുടെ വാദം. ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും തനിക്ക് ബിനോയിൽ ഒരു കുട്ടിയുണ്ടെന്നും ബീഹാർ സ്വദേശിയായ യുവതി പരാതിയിൽ പറഞ്ഞിരുന്നു.

കേസന്വേഷണവുമായി ബന്ധപ്പെട്ട് ഡി.എൻ.എ ടെസ്റ്റ് നടത്താൻ പൊലീസ് മുമ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞാഴ്ച ഓഷിവാര പൊലീസ് സ്റ്റേഷനിലെത്തിയ ബിനോയ് തനിക്ക് അസുഖമാണെന്നും അതിനാൽ സാമ്പിൾ ശേഖരിക്കുന്നത് മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.