peanuts-

രാജ്യത്തിന്റെ യശസ്സ് ഒരിക്കൽ കൂടി ചന്ദ്രോപരിതലത്തിലെത്തിക്കാനായി ചാന്ദ്രയാൻ സുസജ്ജമായിരിക്കുകയാണ്. സാങ്കേതിക പ്രശ്നങ്ങൾ മൂലം കഴിഞ്ഞ തിങ്കളാഴ്ച മാറ്റിവച്ച ചന്ദ്രയാൻ 2 വിക്ഷേപണം ഇന്ന് ഉച്ചയ്ക്ക് 2.43നാണ് നടക്കുന്നത്. ശ്രീഹരക്കോട്ടയിലെ രണ്ടാം വക്ഷേപണത്തറയിൽ ജി.എസ്.എൽ.വി. മാർക്ക് ത്രീ എം. വൺ റോക്കറ്റിലാണ് വക്ഷേപണം. ഇതിനുള്ള 20 മണിക്കൂർ കൗണ്ട് ഡൗൺ ഇന്നലെ വൈകിട്ട് 6.43ന് ആരംഭിച്ചിരുന്നു. ചന്ദ്രനെ വലംവയ്ക്കാനുള്ള ഓർബിറ്റർ, ചന്ദ്രനിൽ ഇറങ്ങാനുള്ള ലാൻഡർ, അവിടെ സഞ്ചരിക്കാനുള്ള റോവർ എന്നിവയും അതിലെ 11 ഉപകരണങ്ങളമുൾപ്പെടെ 3,840 കിലോഗ്രാമാണ് പേടകത്തിന്റെ ഭാരം.

പുറപ്പെടാൻ ഒരാഴ്ച വൈകിയെങ്കിലും ചന്ദ്രനിൽ ഇറങ്ങാൻ കാലതാമസമുണ്ടാകില്ല. നേരത്തേ 54 ദിവസം കൊണ്ടാണ് ചന്ദ്രനിൽ എത്താൻ നിശ്ചയിച്ചിരുന്നത്. പുതിയ പദ്ധതിയനുസരിച്ച് 48 ദിവസം കൊണ്ട് എത്തും. സെപ്തംബർ 6,7 തീയതികളിൽ ലാൻഡറും റോവറും ചന്ദ്രന്റെ മണ്ണിലിറങ്ങും. വിക്ഷേപണത്തിന് മിനിട്ടുകൾ മാത്രം അവശേഷിക്കവേയാണ് കഴിഞ്ഞയാഴ്ച വിക്ഷേപണം മാറ്റിവച്ചത്. സാങ്കേതിക പ്രശ്നങ്ങൾ നിമിത്തമായിരുന്നു ഇത്.

അതേ സമയം വിവിധ രാജ്യങ്ങളിലെ സ്‌പേസ് ശാസ്ത്രജ്ഞൻമാർക്കിടയിൽ നിലനിൽക്കുന്ന വിശ്വാസങ്ങളെയും ആചാരങ്ങളെയും കുറിച്ച് ഫേസ്ബുക്കിൽ കുറിക്കുകയാണ് എഴുത്തുകാരനായ ഷാബു പ്രസാദ്. ഇന്ത്യയിലെ ശാസ്ത്രജ്ഞർ പ്രധാന ദൗത്യങ്ങൾക്ക് മുൻപായി ക്ഷേത്രങ്ങളിലെത്തി പൂജ നടത്തുന്ന പതിവുണ്ട്. ശാസ്ത്രം വളർന്ന് പന്തലിച്ചപ്പോഴും ശാസ്ത്രജ്ഞൻമാർ തന്നെ അന്ധവിശ്വാസങ്ങൾ വച്ചുപുലർത്തുന്നതിനെ വിമർശിക്കുന്നവർ ഏറെയാണ്. എന്നാൽ നാസയിലെ ശാസ്ത്രജ്ഞൻമാർക്കിടയിൽ നിലനിൽക്കുന്ന റോക്കറ്റ് വിക്ഷേപണത്തിനിടയിലെ കടലകൊറിക്കൽ ആചാരത്തെ കുറിച്ച് ഫേസ്ബുക്കിലെഴുതുകയാണ് ഷാബു പ്രസാദ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ചാന്ദ്രയാൻ സുസജ്ജമായി.. വലിയ പ്രശ്നമൊന്നുമില്ലായിരുന്നു.ഉയർന്ന അന്തരീക്ഷനിലകളിൽ, -270നോടടുത്ത താപനിലയിലുള്ള ക്രയോജനിക് ഇന്ധനങ്ങൾക്ക് ആവശ്യത്തിന് പ്രഷർ കൊടുക്കാനുള്ള ഹീലിയം ടാങ്കുകളിൽ ഒന്നിൽ പത്തു ശതമാനം മർദ്ദം കുറഞ്ഞു.. ഒരു നിപ്പിൾ വാൽവിലുണ്ടായ നിസ്സാരമായ ഒരു ലീക്ക്.. ആദ്യം കരുതിയത് റോക്കറ്റ് മുഴുവൻ അഴിച്ചെടുത്ത് പരിശോധിക്കേണ്ടി വരും എന്നാണ്.. അപ്പോൾ വീണ്ടും വൈകും.. ലോഞ്ച് വിൻഡോ അവസാനിക്കും.. പിന്നെ ചന്ദ്രൻ പിടി തരണമെങ്കിൽ മാസങ്ങൾ കഴിയണം..

ഒന്നും വേണ്ടിവന്നില്ല.. അത്ര ചെറിയ, വേണമെങ്കിൽ അവഗണിക്കാമായിരുന്ന പ്രശ്നം.. പക്ഷേ അത് കണ്ട സ്ഥിതിക്ക് കാൽ ശതമാനം പോലും റിസ്കെടുക്കാനാകില്ല..

ആദ്യത്തെ PSLV യെ ബംഗാൾ ഉൾക്കടൽ വിഴുങ്ങിയത് നിസ്സാരമായ ഒരു സോഫ്റ്റ്‌വെയർ സ്നാഗ് കൊണ്ടാണ്.. സ്‌പേസ് ഷട്ടിൽ ചലഞ്ചർ പൊട്ടിത്തെറിച്ച് ഏഴു സഞ്ചാരികൾ മരിച്ചത് ഇന്ധന ടാങ്കിലെ ഒരു O റിങ്ങിനു stiffness കുറഞ്ഞത് കൊണ്ടാണ്.. സ്‌പേസ് ടെക്‌നോളജിയിലെ ഏറ്റവും വലിയ ഗുരുവും വഴികാട്ടിയും അറിവിനേക്കാൾ അനുഭവങ്ങളാണ്.. അതുകൊണ്ട് റിസ്ക് എടുക്കാനാകില്ല..

2001ൽ ആദ്യത്തെ GSLV വിക്ഷേപണം കമ്പ്യൂട്ടർ റദ്ദാക്കിയത് ബ്ളാസ്റ്റ് ഓഫിന്, ഒരു സെക്കന്റിന്റെ പത്തിലൊന്നു സമയം മാത്രമുള്ളപ്പോൾ ആണ്.. താഴെ ഘടിപ്പിച്ചിരിക്കുന്ന നാല് സ്ട്രാപ്പ് ഓൺ ബൂസ്റ്ററുകളിൽ ഒന്നിന് ചെറിയ മർദ്ദവ്യത്യാസം.. അതുകൊണ്ട് റോക്കറ്റ് സംരക്ഷിക്കാൻ കഴിഞ്ഞു.. പുതിയ സ്ട്രാപ്പ് ഓൺ പിടിപ്പിച്ച് ദിവസങ്ങൾക്കകം വിജയകരമായി ലോഞ്ച് ചെയ്തു..

അതെ.. അതാണ്‌ സ്‌പേസ് ടെക്‌നോളജി.. അറിവ്, അനുഭവം എന്നിവ കൂടാതെ നിർവ്വചനങ്ങൾ ക്കതീതമായ ഒരുപോടൊരുപാട് ഘടകങ്ങൾ ഒത്തുചേർന്ന സങ്കീർണ്ണതകളുടെ മൂർദ്ധന്യമാണത്. ദൈവാധീനം, ഗുരുത്വം, ഭാഗ്യം എല്ലാം ഇവിടെ ഘടകങ്ങളാണ്.

ISRO ശാസ്ത്രജ്ഞർ വിക്ഷേപണ വിജയങ്ങൾക്ക് വേണ്ടി അമ്പലങ്ങളിൽ പോകുന്നതും പ്രാർത്ഥിക്കുന്നതും എല്ലാം വലിയ പരിഹാസ്യവിഷയങ്ങളാണ്.. എന്നാലൊരു കഥ പറയാം.. അമേരിക്കയുടെ ചന്ദ്രദൗത്യങ്ങൾ ആരംഭിച്ചപ്പോൾ, ആദ്യ അപ്പോളോ വിക്ഷേപണം പരാജയപ്പെട്ടു മൂന്നു യാത്രികർ വെന്തു മരിച്ചു.. രണ്ടാമത്തെ വിക്ഷേപണവും ഭാഗികവിജയം മാത്രമായിരുന്നു... അത്യന്തം ആശങ്കയോടെ മൂന്നാം വിക്ഷേപണത്തിനൊരുങ്ങുമ്പോൾ ടെൻഷൻ കുറയ്ക്കാനായി മിഷൻ കൺട്രോൾ റൂമിൽ ശാസ്ത്രജ്ഞരിൽ ചിലർ കടല കൊറിച്ചു.. വിക്ഷേപണം വിജയമായി... അന്നുമുതൽ ഓരോ ലോഞ്ചിന്റെ സമയത്തും കൺട്രോൾ റൂമിൽ ഒരു ചടങ്ങായി, ആചാരമായി, നിയമമായി കടല വിതരണം ചെയ്യപ്പെടുന്നു.. പിന്നീട് പരാജയപ്പെട്ട ലോഞ്ചിങ്ങുകളുടെ സമയത്തും അവർ കടല കൊറിച്ചിരുന്നു എന്നത് വേറേ കാര്യം.. എങ്കിലും, ഭീമൻ റോക്കറ്റുകൾ ദൗത്യം പൂർത്തിയാക്കുന്നത് വരെ ശാസ്ത്രജ്ഞരുടെ ആത്മവിശ്വാസവും മനോനിലയും നേരെ നിൽക്കാൻ ഇങ്ങനെ പലതും വേണ്ടി വരും.. അതാണ്‌ വിശ്വാസങ്ങളുടെ കരുത്ത്..

കരതലാമലകം പോലെ വിശ്വാസ്യതയാർജ്ജിച്ച റോക്കറ്റ് ആണ് PSLV.. എങ്കിലും ഓരോ ലോഞ്ച് കഴിയുമ്പോഴും ശ്രീഹരിക്കോട്ടയിലെ ആഹ്ലാദപ്രകടനങ്ങൾ കണ്ടിട്ടില്ലേ.. അതെ.. ഓരോ ലോഞ്ചും സ്‌പേസ് ശാസ്ത്രജ്ഞർക്ക് ഒരു പുതിയ ജന്മമാണ്.. അനുഭവമാണ്..

മുകളിൽ പറഞ്ഞത് പോലെ, ദൈവാധീനവും ഗുരുത്വവും ISRO യുടെ ഒപ്പമുണ്ട്.. അതുകൊണ്ടാണ് അവസാനനിമിഷം ആ നിപ്പിൾ ജോയിന്റിന്റെ ലീക്ക് ശ്രദ്ധയിൽ പെട്ടത്.. നൂറ്റിമുപ്പത് കോടി ജനങ്ങളുടെ പ്രാർത്ഥനയുടെ ശക്തി ചെറുതല്ല.. ചാന്ദ്രായന്റെയും, GSLV യുടെയും യഥാർത്ഥ ഇന്ധനം അതുതന്നെയാണ്..

വിജയിച്ചുവരൂ... ഞങ്ങൾ കാത്തിരിക്കുന്നു..