mohanlal-rajanikanth

ഇന്ത്യൻ സൂപ്പർ സ്‌റ്റാർ രജനികാന്തും മലയാളത്തിന്റെ വിസ്‌മയതാരം മോഹൻലാലും ഒന്നിച്ചെത്തിയ പ്രൗഡോജ്ജ്വലമായ ചടങ്ങിനാണ് കഴിഞ്ഞ ദിവസം ചെന്നൈ നഗരം വേദിയായത്. സൂര്യ നായകനായി എത്തുന്ന കാപ്പാൻ സിനിമയുടെ ആഡിയോ ലോഞ്ചിനാണ് രജനിയും ലാലും ഒരുമിച്ചെത്തിയത്. ചിത്രത്തിൽ മോഹൻലാലും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

kappaan

ഇന്ത്യൻ സിനിമയിലെ തന്നെ രണ്ട് ഇതിഹാസ താരങ്ങളുടെ സംഗമം അക്ഷരാർത്ഥത്തിൽ കാണികളെയും കോരിത്തരിപ്പിക്കുകയായിരുന്നു. ഇന്ത്യയിലെ ഏറ്റവും നാച്വറലായ ആക്‌ടർ എന്നാണ് മോഹൻലാലിനെ രജനി വിശേഷിപ്പിച്ചത്. കാപ്പാനിലെ മോഹൻലാലിന്റെ സാന്നിധ്യം ചിത്രത്തിന് അനുഗ്രഹമായി മാറുമെന്നും രജനി ആശംസിച്ചു. തുടർന്ന് താൻ വരച്ച ചിത്രം രജനിക്ക് ലാൽ സമ്മാനമായി നൽകി.

തന്റെ നാൽപ്പത് വർഷത്തെ അഭിനയ ജീവിതത്തിൽ സൂര്യയെ പോലെ ഡെഡിക്കേറ്റഡ് ആയിട്ടുള്ള ഒരു നടനെ കണ്ടിട്ടില്ലെന്ന് മോഹൻലാൽ പറഞ്ഞു.

'അയൻ', 'മാട്രാൻ' എന്നീ ചിത്രങ്ങൾക്ക് ശേഷം സൂര്യയും കെ.വി ആനന്ദും ഒന്നിക്കുന്ന കാപ്പാനിൽ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ലാലിന്റെ സുരക്ഷാ ഉദ്യാഗസ്ഥനായ എൻ.എസ്.ജി കാമാൻഡോയാണ് സൂര്യ.

ചെന്നൈയിൽ നടന്ന ചടങ്ങിൽ സൂപ്പർതാരങ്ങളെ കൂടാതെ,​ സംവിധായകൻ ശങ്കർ,​ ഗാനരചയിതാവ് വൈരമുത്തു,​ സംഗീത സംവിധായകൻ ഹാരിസ് ജയരാജ് തുടങ്ങിയവർ പങ്കെടുത്തു. ലൈക്ക പ്രൊഡക്ഷൻസാണ് ഈ ബിഗ് ബഡ്‌ജറ്റ് ചിത്രം നിർമ്മിക്കുന്നത്. ബൊമൻ ഇറാനി,​ ആര്യ,​ സയേഷ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങൾ. ആഗസ്‌റ്റ് 30ന് ചിത്രം തിയേറ്ററുകളിലെത്തും.