കൊച്ചി: ഇറാനും ബ്രിട്ടനും പിടിച്ചെടുത്ത കപ്പലുകളിൽ കുടുങ്ങിയ ആറ് മലയാളികളും സുരക്ഷിതരാണെന്ന വിവരം പുറത്ത് വരുന്നതിനിടെ ഇവരുടെ മോചനം വൈകുന്നത് ബന്ധുക്കളിൽ ആശങ്ക വർദ്ധിപ്പിക്കുന്നു. കപ്പൽ പിടിച്ചെടുത്ത് ദിവസങ്ങൾ പിന്നിട്ടെങ്കിലും സർക്കാർ തലത്തിൽ നിന്നടക്കം യാതൊരു ഇടപെടലും ഉണ്ടാകാത്തതാണ് ആശങ്കയ്ക്ക് വഴിവച്ചിരിക്കുന്നത്. ഇരു കപ്പലുകളിലുമുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി മോചിപ്പിക്കാനുള്ള വിദേശമന്ത്രാലയത്തിന്റെ തീവ്ര ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ബന്ധുക്കൾ രംഗത്ത് എത്തിയിരിക്കുന്നത്. അതേസമയം, കപ്പലുകളിൽ കുടുങ്ങിയ ഇന്ത്യക്കാരെ എത്രയും വേഗം മോചിപ്പിക്കുമെന്നാണ് വിദേശമന്ത്രാലയം അറിയിച്ചിട്ടുള്ളത്. മലപ്പുറം സ്വദേശി അജ്മൽ, ഗുരുവായൂർ സ്വദേശി റെജിൻ (40), കാസർകോട്സ്വദേശി പ്രജീഷ് എന്നിവരാണ് ബ്രിട്ടൻ പിടിച്ചെടുത്ത ഇറാന്റെ എണ്ണ ടാങ്കറായ ഗ്രേസ് ഒന്നിൽ കുടുങ്ങിയ മലയാളികൾ. ഹോർമുസ് കടലിടുക്കിൽ ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പൽ സ്‌റ്റെനാ ഇംപെരോയിലാണ് കളമശേരി സ്വദേശിയായ ഡിജോ പാപ്പച്ചൻ (26) , തൃപ്പൂണിത്തുറ, പള്ളുരുത്തി സ്വദേശികളായ രണ്ടു പേരടക്കം കുടുങ്ങിയിട്ടുള്ളത്. കപ്പൽ വിട്ടുകിട്ടുന്നതിനായി ബ്രിട്ടനും ശക്തമായ ഇടപെടൽ നടത്തുന്നുണ്ട്. ഇതിനായി കാവൽ പ്രധാനമന്ത്രി തെരേസ മേയുടെ നേതൃത്വത്തിൽ അടിയന്തരയോഗം ഇന്ന് ചേരുന്നുണ്ടെന്ന് വിദേശമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ നാലിനാണ് ക്രൂഡോയിലുമായി പോകുകയായിരുന്ന ഗ്രേസ് 1 നെ ജിബ്രാൾട്ടർ പൊലീസിന്റെ സഹായത്തോടെ ബ്രിട്ടീഷ് നാവിക സേന പിടിച്ചെടുത്തത്. 20 ലക്ഷം ബാരൽ എണ്ണയാണ് ഇതിലുണ്ടായിരുന്നത്. സിറിയയ്‌ക്കെതിരായ ഉപരോധം ലംഘിച്ച് അവിടേക്ക് ക്രൂഡോയിൽ കടത്തുകയാണെന്നാണ് ബ്രിട്ടന്റെ ആരോപണം. അതേസമയം, കപ്പൽ 30 ദിവസത്തിനകം വിട്ടുനൽകാമെന്നാണ് ബ്രിട്ടൻ അറിയിച്ചിട്ടുള്ളത്. കപ്പലിന്റെ ക്യാ്ര്രപൻ പള്ളുരുത്തി സ്വദേശിയാണെന്നും സൂചനയുണ്ട്. എന്നാൽ സർക്കാർ തലത്തിൽ ഔദ്യോഗികമായി അറിയിപ്പുകൾ ലഭിച്ചിട്ടില്ല. കപ്പലിലെ ജീവനക്കാർക്ക് ഒരു പ്രയാസവും നേരിടേണ്ടി വരില്ലെന്ന് ഇറാൻ ഇന്ത്യക്ക് ഉറപ്പു നൽകിയതായാണ് റിപ്പോർട്ട്. രാജ്യാന്തര സമുദ്രനിയമം ലംഘിച്ചെന്ന് ആരോപിച്ചാണ് ബ്രിട്ടീഷ് എണ്ണക്കപ്പലായ റ്രെനോ ഇംപെറോ പിടിച്ചെടുതത്. മലയാളികളടക്കം 23 അംഗ നാവിക സംഘമാണ് ഈ എണ്ണ ടാങ്കറിലുള്ളത്.