തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സമരത്തിൽ കെ.എസ്.യുവിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. സമരക്കാർക്ക് നേരെ പൊലീസ് ടിയർഗ്യാസും, ലാത്തിച്ചാർജും, ജലപീരങ്കിയും പ്രയോഗിച്ചു. പൊലീസിന് നേരെ സമരക്കാർ കല്ലും കുപ്പികളും എറിഞ്ഞിരുന്നു. സംഘർഷത്തിൽ സി.ഐ ഉൾപ്പെടെയുള്ള പൊലീസുകാർക്ക് പരിക്കേറ്റു. പ്രവർത്തകർ എം.ജി റോഡ് ഉപരോധിക്കുകയാണ്.
യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമസംഭവങ്ങളിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരും കെ.എസ്.യുവും മാർച്ച് നടത്തിയത്. മാർച്ച് അക്രമാസക്തമായതോടെ പൊലീസ് ലാത്തിവീശുകയായിരുന്നു. എട്ടുദിവസമായിട്ടും ഇക്കാര്യത്തിൽ തീരുമാനമായില്ലെന്ന് ആരോപിച്ചായിരുന്നു മാർച്ച്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിന്റെ നിരാഹാര സമരപ്പന്തലിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്.