ടെഹ്റാൻ: സൗദിയിലേക്ക് പോകുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ വച്ച് ബ്രിട്ടന്റെ എണ്ണകപ്പലായ സ്റ്റെന എംപറോ പിടികൂടുന്നത് സംബന്ധിച്ച ഓഡിയോ ക്ലിപ് പുറത്ത്. സ്റ്റെന എംപറോയ്ക്ക് അകമ്പടി നൽകുന്ന മൺട്രോസ് എന്ന ബ്രിട്ടിഷ് നാവിക കപ്പലിലെ സൈനികർക്ക് ഇറാൻ സൈന്യം മുന്നറിയിപ്പു നൽകുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. കപ്പൽ പിടിച്ചെടുക്കുന്നത് തടയാൻ ബ്രിട്ടീഷ് നാവിക സേന നടത്തിയ ശ്രമവും, അത് ഇറാൻ അവഗണിച്ചതും സംബന്ധിച്ച വ്യക്തമായ തെളിവുകളാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്.
മരീടൈം സെക്യൂരിറ്റി റിസ്‌ക് സ്ഥാപനം ആയ ഡ്രയാഡ് ഗ്ലോബൽ ആണ് ഇത് സംബന്ധിച്ച ഓഡിയോ പുറത്ത് വിട്ടിട്ടുള്ളത്. ഇറാൻ റെവല്യൂഷണറി ഗാർഡ് ബ്രിട്ടീഷ് കപ്പലുമായും, ബ്രിട്ടീഷ് നാവിക സേന ഇറാൻ സേനയുമായും നടത്തിയ സംഭാഷണങ്ങളാണ് പുറത്തായിട്ടുള്ളത്. ബ്രിട്ടീഷ് കപ്പലിന് കർശന നിർദ്ദേശം ആയിരുന്നു ഇറാൻ നൽകിയത്. യാത്രാ പാത തങ്ങളുടെ ഉത്തരവിനനുസരിച്ച് മാറ്റാൻ ആയിരുന്നു നിർദ്ദേശം. തങ്ങളെ അനുസരിച്ചാൽ നിങ്ങള്‍ സുരക്ഷിതരായിക്കും എന്ന് ഇറാനിയൻ ഉദ്യോഗസ്ഥൻ പറയുന്നതിന്റെ ഓഡിയോയും പുറത്ത് വന്നിട്ടുണ്ട്. രാജ്യാന്തര ജലപാതയിലൂടെ തടസമില്ലാതെ പോകാൻ സാധിക്കണമെന്നും നിയമങ്ങൾ ലംഘിക്കുന്നില്ലെന്നു ഉറപ്പുവരുത്തണമെന്നും ബ്രിട്ടൻ സന്ദേശത്തിനു മറുപടി നൽകി. രാജ്യാന്തര പാതയിലൂടെ പോകുമ്പോൾ, കപ്പൽ തടയാൻ നിയമം അനുവദിക്കുന്നില്ലെന്നും ബ്രിട്ടിഷ് നാവികർ അറിയിച്ചു.
എന്നാൽ, എണ്ണക്കപ്പൽ ഇറാൻ പിടിച്ചെടുക്കുമ്പോൾ ബ്രിട്ടീഷ് റോയൽ നേവിയുടെ കപ്പൽ തൊട്ടടുത്തുണ്ടായിരുന്നില്ല. എങ്കിലും തങ്ങളുടെ കപ്പലിനെ സംരക്ഷിക്കാൻ അവർ പരമാവധി ശ്രമിച്ചിരുന്നു. അന്താരാഷ്ട്ര പാതയിലൂടെയാണ് കപ്പൽ കടന്നുപോകുന്നത് എന്നും നിങ്ങളുടെ യാത്രയെ ആർക്കും തടസ്സപ്പെടുത്താന്‍ ആവില്ലെന്നും നാവിക സേന ഉദ്യോഗസ്ഥൻ കപ്പൽ അധികൃതരെ അറിയിച്ചിരുന്നു.
അതേസമയം, ഭക്ഷണം നിറയ്ക്കുന്നതിനായി എത്തിയപ്പോഴാണ് ഇറാനിയൻ കപ്പലായ 'ഗ്രേസ് 1'നെ ബ്രിട്ടീഷ് സേന പിടികൂടിയതെന്ന് കപ്പലിൽ കുടുങ്ങിയ മലയാളി കെ.കെ. അജ്മൽ വ്യക്തമാക്കിയിരുന്നു. ജിബ്രാൾട്ടർ സുപ്രീം കോടതിയാണ് തങ്ങളുടെ മോചനത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കുക എന്നും മലപ്പുറം വണ്ടൂർ ചെട്ടിയാറമ്മൽ സ്വദേശിയും ഗ്രേസ് 1 കമ്പനിയിലെ ജൂനിയർ ഓഫീസറുമായ അജ്മൽ വീട്ടുകാരെ അറിയിച്ചിരുന്നു.
നിലവിൽ 30 ദിവസത്തേക്ക് കപ്പൽ പിടിച്ചുവയ്ക്കാനാണ് ജിബ്രാൾട്ടർ സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തിലാണ് കപ്പൽ ബ്രിട്ടൻ പിടിച്ചെടുക്കുന്നത്. മൂന്ന് ലക്ഷം ടൺ ക്രൂഡ് ഓയിലുമായി സിറിയയിലേക്ക് പുറപ്പെട്ട ഇറാനിയൻ കപ്പലിനെ ബ്രിട്ടന്റെ കൈവശമുള്ള മേഖലയായ ഗിബ്രാൾട്ടറിന്റെ തീരത്ത് നിന്നും മാറിയാണ് ബ്രിട്ടീഷ് നാവിക സേന പിടികൂടുന്നത്. മേയ് 13ന് യു.എ.ഇയിലെ ഫുജൈറയിൽ നിന്നുമാണ് കപ്പൽ പുറപ്പെട്ടത്.
ഇറാനും അമേരിക്കയും തമ്മിലുള്ള പ്രശ്‌നങ്ങൾ രൂക്ഷമായിതുടരുമ്പോൾ തന്നെയാണ് ഇറാനും ബ്രിട്ടനും തമ്മിലുള്ള സംഘർഷവും അതിരൂക്ഷമാകുന്നത്. ഇറാന്റെ എണ്ണക്കപ്പൽ ജിബ്രാൾട്ടർ കടലിടുക്കിൽ ബ്രിട്ടീഷ് നാവിക സേന പിടികൂടിയതിന് അതി ശക്തമായ തിരിച്ചടിയാണ് ഇറാൻ നൽകിയിട്ടുള്ളത്.
#Exclusive VHF audio HMS Montrose & MV Stena Impero: 'If you obey you will be safe, alter your course . . .Under international law your passage must not be impaired, impeded, obstructed or hampered' #Iran #oil #tanker @tombateman @PatrickSawer @AP @AFP @Reuters pic.twitter.com/3fizOedeBe
— Dryad Global (@GlobalDryad) July 20, 2019