university-college

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം പത്ത് ദിവസം പിന്നിടുമ്പോൾ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടുപേരുൾപ്പെടെ അക്രമിസംഘത്തിലുൾപ്പെട്ട 23 പ്രതികളെ ഇതുവരെ പിടികൂടാനാവാതെ പൊലീസ്. കത്തിക്കുത്തിന് ശേഷം ഇന്ന് യൂണിവേഴ്സിറ്റി കോളേജ് തുഠന്നെങ്കിലും ഇവരെക്കുറിച്ച് ഒരു വിവരവുമില്ലെന്നാണ് പൊലീസ് പറയുന്നത്. മുപ്പതംഗ അക്രമിസംഘത്തിൽ തിരിച്ചറിഞ്ഞ എസ്.എഫ്.ഐ യൂണിറ്റിലുൾപ്പെട്ട 8 പേരുടെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും കേസിലെ നാലും അഞ്ചും പ്രതികളായ അമർ, ഇബ്രാഹിം എന്നിവരെ പിടികൂടാൻ പൊലീസിന് ഇനിയും ആയിട്ടില്ല.

കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്ത്, നസിം, സഹായികളായ അദ്വൈത്, ആരോമൽ, ആദിൽ, രഞ്ജിത്ത് എന്നിവരും യൂണിറ്റ് കമ്മിറ്റിയംഗമായ ഇജാബുമാണ് ഇതുവരെ പൊലീസിന്റെ പിടിയിലായത്. ഇവരെ അറസ്റ്റ് ചെയ്തതായാണ് പൊലീസ് ഭാഷ്യമെങ്കിലും സമ്മർദ്ദത്തെ തുടർന്ന് കീഴടങ്ങിയതാണെന്ന ആക്ഷേപം ശരിവയ്ക്കുന്നതാണ് മറ്റ് പ്രതികളെ പിടികൂടാത്ത പൊലീസിന്റെ നിസംഗത.

ലുക്ക് ഔട്ട് നോട്ടീസിലുൾപ്പെട്ട അമറും ഇബ്രാഹിവും കീഴടങ്ങുമെന്ന് ചില കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച ഉറപ്പ് പൊലീസ് വിശ്വസിച്ചതാണ് പിടികൂടാനുള്ള ശ്രമങ്ങൾ ഉണ്ടാകാത്തതിന് കാരണമെന്ന് ആക്ഷേപമുണ്ട്. ഇരുവരും വീടുകളിൽ നിന്ന് മുങ്ങിയതായും മൊബൈൽഫോൺ ഉയോഗിക്കുന്നില്ലെന്നുമാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം.യൂണിവേഴ്സിറ്റി കോളേജിലെ അക്രമസംഭവങ്ങൾക്ക് ശേഷം സെക്രട്ടേറിയറ്റിന് പരിസരത്തും നിരന്തരമുണ്ടാകുന്ന സമരങ്ങളും സംഭവവികാസങ്ങളും കാരണം പ്രതികളെ അന്വേഷിച്ച് പോകാൻ സമയം കിട്ടുന്നില്ലെന്നാണ് പൊലീസിന്റെ വെളിപ്പെടുത്തൽ.

യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥി അഖിലിനെ വധിക്കാൻ ശ്രമിച്ച കേസിൽ മൊത്തം 30 പേരെയാണ് പ്രതി ചേർത്തിട്ടുള്ളത്. ഇതിൽ അറസ്റ്റിലായവർ ഉൾപ്പെടെ 9 പേരാണ് പ്രധാന പ്രതികൾ. ശേഷിക്കുന്നവരെ കണ്ടാലറിയാവുന്നവരുടെ പട്ടികയിലാണ് പൊലീസ് ചേർത്തിരിക്കുന്നത്. ഇവരിൽ തിരിച്ചറിഞ്ഞ 9 പേരുടെ കൂടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനും പൊലീസ് കേന്ദ്രങ്ങൾ നീക്കം തുടങ്ങിയിട്ടുണ്ട്. അക്രമസംഭവങ്ങളിൽ ഉൾപ്പെട്ടതായി സ്ഥിരീകരിച്ച ഇവരുടെ പേരും വിവരങ്ങളും ലഭ്യമാക്കാൻ കോളേജ് അധികൃതർക്ക് പൊലീസ് കത്ത് നൽകി. ഇവരുടെ പേരുവിവരങ്ങളും ഫോട്ടോയും ലഭ്യമായാലുടൻ രണ്ടാമത്ത് ലുക്ക് ഔട്ട് നോട്ടീസും പ്രസിദ്ധപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു.

എന്നാൽ വധശ്രമക്കേസിൽ നേരിട്ട് പങ്കെടുത്ത പ്രതികളിൽ രണ്ടുപേരൊഴികെ എല്ലാവരെയും അറസ്റ്റ് ചെയ്തതോടെ ഭാരിച്ച ജോലി അവസാനിച്ചെന്ന മട്ടിലാണ് അന്വേഷണസംഘം. ഇതിൽ ശിവരഞ്ജിത്തിനെയും നസിമിനെയും കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് പൂർത്തിയാക്കുകയും ചെയ്തു. പ്രധാന പ്രതികളുടെ അറസ്റ്റോടെ മേലുദ്യോഗസ്ഥരിൽ നിന്നും രാഷ്ട്രീയ നേതൃത്വത്തിൽ നിന്നും പൊലീസിന് മേലുള്ള സമ്മർദ്ദം കുറഞ്ഞതും പ്രതികളെ പിടികൂടുന്ന കാര്യത്തിൽ അലംഭാവത്തിനിടയാക്കിയിട്ടുണ്ടെന്നാണ് ആക്ഷേപം.