1. കര്‍ണാടകയിലെ വിശ്വാസ വോട്ടെടുപ്പില്‍ അടിയന്തരമായി ഇടപെടാന്‍ ആവില്ല എന്ന് സുപ്രീംകോടതി. വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച് സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ ആവില്ല. നടപടി, വോട്ടെടുപ്പ് വേഗത്തില്‍ ആക്കണം എന്ന് ആവശ്യപ്പെട്ട് വിമത പക്ഷത്തെ സ്വതന്ത്ര എം.എല്‍.എമാരായ ആച്ച്. നാഗേഷും ആര്‍. ശങ്കറും നല്‍കിയ ഹര്‍ജി പരിഗണിച്ച്. അതിനിടെ, കര്‍ണാടക സര്‍ക്കാരിനെ നിലനിര്‍ത്താന്‍ അവസാനവട്ട ശ്രമങ്ങളുമായി സ്പീക്കര്‍
2. അയോഗ്യരാക്കാനുള്ള നടപടികള്‍ ആരംഭിക്കും എന്ന് വിമതര്‍ക്ക് മുന്നറിയിപ്പ്. വിമത എം.എല്‍.എമാര്‍ നാളെ 11 മണിക്ക് ഹാജരാകണം എന്നും സ്പീക്കറുടെ മുന്നറിയിപ്പ്. അതേസമയം, കര്‍ണാടകയില്‍ ഇന്നു തന്നെ വിശ്വാസ വോട്ടെടുപ്പ് നടന്നേക്കും. വിമത എം.എല്‍.എമാരെ അനുനയിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന നിലപാടിലാണ് അവര്‍. അതിനിടെ ബി.എസ്.പി എം.എല്‍.എ എന്‍. മഹേഷ് സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് പാര്‍ട്ടി അധ്യക്ഷ പ്രഖ്യാപിച്ചത് കുമാരസ്വാമി സര്‍ക്കാരിന് ആശ്വാസമായി.
3. നിലവില്‍ കോണ്‍ഗ്രസ് -ജെ.ഡി.എസ് സര്‍ക്കാരിനു ബി.എസ.്പി അംഗം ഒഴികെ ഔദ്യോഗികമായി 116 അംഗങ്ങളുടെ പിന്തുണയാണുള്ളത്. ബി.ജെ.പി അടക്കമുള്ള പ്രതിപക്ഷത്തിന് 107 അംഗങ്ങളുടെ പിന്തുണയുമുണ്ട്. എന്നാല്‍ കൂറുമാറ്റം നടക്കുന്നതിനാല്‍ കണക്കുകളില്‍ വ്യക്തത കൈവന്നിട്ടില്ല. വിമതര്‍ പിന്തുണച്ചില്ലെങ്കില്‍ സഖ്യസര്‍ക്കാരിനു ഭൂരിപക്ഷം നഷ്ടമാകും. 15 എം.എല്‍.എമാര്‍ രാജിവച്ചതോടെയാണ് കുമാരസ്വാമി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. രാജിവച്ചവരില്‍ 12 പേര്‍ മുംബയില്‍ തുടരുകയാണ്
4. വധശ്രമ കേസുമായി ബന്ധപ്പെട്ട കോലാഹലങ്ങളെ തുടര്‍ന്ന് അടച്ചിട്ടിരുന്ന യൂണിവേഴ്സിറ്റി കോളേജ് വീണ്ടും തുറന്നു. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും കോളേജില്‍ എത്തി. കര്‍ശന സുരക്ഷാ പരിശോധനയ്ക്ക് ശേഷമാണ് ഇവരെ കോളേജിലേക്ക് കടത്തി വിട്ടത്. അതിനിടെ, യൂണിവേഴ്സിറ്റി കോളേജില്‍ 18 വര്‍ഷത്തിനു ശേഷം കെ.എസ്.യു യൂണിറ്റ് സ്ഥാപിച്ചു. അമല്‍ചന്ദ്രയെ പ്രസിഡന്റായും ആര്യ എസ് നായരെ സെക്രട്ടറി ആയും തിരഞ്ഞെടുത്തു
5. അതേസമയം, യൂണിവേഴ്സിറ്റി കോളേജ് വിഷയത്തില്‍ കെ.എസ്.യു സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന ഉപവാസ സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. നിരാഹാര പന്തലിന് മുന്നിലാണ് രാവിലെ കെ.എസ്.യു യൂണിറ്റ് രൂപീകരണം നടന്നത്. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് യൂണിവേഴ്സിറ്റി കോളേജ്, സെക്രട്ടേറിയറ്റ്, പാളയം എന്നിവിടങ്ങളില്‍ പൊലീസ് സുരക്ഷ കര്‍ശനമാക്കി
6. ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പലിന്റെ മോചനത്തിനായി നടപടികള്‍ വേഗത്തിലാക്കി ബ്രിട്ടീഷ് സര്‍ക്കാര്‍. പ്രശ്ന പരിഹാരത്തിന് കാവല്‍ പ്രധാനമന്ത്രി തെരേസ മേയ് ഇന്ന് അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു. വെള്ളിയാഴ്ച്ച അര്‍ദ്ധരാത്രി ഇറാന്‍ സേനാ വിഭാഗമായ റെവല്യൂഷനറി ഗാര്‍ഡ്സ് പിടിച്ചെടുത്ത കപ്പിലിലെ 23 ജീവനക്കാരെ മോചിപ്പിക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നു എന്ന പ്രതിപക്ഷ വിമര്‍ശനത്തിന് ഇടെയാണ് തെരേസ മേയുടെ ഇടപെടല്‍. ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
7. പാര്‍ലമെന്റില്‍ തെരേസ മേയ് വിശദീകരണം നല്‍കിയേക്കും. അമേരിക്കയുടേയും യൂറോപ്യന്‍ രാജ്യങ്ങളുടേയും പിന്തുണയോടെ രാജ്യാന്തര തലത്തില്‍ ഇറാനുമേല്‍ സമ്മര്‍ദ്ദം ചെലുത്തി കപ്പല്‍ ജീവനക്കാരെ തിരികെ എത്തിക്കാന്‍ ബ്രിട്ടന്‍ നീക്കം തുടങ്ങയിട്ടുണ്ട്. അതിനിടെ ബ്രിട്ടീഷ് കപ്പലില്‍ സ്വന്തം പതാക നാട്ടി ഇറാന്‍ നിലപാട് കടുപ്പിച്ചു. കപ്പല്‍പ്പോരില്‍ കുടുങ്ങിയവരില്‍ ആറ് മലയാളികളും. ഇന്ത്യക്കാരെ മോചിപ്പിക്കുന്നതിന് ആയുള്ള ശ്രമങ്ങള്‍ നേരത്തെ തുടങ്ങിയതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. ടെഹ്റാനിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം നിരന്തരമായി ഇറാന്‍ അധികൃതരുമായി ബന്ധപ്പെട്ട് വരികയാണ് എന്നും പ്രതികരണം