ഋഷികേശിന്റെ ഭാര്യ നിമിഷ രണ്ടുവയസ്സുള്ള തന്റെ കുഞ്ഞിനെ ഉറക്കുന്ന തിരക്കിലായിരുന്നു...
പെട്ടെന്ന് വാതിലിൽ തട്ടുകേട്ടപ്പോൾ അവൾക്കു ദേഷ്യം വന്നു. ഇത്രയും നേരം വഴക്കുണ്ടാക്കിയിട്ട് അവൻ ഉറങ്ങാൻ തുടങ്ങുന്നതേ ഉള്ളായിരുന്നു.
അവന്റെ കണ്ണുകൾ ഇടയ്ക്കിടെ അടഞ്ഞു തുടങ്ങിയിട്ടുണ്ട്.
''നാശം... ഈ നേരത്ത് ആരാ?"
പിറുപിറുത്തുകൊണ്ട് അവൾ കുഞ്ഞിനെ എടുത്ത് തോളിലിട്ടു.
പിന്നെ വന്ന് വാതിൽ തുറന്നു.
സിറ്റൗട്ടിൽ ആരെയും കണ്ടില്ല.
നിമിഷ ചുറ്റും നോക്കി. എങ്ങും കനത്ത നിശ്ശബ്ദത മാത്രം!
പിന്നെ വാതിലിൽ തട്ടിയത് ആര്?
അല്പനേരം കൂടി ശങ്കയോടെ അവൾ അവിടെത്തന്നെ നിന്നു.
വാതിലിൽ തട്ടു കേട്ടു എന്നുള്ളത് നേരു തന്നെ!
കാറ്റടിച്ച് വാതിലിൽ ശബ്ദം കേട്ടതല്ല. തോളിൽ കുട്ടി ഒന്നനങ്ങി.
അവന്റെ പുറത്ത് മൃദുവായി തട്ടിക്കൊണ്ട് നിമിഷ വീണ്ടും അകത്തു കയറി വാതിൽ അടച്ചു.
വീണ്ടും ബെഡ്‌റൂമിൽ ചെന്നു. അവനെ അരുകിൽ ചേർത്തു കിടത്തി.
അല്പനേരത്തിനുള്ളിൽ കുട്ടി ഉറങ്ങി.
അടുത്ത നിമിഷം കോളിംഗ് ബൽ ശബ്ദിച്ചു.
''ഛേ..." നിമിഷ എഴുന്നേറ്റു.
കുഞ്ഞ് ഉണരരുതേ എന്ന പ്രാർത്ഥനയോടെ സിറ്റിംഗ് റൂമിൽ എത്തി. വീണ്ടും കോളിംഗ് ബൽ ശബ്ദിക്കുന്നു.
പുറത്തുള്ളത് ആരാണെങ്കിലും നല്ല നാലു ശകാരം നൽകണം എന്ന ഉദ്ദേശ്യത്തോടെയാണു വാതിൽ തുറന്നത്.
പെട്ടെന്ന്...
അതുവരെ തെളിഞ്ഞു നിന്നിരുന്ന ലൈറ്റുകൾ അണഞ്ഞു.
നിമിഷ ഒന്നു ഞെട്ടി.
ഇരുട്ടിൽ, തൊട്ടുമുന്നിൽ കൂരിരുട്ടിന്റെ
ഒരു കട്ട ചലിക്കുന്നതായി അവൾക്കു തോന്നി.
''ആരാ?"
നിമിഷയുടെ ശബ്ദം വിറച്ചു.
മറുപടി ഉണ്ടായില്ല.
പകരം ആരോ അവളെ പുറത്തേക്കു വലിച്ചെറിഞ്ഞു.
സിറ്റൗട്ടിലെ കൈവരിയിൽ തട്ടി നിമിഷ മുറ്റത്തേക്കു വീണു...
തന്റെ നട്ടെല്ല് ഒടിഞ്ഞതുപോലെ തോന്നി നിമിഷയ്ക്ക്. അവിടെ നിന്ന് എഴുന്നേൽക്കുവാൻ അവൾ പാടുപെട്ടു.
ആ ക്ഷണം വാതിൽ വലിച്ചടയ്ക്കുന്ന ഒച്ച കേട്ടു...
ആരോ വീടിനുള്ളിൽ കയറിയിട്ടുണ്ട്. നിമിഷയ്ക്ക് അത് ബോദ്ധ്യമായി.
അപ്പോൾ ലൈറ്റുകൾ വീണ്ടും തെളിഞ്ഞു.
അടഞ്ഞുകിടക്കുന്ന വാതിൽ നിമിഷയുടെ കണ്ണിലുടക്കി.
വല്ല വിധേനയും അവൾ സിറ്റൗട്ടിൽ എത്തി. വാതിലിൽ തള്ളിനോക്കി. അത് അകത്തുനിന്ന് കൊളുത്തിട്ടിരിക്കുകയാണ്!
നമിഷ വാതിലിൽ ശക്തിയായി തട്ടി.
''തുറക്ക്... വാതിൽ തുറക്കാൻ... ആരാ അകത്ത്?"
പ്രതികരണമില്ല!
പെട്ടെന്ന് കുഞ്ഞിന്റെ നിലവിളി.
അടുത്ത സെക്കന്റിൽ അത് നിലച്ചു. നിമിഷയുടെ തലച്ചോറിൽ ഒരു മിന്നൽ പുളഞ്ഞു.
അവൾ വീണ്ടും വീണ്ടും വാതിലിൽ ആഞ്ഞാഞ്ഞടിച്ചു. കോളിംഗ് ബൽ അമർത്തി.
ഋഷികേശിനെ വിളിക്കണമെങ്കിൽ ഫോൺ മുറിക്കുള്ളിലുമാണ്!
നിമിഷ അടുത്ത വീട്ടിലേക്കോടി. അവരോടു വിവരം പറഞ്ഞു.
തൊട്ടടുത്ത രണ്ടുമൂന്നു വീടുകളിൽ നിന്ന് ആളുകളെത്തി.
''വാതിൽ പൊളിക്കണം."
ഒരാൾ പറഞ്ഞു.
''പൊളിക്ക്... എന്റെ കുഞ്ഞ്...."
നിമിഷ വിലപിച്ചു.
ചെറുപ്പക്കാരായ രണ്ടുപേർ വാതിലിൽ ആഞ്ഞാഞ്ഞു ചവുട്ടി.
പലതവണയായപ്പോൾ വാതിലിന്റെ കൊളുത്തിളകി.
ശരവേഗത്തിൽ നിമിഷ അകത്തേക്കോടി. ബാക്കിയുള്ളവർ പിന്നാലെ...
തന്റെ കിടപ്പുമുറിയിലെത്തിയ നിമിഷ സ്തബ്ധയായി...
അവിടെ മകൻ ഇല്ല!
''മോനേ...." അവളുടെ അലർച്ച മുറിക്കുള്ളിൽ വിറച്ചു പ്രതിധ്വനിച്ചു.
മറ്റുള്ളവർ ഓരോ മുറിയും കയറിയിറങ്ങി. ഒരിടത്തും കുട്ടിയില്ല!
പെട്ടെന്ന് ഒരാൾ കണ്ടു....
അടുക്കളയിൽ നിന്നു പുറത്തേക്കുള്ള വാതിൽ തുറന്നുകിടക്കുന്നു!
''കുഞ്ഞിനെയും കൊണ്ട് ഈ വഴിയായിരിക്കും പോയിരിക്കുക..."
വിളിച്ചു പറഞ്ഞുകൊണ്ട് അയാൾ പുറത്തുചാടി.
മറ്റുള്ളവരും ചേർന്ന് പരിസരമാകെ അരിച്ചുപെറുക്കുവാൻ തുടങ്ങി.
താൻ ഇപ്പോൾ താഴെ വീഴും എന്നു തോന്നി നിമിഷയ്ക്ക്.
അവൾ ഋഷികേശിനെ വിളിക്കാനായി സെൽഫോൺ തിരഞ്ഞു.
അതും അപ്രത്യക്ഷമായിരിക്കുന്നു!
നിമിഷ ലാന്റ് ഫോണിന് അടുത്തേക്ക് ഓടി...
നിലമ്പൂർ പോലീസ് സ്റ്റേഷൻ.
തന്റെ ക്യാബിനിൽ വിശ്രമിക്കുകയായിരുന്നു സി.ഐ ഋഷികേശ്.
അനന്തഭദ്രനും ബലഭദ്രനും രണ്ടാം നിലയിൽ വെറും മാംസക്കഷണങ്ങളായി കിടക്കുന്നതു കണ്ടിട്ടാണ് അയാൾ ക്യാബിനിലേക്കു മടങ്ങിയത്.
എം.എൽ.എ ശ്രീനിവാസ കിടാവ് അല്പം മുൻപാണ് പോയത്.
സംതൃപ്തിയോടെ ഋഷികേശ് ഒരു സിഗററ്റിനു തീ കൊളുത്തി.
തമ്പുരാക്കന്മാർ!
നാളെ അവരെ കോടതിയിൽ ഹാജരാക്കണം. ആറുമാസത്തിൽ കൂടുതൽ അവർ ഇനി ഈ ഭൂമുഖത്ത് ഉണ്ടാവില്ല എന്ന് ഉറപ്പ്.
വീട്ടിലേക്കു പോയാലോ എന്ന് ഋഷികേശ് ചിന്തിച്ചു.
ആ നിമിഷം സെൽഫോൺ ഇരമ്പി.
ഋഷികേശ് ഫോൺ എടുത്തു നോക്കി.
നിമിഷ കാളിംഗ്...
താൻ വൈകുന്നതുകൊണ്ട് വിളിക്കുന്നതാവും.
കാൾ അറ്റന്റു ചെയ്തു.
''ഹലോ..."
അപ്പുറത്തുനിന്ന് ആദ്യം കേട്ടത് ഒരു കരച്ചിൽ...
ഒരു കൊച്ചു കുഞ്ഞിന്റെ...!
ഋഷികേശിന്റെ തലച്ചോറിൽ ഒരു ഇടിമിന്നലുണ്ടായി...
(തുടരും)