ലോകകപ്പിനിടെ നിബന്ധനകൾ പാലിക്കാതെ ഭാര്യയെ ഒപ്പം താമസിപ്പിച്ച സീനിയർ ഇന്ത്യൻ താരത്തിനെതിരെ നടപടിയുണ്ടായേക്കുമെന്ന് സൂചന.15 ദിവസം മാത്രം ഭാര്യമാരെ ഒപ്പം താമസിപ്പിക്കാമെന്നാണ് ബി.സി.സി.ഐയുടേയും സി.ഒ.എയുടേയും നിബന്ധന. എന്നാൽ ഇത് കാറ്റിൽ പറത്തി ലോകകപ്പ് തുടങ്ങിയതു മുതൽ കുടുംബത്തെ ഒപ്പം താമസിപ്പച്ചതായാണ് റിപ്പോർട്ട്.
ഈ താരം സി.ഒ.എയോട് നേരത്തേ ഭാര്യയെ ഒപ്പം താമസിപ്പിക്കാൻ അനുമതി തേടിയിരുന്നു. എന്നാൽ അനുമതി നൽകിയിരുന്നില്ല. ഈ സംഭവത്തിന് ശേഷം പരിശീലകന്റെയും ക്യാപ്റ്റന്റെയും അനുമതി കൂടാതെയാണ് ഇത്തരത്തിൽ സീനിയർ താരം ഭാര്യയെ ഒപ്പം താമസിപ്പിച്ചതെന്നും റിപ്പോർട്ടുണ്ട്.
അതേസമയം ബാക്കിയുള്ള മറ്റ് താരങ്ങളുടെ ഭാര്യമാർ നിബന്ധനകൾ അനുസരിച്ച് നിശ്ചിത ദിവസത്തിന് ശേഷം ഇഗ്ലണ്ടിലെത്തുകയും 15 ദിവസത്തിന് ശേഷം മാറി താമസിക്കുകയും ചെയ്തിരുന്നു. കളിക്കാരുടെ ഭാര്യമാർ ഒപ്പം താമസിക്കുന്നത് കളിയെ മോശമായി ബാധിക്കുമെന്നതിനാലാണ് ഇത്തരത്തിലൊരു നിബന്ധന വച്ചത്.
മുതിർന്ന താരം തന്നെ നിബന്ധന തെറ്റിച്ചതിനാൽ കടുത്ത നടപടി ഉണ്ടായേക്കുമെന്ന് സൂചനയുണ്ട്. അതേസമയം ഏത് കളിക്കാരനാണ് നിയമം തെറ്റിച്ചതെന്ന കാര്യം പുറത്ത് വിട്ടിട്ടില്ല. പുറത്ത് നിന്നുള്ള സന്ദർശകർ കടുത്ത നിരീക്ഷണത്തിലായിരിക്കുമെന്നതിനാൽ ഇതക്കാര്യത്തിൽ ഇന്ത്യയുടെ അട്മിനിസ്ട്രേറ്റീവ് മാനേജർ സുനിൽ സുബ്രഹ്മണ്യത്തിനും തെറ്റ് പറ്റിയിട്ടുണ്ട്. മത്സരത്തിൽ സെമി ഫൈനലിൽ ന്യൂസിലൻഡിനോട് തോറ്റ് ഇന്ത്യ ലോകകപ്പിൽ നിന്ന് പുറത്തായിരുന്നു.