ന്യൂഡൽഹി: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അമേരിക്കയിലെ വാഷിംഗ്ടണിൽ നടത്തിയ പ്രസംഗത്തിനിടെ തടസം സൃഷ്ടിച്ച് പ്രതിഷേധക്കാർ. പാകിസ്ഥാന്റെ അധീനതയിലുള്ള ബലൂചിസ്ഥാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് വാഷിംഗ്ടൺ ഡി.സിയിലെ അരീന വൺ ഇൻഡോർ സ്റ്റേഡിയത്തിൽ ബലൂചിസ്ഥാൻ അനുകൂലികൾ ബഹളം വച്ചത്. ബലൂചിസ്ഥാന് അനുകൂലമായി ഇവർ മുദ്രാവാക്യങ്ങളും മുഴക്കി. എന്നാൽ ഇവിടെ കൂടിയിരുന്ന പാകിസ്ഥാനികളിൽ പലരും ഇമ്രാൻ ഖാനെ അനുകൂലിച്ച് കൊണ്ട് കരഘോഷം മുഴക്കുകയും ചെയ്തു. ബഹളം വച്ചവരെ അവഗണിച്ച് ഇമ്രാൻ ഖാൻ തന്റെ പ്രസംഗം തുടരുകയായിരുന്നു.
ബഹളം വച്ചവരോട് സ്റ്റേഡിയത്തിന് പുറത്തിറങ്ങാൻ ഇവിടുത്തെ സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. അതിനിടെ, ബലൂചിസ്ഥാനിലെ 'കരുതിക്കൂട്ടിയുള്ള കാണാതാകലുകൾ' അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സഹായം തേടുന്നതിനായി മൊബൈൽ പരസ്യബോർഡ് ക്യാമ്പയിനും ഇവർ ആരംഭിച്ചിട്ടുണ്ട്. ഇമ്രാന്റെ അമേരിക്കയിലേക്കുള്ള വരവിന് മുന്നോടിയായി ഈ പരസ്യബോർഡുകൾ വാഷിംഗ്‌ടൺ നഗരത്തിലെ തെരുവുകളിലാകെ ഇവർ സ്ഥാപിച്ചിരുന്നു. ട്രംപുമായുള്ള നയതന്ത്ര ചർച്ചകൾക്കായാണ് ഇമ്രാൻ ഖാൻ ഇന്നലെ അമേരിക്കയിലേക്ക് എത്തിയത്.
ഏറെ പ്രതീക്ഷയോടെ അമേരിക്കയിലേക്ക് പറന്ന ഇമ്രാൻ ഖാന്റെ വിമാനം ഡാലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിലം തൊട്ടപ്പോൾ സ്വീകരിക്കാൻ ട്രംപ് ഭരണകൂടത്തിലെ ആരും എത്തിയിരുന്നില്ല. പ്രോട്ടോകോൾ പ്രകാരം പേരിന് ഒരു ഉയർന്ന അമേരിക്കൻ ഉദ്യോഗസ്ഥൻ മാത്രമാണ് എത്തിയിരുന്നത്. പാക് പ്രധാനമന്ത്രിക്ക് ലഭിച്ച തണുപ്പൻ പ്രതികരണം രാജ്യാന്തര മാദ്ധ്യമങ്ങളടക്കം വാർത്തയാകുകയും ചെയ്തു.
രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുന്നതിനാൽ ചാർട്ടേഡ് വിമാനം ഒഴിവാക്കി ഖത്തർ എയർവേസിന്റെ വിമാനത്തിലാണ് അദ്ദേഹം അമേരിക്കയിലെത്തിയത്. ആഢംബര ഹോട്ടലിലെ താമസം ഒഴിവാക്കി ചെലവ് ചുരുക്കലിന്റെ ഭാഗമായി അമേരിക്കയിലെ പാക് സ്ഥാനപതിയുടെ ഔദ്യോഗിക വസതിയിലാകും പാക് പ്രധാനമന്ത്രി അന്തിയുറങ്ങുന്നത്. ചെലവ് ചുരുക്കലിന്റെ മാതൃകകളായി ഇമ്രാൻ ഖാന്റെ അമേരിക്കൻ യാത്രയെ പാക് മാദ്ധ്യമങ്ങൾ വാഴ്ത്തുമ്പോൾ അദ്ദേഹത്തിന് നേരിട്ട അപമാനത്തെകുറിച്ചുള്ള വാർത്തകളാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ചർച്ചയായത്.