മാർവലിന്റെ അവെഞ്ചേഴ്‌സ് സൂപ്പർ ഹീറോകൾക്കിടയിൽ ഏറ്റവും ശക്തനെന്നാണ് തോർ അറിയപ്പെടുന്നത്. ദൈവങ്ങളുടെ ഗണത്തിൽ പെടുന്ന സൂപ്പർ ഹീറോയായ തോറിനെ വെല്ലാൻ ഹൾക്കിന് പോലും അത്ര എളുപ്പമല്ല. അവെഞ്ചേഴ്സിന്റെ അവസാന പതിപ്പായ 'എൻഡ്ഗെയിമി'ലെ തോറിന്റെ രൂപം ആരാധകർക്ക് അത്ര രസിച്ചില്ലെങ്കിലും സൂപ്പർഹീറോ സിനിമാപ്രേമികൾക്ക് തോർ എന്നും പ്രിയപ്പെട്ടവൻ തന്നെ. എന്നാൽ തോറിനെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വാർത്തയുമായാണ് മാർവൽ രംഗത്തെത്തിയിരിക്കുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ക്രിസ് ഹെംസ്‌വെർത്താണ് ഇത്രയും നാൾ തോറിനെ അഭ്രപാളിയിൽ അവതരിപ്പിച്ചിരുന്നതെങ്കിൽ, ഇനി തോറിന്റെ വേഷത്തിലെത്തുക ഒരു സ്ത്രീയായിരിക്കും, എന്നതാണ് ആ വാർത്ത.
നാലാമത്തെ തോർ ചിത്രത്തിലാണ് 'നായകൻ' സ്ത്രീയുടെ രൂപത്തിൽ എത്തുക. 'തോർ: ലവ് ആൻഡ് തണ്ടർ' എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. തോർ സീരിസിലെ ആദ്യത്തെയും രണ്ടാമത്തെയും ചിത്രങ്ങളിൽ നായികയുടെ വേഷത്തിലെത്തിയ നാറ്റലി പോർട്ട്മാനാണ് പുതിയ ചിത്രത്തിൽ തോറിനെ അവതരിപ്പിക്കുക. സാൻഡിയാഗോയിൽ നടന്ന കോമിക്ക് കോൺ പാനലിലാണ് കഴിഞ്ഞ തോർ ചിത്രമായ 'റാഗ്നറോക്കി'ന്റെ സംവിധായകൻ ടൈക്ക വൈറ്റീറ്റിയും സാക്ഷാൽ ക്രിസ് ഹെംസ്‌വർത്തും ചേർന്ന് ഈ വാർത്ത പുറത്ത് വിട്ടത്.
നാറ്റലി പോർട്ട്മാനും ട്വിറ്ററിലൂടെ ഈ വാർത്ത ആരാധകരുമായ പങ്കുവച്ചിട്ടുണ്ട്. താൻ തോറിന്റെ ചുറ്റിക ഏന്തി നിൽക്കുന്ന ചിത്രമാണ് നാറ്റലി പങ്കുവച്ചത്. താൻ 'പെൺ തോറാ'യി തോർ സീരീസിലേക്ക് തിരികെ എത്തുകയാണെന്നും ചിത്രത്തിനായി മസിൽ വയ്ക്കുന്നതിന് മുൻപുള്ള ചിത്രമായി തന്റെ ഈ ചിത്രത്തെ കാണണമെന്നും നാറ്റലി ആരാധകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് തോർ ചിത്രത്തിൽ നായികയായി എത്തിയ ശേഷം പിന്നീടുള്ള ചിത്രങ്ങളിൽ നിന്നും നറ്റാലി മാറിനിന്നിരുന്നു. ചിത്രങ്ങളിൽ, തോറുമായി പ്രണയത്തിലാകുന്ന ജെയിൻ ഫോസ്റ്റർ എന്ന ശാസ്ത്രജ്ഞയെയാണ് നാറ്റലി പോർട്ട്മാൻ അവതരിപ്പിച്ചത്.