സംഘർഷപൂരിതമായ പശ്ചിമേഷ്യയിൽ കപ്പലുകൾ പിടിച്ചുവച്ചത് സ്ഥിതി വഷളാക്കിയിരിക്കുകയാണ്. ഈ മാസം മൂന്നിന് ഇറാന്റെ ഗ്രേസ് വൺ എന്ന കപ്പൽ ജിബ്രാൾട്ടർ കടലിടുക്കിൽ ബ്രിട്ടൻ തടഞ്ഞുവച്ചു. യൂറോപ്യൻ യൂണിയന്റെ ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കൊണ്ടുപോയി എന്നാണ് കാരണം പറഞ്ഞത്. ഇതിനെ തീർത്തും നിയമപരമായ നടപടിയായിട്ടാണ് ബ്രിട്ടൻ കാണുന്നത്. എന്നാൽ ഇതുവരെ കപ്പലോ തടഞ്ഞുവച്ച ജീവനക്കാരെയോ വിട്ടയച്ചിട്ടില്ല. സിറിയയിലേക്ക് എണ്ണ കൊണ്ടുപോകില്ലെന്ന് ഉറപ്പു നൽകിയാൽ മാത്രമേ കപ്പൽ വിട്ടയയ്ക്കൂ എന്ന നിലപാടാണ് ബ്രിട്ടന്റേത്.
ഇതിന് പ്രതികാരമായി കുറേ ദിവസങ്ങളായി ബ്രിട്ടന്റെ കപ്പലുകൾ തടഞ്ഞുവയ്ക്കാൻ ഇറാൻ ശ്രമിക്കുകയാണ്. ആദ്യശ്രമം ബ്രിട്ടന്റെ കപ്പലിന് അകമ്പടി സേവിച്ച സൈനിക കപ്പൽ നിഷ്ഫലമാക്കി. എന്നാൽ ഈ മാസം 20 ന് ഹോർമിസ് കടലിടുക്കിൽ വച്ച് ബ്രിട്ടന്റെ സ്റ്റെനാ ഇംപെറോ എന്ന കപ്പൽ ഇറാൻ സൈന്യം പിടിച്ചുകൊണ്ടുപോയി. കപ്പലും അതിലെ ജീവനക്കാരും ഇറാന്റെ ബന്ദർ അബ്ബാസ് തുറമുഖത്താണുള്ളത്. ഇറാന്റെ കപ്പൽ പിടിച്ചെടുത്തതിന് പകരമാണ് ഈ നടപടി. സമുദ്രഗതാഗത നിയമലംഘനം , സമുദ്രമലിനീകരണം, എന്നിവയാണ് തുടക്കത്തിൽ കാരണമായി പറഞ്ഞത്. പിന്നീട് മുന്നറിയിപ്പ് ലംഘിച്ച് മത്സ്യബന്ധന ബോട്ടുകളെ ഇടിച്ചു എന്നത് കാരണമായി ചൂണ്ടിക്കാട്ടി.
ഈ രണ്ട് സംഭവങ്ങളോടുകൂടി പശ്ചിമേഷ്യയിൽ എന്തും സംഭവിക്കാമെന്ന നിലയിലാണ് കാര്യങ്ങൾ. ഇറാന്റെ നടപടി തീർത്തും ശത്രുതാപരമെന്നാണ് ബ്രിട്ടീഷ് പ്രതിരോധമന്ത്രി വിലയിരുത്തിയത്. ഈ നിയമലംഘനത്തെ ശക്തമായി നേരിടുമെന്ന് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ജെറമി ഹണ്ട് മുന്നറിയിപ്പ് നൽകുന്നു.
ഒറ്റക്കെട്ടായി പടിഞ്ഞാറ്
ബ്രിട്ടന്റെ കപ്പൽ പിടിച്ചെടുത്തതിനെ പടിഞ്ഞാറൻരാജ്യങ്ങൾ ഒറ്റക്കെട്ടായി എതിർക്കുന്നു. തുടക്കത്തിൽ ട്രംപിന്റെ ഇറാനെതിരെയുള്ള ഉപരോധത്തിന് പാശ്ചാത്യരാജ്യങ്ങളിൽ നിന്ന് പിന്തുണ ലഭിച്ചിരുന്നില്ല. ഉപരോധത്തിനെതിരെ ബദൽ സംവിധാനം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് വരെ ബ്രിട്ടൻ, ജർമ്മനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ആലോചിച്ചിരുന്നു. എന്നാൽ അമേരിക്കയ്ക്കെതിരെ അത്തരമൊരു നടപടി എടുക്കുന്നതിനോട് യൂറോപ്യൻ രാജ്യങ്ങൾക്ക് വലിയ മടിയുണ്ട്. ഇങ്ങനെ ധർമ്മസങ്കടത്തിൽ നിൽക്കവെയാണ് ബ്രിട്ടനും ഇറാനും പരസ്പരം കപ്പലുകളെ തടഞ്ഞുവച്ചത്. ഇത് യു.എസ് ആസൂത്രണം ചെയ്ത തന്ത്രമാണെന്നാണ് ഇറാന്റെ വാദം. ഇതോടുകൂടി പാശ്ചാത്യശക്തികൾ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തോട് ചേർന്ന് നിന്നുകൊണ്ട് ഇറാനെ സമ്മർദ്ദത്തിലാക്കും. ആ ഉദ്ദേശ്യം മനസിൽ വച്ചാണ് ഇത് നീതീകരിക്കാൻ കഴിയാത്ത നടപടിയാണെന്ന് ജർമ്മനിയും, സ്വതന്ത്ര സമുദ്രഗതാഗത നിയമങ്ങൾ പാലിക്കണമെന്ന് ഫ്രാൻസും അഭിപ്രായപ്പെട്ടത്. ട്രംപിന്റെ അഭിപ്രായത്തിൽ ഇറാൻ ഒരു അടിമുടി കുഴപ്പക്കാരനാണെന്നതിന്റെ അവസാന തെളിവാണിത്. ചുരുക്കത്തിൽ പാശ്ചാത്യരാജ്യങ്ങൾ അമേരിക്കൻ നേതൃത്വത്തിൽ ഇറാനെതിരെ ഒന്നിക്കുകയാണ്. സംഘർഷം മൂർച്ഛിക്കുകയാണെങ്കിൽ 2015 ലെ ആണവകരാർ ഇല്ലാതാകും.
സംഘർഷം
ഇറാനെതിരെ ഉപരോധം ഏർപ്പെടുത്തിയതിന് ശേഷം ആറ് ഓയിൽ ടാങ്കറുകൾ നശിപ്പിച്ചതായി അമേരിക്കയും ബ്രിട്ടനും കുറ്റപ്പെടുത്തുന്നു. ഇറാനും യു.എസും പരസ്പരം ഓരോ വിദൂര നിയന്ത്രിത ഡ്രോണുകൾ നശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അമേരിക്ക സ്വന്തം സൈനികരെ സൗദി അറേബ്യയിൽ പുതിയതായി വിന്യസിച്ചിട്ടുണ്ട്. ഇറാന്റെ റെവല്യൂഷണറി ഗാർഡുകൾ യുദ്ധസജ്ജരായി നിൽക്കുകയാണ്. അതായത് ഇരുകൂട്ടർക്കും പിൻവാങ്ങാനോ വിട്ടുവീഴ്ച ചെയ്യാനോ പറ്റാത്ത അവസ്ഥയിൽ കാര്യങ്ങൾ എത്തിക്കഴിഞ്ഞു. ഇനി ചെറിയ സംഘർഷങ്ങൾ പോലും യുദ്ധത്തിലേക്ക് നയിക്കാൻ സാദ്ധ്യത കൂടുതലാണ്. ഇതിനിടയിൽത്തന്നെ ചർച്ചകൾക്കുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. യുദ്ധത്തിന് താത്പര്യമില്ലെന്ന അഭിപ്രായമാണ് ഇരുകൂട്ടർക്കുമുള്ളത്. അതേസമയം വെല്ലുവിളികളും പ്രകോപനവും തുടരുന്നു.
ഹോർമൂസ് കടലിടുക്ക്
ലോകത്തിലെ 20 ശതമാനം എണ്ണയുടെ വ്യാപാരവും നടക്കുന്നത് ഹോർമൂസ് കടലിടുക്കിലൂടെയാണ്. കുവൈറ്റ്, ഖത്തർ, ഇറാഖ്, സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണ ഈ കടലിടുക്ക് വഴി വേണം ഏഷ്യാ, യൂറോപ്പ്, ആഫ്രിക്ക , അമേരിക്ക എന്നീ രാജ്യങ്ങളിലേക്ക് പോകേണ്ടത്. മറൈൻ ട്രാഫിക്കിന്റെ കണക്കുകൾ പ്രകാരം മേയ് 15 മുതൽ ജൂൺ 15 വരെ ആയിരത്തിൽപ്പരം ഓയിൽ ടാങ്കറുകൾ ഹോർമൂസ് കടലിടുക്കിലൂടെ കടന്നുപോയിട്ടുണ്ട്. ഹോർമൂസ് കടലിടുക്കിന്റെ ഇരുവശവും ഇറാൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഈ പ്രദേശത്തെ കാര്യങ്ങൾ ഞങ്ങൾ തീരുമാനിക്കുമെന്നാണ് ഇറാന്റെ നിലപാട്. എന്നാൽ ആവശ്യമായ സൈനിക സംരക്ഷണത്തോടുകൂടി എണ്ണ കൊണ്ടുപോകാനുള്ള തീരുമാനമാണ് പശ്ചിമേഷ്യയുടെ ഉത്തരവാദിത്തമുള്ള അമേരിക്കൻ സൈനിക വിഭാഗമായ സെൻട്രൽ കമാൻഡിന്റേത്. ചുരുക്കത്തിൽ ഹോർമൂസ് കടലിടുക്ക് സൈനിക ബലപരീക്ഷണത്തിന്റെ വേദിയായി മാറുകയാണ്.
തെരേസാ മേ പ്രധാനമന്ത്രിപദം ഒഴിഞ്ഞു. പുതിയ പ്രധാനമന്ത്രിയായി ബോറിസ് ജോൺസൺ ചുമതലയേൽക്കും. പിന്നാമ്പുറത്തെ ചർച്ചകൾ വിജയിച്ചില്ലെങ്കിൽ പുതിയ പ്രധാനമന്ത്രിയ്ക്ക് ശക്തി കാട്ടേണ്ടിവരും. ഇതും സംഘർഷം വർദ്ധിപ്പിക്കും.
കപ്പൽവേട്ടയിൽ വിവിധ രാജ്യങ്ങളിലെ പൗരന്മാർ ഉൾപ്പെട്ടിട്ടുണ്ട്. പിടിക്കപ്പെട്ട രണ്ട് കപ്പലുകളിലും ഇന്ത്യക്കാരും മലയാളികളുമുണ്ട്. ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഇവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു. കപ്പലുകൾ സമുദ്രഗതാഗത നിയമം ലംഘിച്ചു എന്നതിനാൽത്തന്നെ തടവിലാക്കപ്പെട്ട ജീവനക്കാരും ക്രിമിനൽ കുറ്റവാളികളാണ്. ഇവരുടെ മോചനം കോടതി നടപടികളിലൂടെയേ സാദ്ധ്യമാകൂ. പശ്ചിമേഷ്യയിലെ സംഘർഷത്തിന് രാജ്യാന്തരമാനം കൈവരുന്നതിന്റെ മറ്റൊരു വശമാണിത്. ചുരുക്കത്തിൽ കടലിടുക്കിലെ കപ്പൽവേട്ട യുദ്ധത്തിന് നാന്ദി കുറിക്കുമോ എന്ന ആശങ്കയിലാണ് ലോകം.