case-diary

അടൂർ : ആൾത്താമസമില്ലാത്ത വീടെന്ന് കരുതി രാത്രി മോഷണത്തിനിറങ്ങിയ കുപ്രസിദ്ധ മോഷ്ടാവ് ബിജു സെബാസ്റ്റിയനെ കുരുക്കിയത് അടിവസ്ത്രം. അടൂർ മങ്ങാട്ടെ വീട്ടിൽ രാത്രിയോടെ മോഷണത്തിനെത്തിയപ്പോൾ പിടിക്കപ്പെടാതിരിക്കാൻ അടിവസ്ത്രമുൾപ്പടെ ഊരിയെടുത്ത് മുറ്റത്തിട്ട ശേഷമാണ് തിരുവനന്തപുരം സ്വദേശിയായ ബിജു വീടിന്റെ മുകളിലേക്ക് വലിഞ്ഞുകയറിയത്. ഷർട്ടും ലുങ്കിയും മഴക്കോട്ടും നിലത്തിട്ട ബിജു അടിവസ്ത്രം പക്ഷേ വീടിന്റെ മുൻവശത്തെ ഗ്രില്ലിൽ തൂക്കിയിടുകയായിരുന്നു. ആൾത്താമസമില്ലെങ്കിലും വീട് സൂക്ഷിക്കുവാനായി അടുത്തുള്ള ദമ്പതികളെ ഉടമസ്ഥൻ ചുമതലപ്പെടുത്തിയിട്ടുണ്ടായിരുന്നു. രാത്രി ഒൻപതരയോടെ വീടിന് സമീപം ഗ്രില്ലിൽ തൂക്കിയിട്ടിരിക്കുന്ന അടിവസ്ത്രം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ദമ്പതികൾ വീടിനടുത്തെത്തി പരിശോധന നടത്തുകയായിരുന്നു. തുടർന്ന് ഷർട്ടും,മഴക്കോട്ടും ചെരിപ്പും ശ്രദ്ധയിൽപെട്ടപ്പോൾ വീടിനുള്ളിൽ ആരോ ഉണ്ടെന്ന് തീർച്ചപ്പെടുത്തുകയും സമീപവാസികളെയും പൊലീസിനെയും വിവരമറിയിക്കുകയും ചെയ്തു. ബഹളം കേട്ട് വീടിന് മുകളിൽ നിന്നും ചാടി രക്ഷപ്പെടാൻ ബിജു ശ്രമിച്ചെങ്കിലും ചാട്ടത്തിനിടയിൽ പരിക്കേറ്റതിനെ തുടർന്ന് അടൂരിൽനിന്ന് പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് പ്രതിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വാരിയെല്ലിന് പരിക്കേറ്റതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു.