school-girl

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ പന്ത് നഗറിൽ നിന്ന് കാണാതായ പെൺകുട്ടിയെ പതിനെട്ട് ദിവസങ്ങൾക്ക് ശേഷം കണ്ടെത്തി. ടാക്‌സി ഡ്രൈവർ 2 എന്ന മൊബൈൽ ഗെയിമിന് അടിമയായ പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങുകയായിരുന്നു. ജൂലായ് ഒന്നിന് വീട്ടിൽ നിന്നിറങ്ങിയ കുട്ടി ഏഴു നഗരങ്ങളിൽ കറങ്ങി.

അവളുടെ സാഹസിക യാത്ര അവസാനിച്ചത് ഡൽഹിയിലായിരുന്നു. കമല മാർക്കറ്റിന് സമീപം കണ്ട പെൺകുട്ടിയെ പൊലീസ് പട്രോൾ സംഘം ശ്രദ്ധിക്കുകയായിരുന്നു. തുടർന്ന് കുട്ടിയോട് ആരാണെന്നും എന്താണെന്നൊക്കെ അന്വേഷിക്കുകയായിരുന്നു. താൻ സഹോദരനെ കാണാൻ വന്നതാണെന്നും അദ്ദേഹം ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ വിദ്യാർത്ഥിയാണെന്നും ആദ്യം പറഞ്ഞെങ്കിലും പിന്നീട് സത്യം പറഞ്ഞു.

പൊലീസ് കുട്ടിയിൽ നിന്ന് ഫോൺ നമ്പറുകളെഴുതിയ ഒരു കടലാസ് കണ്ടെടുത്തു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് കുട്ടിയെ ദിവസങ്ങളായി കാണാതായതാണെന്നും രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നെന്നുമൊക്കെ അറിയുന്നത്. ശേഷം പൊലീസ് കുട്ടിയുടെ കുടുംബത്തെ വിവരമറിയിക്കുകയായിരുന്നു.

ടാക്‌സി ഡ്രൈവർ 2 എന്ന ഗെയിമിൽ ആകൃഷ്ടയായാണ് പെൺകുട്ടി വീടുവിട്ടതെന്നാണ് പൊലീസിന്റെ നിഗമനം. ദുർഘടം പിടിച്ച വഴികളിലൂടെ യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന മൊബൈൽ ഗെയിമാണ് ടാക്‌സി ഡ്രൈവർ 2. പെൺകുട്ടി അമ്മയുടെ ഫോണിൽ നിന്നാണ് ഗെയിം കളിച്ചിരുന്നത്.

ജൂലായ് ഒന്നിന് പന്ത് നഗറിൽ നിന്ന് 14000രൂപയുമായാണ് കുട്ടി യാത്ര തിരിച്ചത്. ഋഷികേശ്, ഹരിദ്വാർ, ഉദയ്പൂർ, ജയ്പൂർ, അഹമ്മദാബാദ്, പൂനൈ തുടങ്ങിയ സ്ഥലങ്ങളിൽ കറങ്ങി. തിരിച്ചറിയൽ കാർഡില്ലാത്തതിനാൽ ഹോട്ടലുകളിൽ റൂം ലഭിച്ചില്ല. അതിനാൽ പകൽ സമയങ്ങളിൽ സ്ഥലങ്ങൾ ആസ്വദിക്കുകയും രാത്രി യാത്ര ചെയ്യുകയുമായിരുന്നു ചെയ്തിരുന്നത്. പതിനെട്ട് ദിവസം വസ്ത്രം മാറുകയോ കുളിക്കുകയോ ചെയ്തിരുന്നില്ല. ബിസ്‌കറ്റ്,വെള്ളം സ്‌നാക്‌സ് എന്നിവ കഴിച്ചാണ് വിശപ്പടക്കിയിരുന്നത്.