ബംഗളുരു: കർണാടകയിൽ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് ഉറപ്പ് നൽകി വിധാൻ സഭ സ്പീക്കർ കെ.ആർ രമേശ് കുമാർ. മുഖ്യമന്ത്രി അവതരിപ്പിച്ച വിശ്വാസപ്രമേയത്തിന്മേലുള്ള എല്ലാ നടപടികളും ഇന്ന് തന്നെ പൂർത്തിയാക്കുമെന്നും സ്പീക്കർ അറിയിച്ചിട്ടുണ്ട്. നിയമസഭയിലേക്ക് പുറപ്പെടും മുൻപാണ് അദ്ദേഹം ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. വിമത എം.എൽ.എ മാരോട് സഭയിൽ ഹാജരാകാൻ സ്പീക്കർ അറിയിച്ചിട്ടുണ്ട്.
വിമത എം.എൽ.എമാരുടെ രാജി സ്വീകരിക്കുന്നതിലും അവരെ അയോഗ്യരാക്കുന്നതിലും തീരുമാനമെടുക്കുക വിശ്വാസവോട്ടെടുപ്പിന്റെ നടപടികൾ അവസാനിച്ച ശേഷം മാത്രമായിരിക്കുമെന്നും നാളെ ഈ എം.എൽ.എമാരെ താൻ നേരിട്ട് കാണുമെന്നും അതിന് ശേഷം മാത്രമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക എന്നും സ്പീക്കർ പറഞ്ഞിരുന്നു. നിലവിലെ സാഹചര്യത്തിൽ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിക്ക് സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ആവില്ല എന്നാണ് അറിയാൻ കഴിയുന്നത്.
ഇന്നലെയും സർക്കാർ സഭയിൽ ന്യൂനപക്ഷമായിരുന്നു. 16 വിമത എം.എൽ.എമാരും വോട്ടെടുപ്പിനായി സഭയിൽ എത്തില്ലെന്നും ഏറെക്കുറെ ഉറപ്പായിരുന്നു. എന്നാൽ സ്പീക്കറുടെ നിർദ്ദേശം കൂടി വന്ന സ്ഥിതിക്ക് എം.എൽ.എമാർ എന്ത് തീരുമാനിക്കുമെന്ന് കണ്ടറിയണം. കോൺഗ്രസിന്റെ രണ്ട് എം.എൽ.എമാർ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ശ്രീമന്ത് പാട്ടീലും ബി.നാഗേന്ദ്രയുമാണ് ഇന്ന് സഭയിലെത്താതെ വിട്ടുനിൽക്കുക. അതേസമയം വിശ്വാസവോട്ടെപ്പിൽ അടിയന്തിരമായി ഇടപെടില്ലെന്നും സ്പീക്കർക്ക് ഇക്കാര്യത്തിൽ നിർദ്ദേശം നൽകാനാകില്ലെന്നും സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്. കർണാടകയിലെ സ്വാതന്ത്ര എം.എൽ.എമാർ നൽകിയ ഹർജിയിൽ മറുപടി നൽകുകയായിരുന്നു സുപ്രീം കോടതി.