kadaram-kondan

ചെന്നൈ: നടൻ 'ചിയാൻ' വിക്രമിന്റെ ഏറ്റവും പുതിയ ചിത്രമായ 'കദാരം കൊണ്ടാൻ' മലേഷ്യയിൽ നിരോധിച്ചു. ചിത്രം മലേഷ്യയിൽ വിതരണം ചെയ്യുന്ന ലോട്ടസ് ഫൈവ് സ്റ്റാർ എ.വി ഈ ചിത്രം മലേഷ്യയിൽ റിലീസ് ചെയ്യില്ലെന്ന് അറിയിച്ചുകൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റിട്ടിട്ടുണ്ട്. മലേഷ്യയുടെ സിനിമ സെൻസർഷിപ്പ് ബോർഡിന്റെ ഉത്തരവ് ലഭിച്ചത് കൊണ്ടാണ് ചിത്രം റിലീസ് ചെയ്യുന്നതിൽ നിന്നും പിന്മാറുന്നതെന്നും വിതരണ കമ്പനി തങ്ങളുടെ പോസ്റ്റിൽ പറയുന്നു. ഭൂരിഭാഗവും മലേഷ്യയിൽ ചിത്രീകരിച്ച ചിത്രത്തിന്റെ റിലീസിനായി ഇവിടുത്തെ ആരാധകർ കാത്തിരിക്കവേയാണ് ചിത്രം റിലീസ് ചെയ്യില്ല എന്ന അറിയിപ്പ് വരുന്നത്. തങ്ങളുടെ നിരാശ അറിയിച്ചുകൊണ്ട് വിക്രമിന്റെ മലേഷ്യൻ ആരാധകർ രംഗത്ത് വന്നിട്ടുണ്ട്.

മലേഷ്യൻ പൊലീസിനെ ചിത്രത്തിൽ മോശമായി കാണിക്കുന്നു എന്ന കാരണം പറഞ്ഞാണ് മലേഷ്യൻ സർക്കാർ ചിത്രം നിരോധിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ചിത്രത്തിൽ അഴിമതിക്കാരും ക്രിമിനലുകൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരായുമാണ് മലേഷ്യൻ പൊലീസ് കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ഫ്രഞ്ച് ചിത്രമായ 'പോയിന്റ് ബ്ലാങ്കി'ന്റെ ഔദ്യോഗിക റീമേക്കാണ് 'കദാരം കൊണ്ടാൻ'. വിക്രമിനെ കൂടാതെ മലയാള നടി ലെന, അക്ഷര ഹാസൻ, അബി ഹസ്സൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'മിസ്റ്റർ കെ.കെ' എന്ന പേരിൽ സിനിമയുടെ തെലുങ്ക് പതിപ്പും പുറത്തിറങ്ങിയിരുന്നു. നടൻ കമൽഹാസന്റെ 'രാജ് കമൽ ഫിലിംസാ'ണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന് അത്ര നല്ല പ്രതികരണമല്ല പ്രേക്ഷകരിൽ നിന്നും ലഭിച്ചതെങ്കിലും 'കദാരം കൊണ്ടാൻ' മോശമില്ലാത്ത കളക്ഷനാണ് നേടുന്നത്.