imran-khan

വാഷിംഗ്ടൺ : അമേരിക്ക കരിംപട്ടികയിൽ പെടുത്തിയ ഭീകരൻ ഹാഫിസ് സെയിദിനെ അറസ്റ്റ് ചെയ്ത്, മദ്രസകളിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടുമെന്ന് പ്രഖ്യാപിച്ചും ഭീകരവാദത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നുവെന്ന സന്ദേശം നൽകിയിട്ടാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അമേരിക്കയിലേക്ക് പറന്നത്. സാമ്പത്തിക അരക്ഷിതാവസ്ഥയിൽ നട്ടം തിരിഞ്ഞിരിക്കുന്ന പാകിസ്ഥാന് അമേരിക്കയുടെ സഹായം കൂടിയേ തീരു. എന്നാൽ ഏറെ പ്രതീക്ഷയോടെ അമേരിക്കയിലേക്ക് പറന്ന ഇമ്രാൻ ഖാന്റെ വിമാനം ഡാലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിലം തൊട്ടപ്പോൾ സ്വീകരിക്കാൻ ട്രംപ് ഭരണകൂടത്തിലെ ആരും എത്തിയില്ല. പ്രോട്ടോകോൾ പ്രകാരം പേരിന് ഒരു ഉയർന്ന അമേരിക്കൻ ഉദ്യോഗസ്ഥൻ മാത്രമാണ് എത്തിയത്. പാക് പ്രധാനമന്ത്രിക്ക് ലഭിച്ച തണുപ്പൻ പ്രതികരണം രാജ്യാന്തര മാദ്ധ്യമങ്ങളടക്കം വാർത്തയാക്കിയിരിക്കുകയാണ്.

രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുന്നതിനാൽ ചാർട്ടേഡ് വിമാനം ഒഴിവാക്കി ഖത്തർ എയർവേസിന്റെ വിമാനത്തിലാണ് അദ്ദേഹം അമേരിക്കയിലെത്തിയത്. ആഢംബര ഹോട്ടലിലെ താമസം ഒഴിവാക്കി ചെലവ് ചുരുക്കലിന്റെ ഭാഗമായി അമേരിക്കയിലെ പാക് സ്ഥാനപതിയുടെ ഔദ്യോഗിക വസതിയിലാകും പാക് പ്രധാനമന്ത്രി അന്തിയുറങ്ങുന്നത്. ചെലവ് ചുരുക്കലിന്റെ മാതൃകകളായി ഇമ്രാൻ ഖാന്റെ അമേരിക്കൻ യാത്രയെ പാക് മാദ്ധ്യമങ്ങൾ വാഴ്ത്തുമ്പോൾ അദ്ദേഹത്തിന് നേരിട്ട അപമാനത്തെകുറിച്ചുള്ള വാർത്തകളാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ചർച്ചയായത്. ഇന്നാണ് പാക് പ്രധാനമന്ത്രിയും അമേരിക്കൻ പ്രസിഡന്റും തമ്മിലുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. പാക് പ്രധാനമന്ത്രിക്കൊപ്പം സൈനിക, ഐ.എസ്.ഐ മേധാവിമാരും കൂടിക്കാഴ്ചയിൽ സംബന്ധിക്കുന്നുണ്ട്. ഇതാദ്യമായാണ് ഇത്തരത്തിൽ പാക് പ്രധാനമന്ത്രിയ്‌ക്കൊപ്പം സൈനിക, ഐ.എസ്.ഐ മേധാവിമാർ ചർച്ചയ്‌ക്കെത്തുന്നത്. പാക് ഭരണകൂടത്തിൻ മേൽ സൈന്യത്തിനുള്ള വർദ്ധിച്ച സ്വാധീനത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.

ഭീകരതയ്‌ക്കെതിരെ പോരാടാൻ അമേരിക്ക നൽകിയ ശതകോടികൾ ഭീകര പ്രസ്ഥാനങ്ങളെ വളർത്താൻ പാകിസ്ഥാൻ ഉപയോഗിക്കുന്നതായി ആരോപണമുയർന്നിരുന്നു. ഇതിനെ തുടർന്ന് ഇത്തരം സാമ്പത്തിക സഹായങ്ങൾ അമേരിക്ക നിർത്തലാക്കിയിരുന്നു. പാക് മണ്ണിൽ പ്രവർത്തിക്കുന്ന ഭീകര പ്രസ്ഥാനങ്ങളെ കുറിച്ചുള്ള നിർണായക വിവരങ്ങൾ നിരവധി തവണ ഇന്ത്യ അമേരിക്കയ്ക്ക് കൈമാറിയിരുന്നു. ബലാക്കോട്ടിൽ മറ്റൊരു രാജ്യത്തിന്റെ മണ്ണിൽ കയറി ബോംബ് വർഷിച്ചിട്ടും ഇന്ത്യയുടെ ഭാഗത്ത് അമേരിക്ക നിലകൊണ്ടത് ഈ തെളിവുകൾ കാരണമാണ്. ഇത് കൂടാതെ ചൈനയുമായി ഊഷ്മള ബന്ധം പാക് സർക്കാർ കാത്തുസൂക്ഷിക്കുന്നതും ട്രംപ് ഭരണകൂടത്തിന് അനിഷ്ടമുളവാക്കുന്ന സംഭവമാണ്. അമേരിക്കയിൽ കാലുകുത്തിയപ്പോഴുള്ള അപമാനം ട്രംപുമായി സംസാരിക്കുമ്പോൾ മാറുമോ എന്ന ആകാംക്ഷയിലാണ് പാകിസ്ഥാനും, രാജ്യാന്തര മാദ്ധ്യമങ്ങളും ഉറ്റുനോക്കുന്നത്.