പാലക്കാട്: പാലക്കാട്ടുനിന്നും ചെന്നൈയിലേക്കുള്ള എക്സ്‌പ്രസ് ട്രെയിൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതു തലനാരിഴയ്‌ക്ക്. അപകടത്തിൽപ്പെടാൻ കാരണം മറ്റൊന്നുമല്ല. റെയിൽവേ ട്രാക്കിൽ കല്ലുകൾ കൂട്ടിയിട്ട് അതിൽ ഇരുന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മദ്യപിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് 4.30നു പൊള്ളാച്ചി സ്റ്റേഷനിൽനിന്നു ചെന്നൈയിലേക്കു പുറപ്പെട്ട എക്സ്പ്രസ് ട്രെയിൻ മാക്കി നാംപട്ടി മിൻ നഗർ ഭാഗത്ത് എത്തിയപ്പോൾ റെയിൽ പാളത്തിൽനിന്നു വൻ ശബ്ദം കേട്ട ലോക്കോ പൈലറ്റ് ട്രെയിൻ നിറുത്തി ഇറങ്ങി പരിശോധിച്ചു. അപ്പോഴാണ് പാളത്തിൽ കല്ലുകളും മദ്യക്കുപ്പികളും കണ്ടെത്തിയത്. തുടർന്ന് മധുര ഡിവിഷനിൽ വിവരമറിയിയിക്കുകയായിരുന്നു.
തുടർന്ന് റെയിൽ പാളത്തിൽ കല്ലുകൾ കൂട്ടിയിട്ട് ഇരുന്നു മദ്യപിച്ച മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാർ സ്വദേശികളായ കോട്ടാ ലാൽറാം (39), ലാൽജി മാജി (36), നാഗേന്ദ്ര മാജി (33) എന്നിവരാണ് അറസ്റ്റിലായത്. റെയിൽവേ സൂപ്രണ്ട് സരോജ് കുമാർ താഗൂറിന്റെ നിർദേശപ്രകാരം റെയിൽവേ പൊലീസ് സംഭവ സ്ഥലത്ത് എത്തി. നാട്ടുകാർ നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ മൂന്നുപേരെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ഇവർ കുറ്റം സമ്മതിച്ചത്.
അറസ്റ്റിലായ മൂവരും മാക്കിനാംപട്ടിയിലെ സ്വകാര്യ ഓയിൽ കമ്പനി ജീവനക്കാരാണ്. മദ്യം വാങ്ങി റെയിൽ പാളത്തിൽ എത്തുകായിരുന്നു ഇവർ. ഇരുന്നു മദ്യപിക്കാൻ സൗകര്യത്തിനു സമീപത്തുള്ള കല്ലുകൾ പെറുക്കിവച്ചു. കല്ലുകളും മദ്യക്കുപ്പിയും പാളത്തിൽ തന്നെ ഉപേക്ഷിച്ചു പോയി. ട്രെയിൻ കയറിയപ്പോൾ കല്ലു പൊട്ടിച്ചിതറിയതിനാലാണു ട്രെയിൻ അപകടത്തിൽനിന്നു രക്ഷപ്പെട്ടതെന്നു റെയിൽവേ അധികൃതർ പറഞ്ഞു.