chandrayaan-

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അഭിമാനമായി ചന്ദ്രയാൻ 2 ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. സാങ്കേതിക പ്രശ്നങ്ങൾ മൂലം കഴിഞ്ഞ തിങ്കളാഴ്ച മാറ്റിവച്ച ചന്ദ്രയാൻ 2 വിക്ഷേപണം ഉച്ചയ്ക്ക് 2.43നാണ് നടന്നത്. ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയിൽ ജി.എസ്.എൽ.വി. മാർക്ക് ത്രീ എം.വൺ റോക്കറ്റിലായിരുന്നു വിക്ഷേപണം. ഇതിനുള്ള 20 മണിക്കൂർ കൗണ്ട് ഡൗൺ ഇന്നലെ വൈകിട്ട് 6.43ന് ആരംഭിച്ചിരുന്നു.


ചന്ദ്രനെ വലംവയ്ക്കാനുള്ള ഓ‌ർബിറ്റർ, ചന്ദ്രനിൽ ഇറങ്ങാനുള്ള ലാൻഡർ, അവിടെ സഞ്ചരിക്കാനുള്ള റോവർ എന്നിവയും അതിലെ 11 ഉപകരണങ്ങളമുൾപ്പെടെ 3,840 കിലോഗ്രാമാണ് പേടകത്തിന്റെ ഭാരം. പുറപ്പെടാൻ ഒരാഴ്ച വൈകിയെങ്കിലും ചന്ദ്രനിൽ ഇറങ്ങാൻ കാലതാമസമുണ്ടാകില്ല. നേരത്തേ 54 ദിവസം കൊണ്ടാണ് ചന്ദ്രനിൽ എത്താൻ നിശ്ചയിച്ചിരുന്നത്. പുതിയ പദ്ധതിയനുസരിച്ച് 48 ദിവസം കൊണ്ട് എത്തും. സെപ്തംബർ 6,7 തീയതികളിൽ ലാൻഡറും റോവറും ചന്ദ്രന്റെ മണ്ണിലിറങ്ങും.

ഭൂമിയിൽ നിന്ന് 3.84 ലക്ഷം കിലോമീറ്റർ അകലെയുള്ള ചന്ദ്രന്റെ 100 കിലോമീറ്റർ വരെ അടുത്ത് ഓർബിറ്റർ എത്തിച്ച ശേഷമായിരിക്കും ലാൻഡറിനെ ഇറക്കുന്നത്. ദൗത്യം വിജയിച്ചാൽ അമേരിക്കയ്ക്ക് ശേഷം ചന്ദ്രന്റെ മണ്ണിൽ റോവർ ഇറക്കുന്ന ആദ്യരാജ്യമായി ഇന്ത്യ. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ആദ്യം ഇറങ്ങുന്ന രാജ്യവും ഇന്ത്യയായി.