ശ്രീനഗർ: സാധാരണക്കാരായ ജനങ്ങളെ കൊല്ലുന്നതിന് പകരം തീവ്രവാദികൾ അഴിമതിക്കാരായ രാഷ്ട്രീയക്കാരെ കൊല്ലൂ എന്ന് കാശ്മീർ ഗവർണർ സത്യപാൽമാലിക് പറഞ്ഞത് വിവാദമായി. കാർഗിലിൽ നടന്ന പൊതുപരിപാടിയിലാണ് ഗവർണറുടെ വിവാദ പ്രസംഗം. ”ഇവർ തോക്കെടുത്ത് സ്വന്തം ജനങ്ങളെയും സുരക്ഷാ ഓഫീസറെയും സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരേയും കൊല്ലുന്നു. എന്തിനാണ് നിങ്ങൾ അവരെ കൊല്ലുന്നത്. കാശ്‌മീരിന്റെ സമ്പത്ത് കൊള്ളയടിച്ചവരെ കൊല്ലൂ. നിങ്ങൾ അവരിൽ ആരെയെങ്കിലും കൊന്നിട്ടുണ്ടോ?”-മാലിക് ചോദിച്ചു.
‘കാശ്മീർ ഭരിച്ച രാഷ്ട്രീയ കുടുംബങ്ങൾ പൊതുജനത്തിന്റെ പണം കൊള്ളയടിച്ച് ലോകത്താകമാനം സ്വത്ത് സമ്പാദിച്ചുകൂട്ടുകയാണ്. അവർക്ക് അളവിൽ കൂടുതൽ സമ്പത്തുണ്ട്. അവർക്ക് ശ്രീനഗറിൽ വസതിയുണ്ട്, ഡൽഹിയിലുണ്ട്, ലണ്ടനിലും മറ്റ് പല സ്ഥലങ്ങളിലുമുണ്ട്. വലിയ ഹോട്ടലുകളുടെ ഓഹരി ഉടമകളാണവരെന്നും’ അദ്ദേഹം പറഞ്ഞു.
എന്നാൽ, പ്രസംഗം വിവാദമായതോടെ ഗവർണർ തിരുത്തുകയും ചെയ്തു. അഴിമതിക്കാരായ രാഷ്ട്രീയക്കാരോടുള്ള ദേഷ്യവും നിരാശയും കൊണ്ടാണ് അങ്ങനെയൊക്കെ സംസാരിച്ചതെന്ന് ഗവർണർ പറഞ്ഞു. ‘ഒരു ഗവർണർ എന്ന നിലയിൽ ഞാൻ അങ്ങനെയൊന്നും പറയാൻ പാടില്ലായിരുന്നു. എന്നാൽ, ഒരു വ്യക്തിയെന്ന നിലയിൽ എന്റെ അഭിപ്രായം അങ്ങനെതന്നെയാണ്. ധാരാളം രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കാശ്മീരിൽ അഴിമതിയിൽ മുങ്ങിക്കിടക്കുകയാണ്’- സത്യപാൽ മാലിക് പറഞ്ഞു.
അതേസമയം, മുൻ കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള മാലിക്കിനെ നിശിതമായി വിമർശിച്ചു. ഗവർണറുടെ പദവിയിലിരിക്കുന്ന വ്യക്തിയാണ് രാഷ്ട്രീയക്കാരെ കൊല്ലാൻ ഭീകരവാദികളോട് ആഹ്വാനം ചെയ്യുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.