ന്യൂഡൽഹി: ഭക്ഷണം നിറയ്ക്കുന്നതിനായി എത്തിയപ്പോഴാണ് ഇറാനിയൻ കപ്പലായ 'ഗ്രേസ് 1'നെ ബ്രിട്ടീഷ് സേന പിടികൂടിയതെന്ന് കപ്പലിൽ കുടുങ്ങിയ മലയാളി കെ.കെ. അജ്മൽ. ജിബ്രാൾട്ടർ സുപ്രീം കോടതിയാണ് തങ്ങളുടെ മോചനത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കുക എന്നും മലപ്പുറം വണ്ടൂർ ചെട്ടിയാറമ്മൽ സ്വദേശിയും ഗ്രേസ് 1 കമ്പനിയിലെ ജൂനിയർ ഓഫീസറുമായ അജ്മൽ വീട്ടുകാരെ അറിയിച്ചു.
നിലവിൽ 30 ദിവസത്തേക്ക് കപ്പൽ പിടിച്ചുവയ്ക്കാനാണ് ജിബ്രാൾട്ടർ സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തിലാണ് കപ്പൽ ബ്രിട്ടൻ പിടിച്ചെടുക്കുന്നത്. മൂന്ന് ലക്ഷം ടൺ ക്രൂഡ് ഓയിലുമായി സിറിയയിലേക്ക് പുറപ്പെട്ട ഇറാനിയൻ കപ്പലിനെ ബ്രിട്ടന്റെ കൈവശമുള്ള മേഖലയായ ഗിബ്രാൾട്ടറിന്റെ തീരത്ത് നിന്നും മാറിയാണ് ബ്രിട്ടീഷ് നാവിക സേന പിടികൂടുന്നത്. മേയ് 13ന് യു.എ.ഇയിലെ ഫുജൈറയിൽ നിന്നുമാണ് കപ്പൽ പുറപ്പെട്ടത്.
18,000 കിലോമീറ്ററും, 25 രാജ്യങ്ങളും താണ്ടി ഈ മാസം നാലിന് കപ്പൽ ജിബ്രാൾട്ടർ തീരത്ത് എത്തിയപ്പോഴാണ് കപ്പൽ ബ്രിട്ടന്റെ കസ്റ്റഡിയിലാകുന്നത്. കപ്പൽ ജീവനക്കാരുടെ പാസ്പോർട്ട് മൊബൈൽ ഫോൺ, എന്നിവയും ബ്രിട്ടീഷ് സേന ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു. ഒരാഴ്ച മുൻപ് തന്റെ ഫോൺ തിരികെ ലഭിച്ചപ്പോഴാണ് അജ്മലിന് കുടുംബവുമായി ബന്ധപ്പെടാൻ സാധിച്ചത്. ഇത്രയും നാളായിട്ടും കേന്ദ്ര സർക്കാർ ഏജൻസികളൊന്നും ബന്ധപ്പെട്ടിട്ടില്ലെന്നും അജ്മലിന്റെ ബന്ധുക്കൾ പറയുന്നു.