prithviraj-mallika

സിനിമയാണ് തന്റെ അഭിനിവേശം എന്നുപറഞ്ഞപ്പോൾ പോടാ..എന്നല്ല അമ്മ തന്നോട് പറഞ്ഞതെന്ന് നടൻ പൃഥ്വിരാജ്. ഒരുപാട് കാശ് മുടക്കിയാണ് തന്റെ അമ്മ ഇന്ത്യയ്‌ക്ക് പുറത്തുള്ള ഒരു കോളേജിൽ പഠിക്കാൻ തന്നെ അയച്ചത്. പഠിച്ചുകൊണ്ടിരിക്കെ അത് പാതിവഴിയിൽ ഉപേക്ഷിച്ച്,​ സിനിമയാണ് എന്റെ അഭിനിവേശം എന്നു പറഞ്ഞപ്പോൾ,​ പോടാ എന്നല്ല,​ നിനക്കതാണ് പാഷനെങ്കിൽ രണ്ട് വർഷം നീ കോളേജിൽ പഠിച്ചതെല്ലാം വിട്ടേക്ക് എന്നാണ് അമ്മ തന്നോട് പറഞ്ഞതെന്ന് പൃഥ്വി പറഞ്ഞു. എറണാകുളം ലോക്‌സഭ മണ്ഡലത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കായി ഹൈബി ഈഡൻ എം.പി ഏർപ്പെടുത്തിയ മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു പൃഥി. എറണാകുളം സെന്റ് തെരേസാസ് കോളേജിലായിരുന്നു ചടങ്ങ്.

പൃഥ്വിരാജിന്റെ വാക്കുകൾ-

'ഞാൻ പന്ത്രണ്ടാം ക്ളാസും ഗുസ്‌തിയുമാണ്. സ്‌കൂൾ പഠനത്തിന് ശേഷം കോളേജ് പഠനം പൂർത്തിയാക്കുന്നതിന് മുമ്പു തന്നെ അത് നിറുത്തി സിനിമാ അഭിനയത്തിലേക്ക് വരികയും ചെയ്‌ത ഒരു വ്യക്തിയാണ്. അതുകൊണ്ട് ഒരു അക്കാദമിക് കരിയർ പിന്തുടരണമെന്ന് ആഗ്രഹിക്കുന്ന ആർക്കും ഞാൻ ഒരു ഉത്തമ ഉദാഹരണമല്ല എന്നു കരുതുന്ന ആളാണ് ഞാൻ. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും നമുക്ക് മുന്നിൽ ഒരു ദൗത്യമുണ്ടാകും. എനിക്ക് മുന്നിലുള്ള ദൗത്യം ഞാൻ ഇപ്പോൾ അഭിനയിക്കുന്ന സിനിമയിൽ നന്നായി അഭിനയിക്കുക എന്നതാണ്'. തന്നിരിക്കുന്ന അക്കാദമിക് മെറ്റീരിയിൽ നന്നായി പഠിച്ച് അതിൽ നൈപുണ്യം നേടുക എന്നതാണെന്ന് നിങ്ങളുടെ കടമയെന്ന് പൃഥ്വി വിദ്യാർത്ഥികളോട് പറഞ്ഞു.

ഇഷ്‌ടമുള്ള തൊഴിൽ തിരഞ്ഞെടുക്കാൻ കഴിഞ്ഞതിൽ താൻ ഏറെ ഭാഗ്യവാനാണെന്ന് പൃഥ്വി പറഞ്ഞു. ഒരുപാട് കാശ് മുടക്കിയാണ് തന്റെ അമ്മ ഇന്ത്യയ്‌ക്ക് പുറത്തുള്ള ഒരു കോളേജിൽ പഠിക്കാൻ തന്നെ അയച്ചത്. പഠിച്ചുകൊണ്ടിരിക്കെ അത് പാതിവഴിയിൽ ഉപേക്ഷിച്ച്,​ സിനിമയാണ് തന്റെ അഭിനിവേശം എന്നു പറഞ്ഞപ്പോൾ,​ പോടാ എന്നല്ല,​ നിനക്കതാണ് പാഷനെങ്കിൽ രണ്ട് വർഷം നീ കോളേജിൽ പഠിച്ചതെല്ലാം വിട്ടേക്ക് എന്നാണ് അമ്മ തന്നോട് പറഞ്ഞത്. എല്ലാവർക്കും അതുപോലുള്ള രക്ഷകർത്താക്കൾ ഉണ്ടാകട്ടെയെന്നും താരം വിദ്യാർത്ഥികൾക്ക് താരം ആശംസ നേർന്നു'. പുതിയ അവസരങ്ങൾ ഉപയോഗപ്പെടുത്താൻ പാകത്തിലുളള വിദ്യാഭ്യാസ രീതിയല്ല നമ്മുടെ നാട്ടിൽ നിലനിൽക്കുന്നതെന്നും പൃഥി വിമർശിച്ചു.