exam

തിരുവനന്തപുരം: ക്ലാസിൽ കയറാതെ നടക്കുന്ന കോളേജുകളിലെ കുട്ടിനേതാക്കൾക്ക് സർവകലാശാല പരീക്ഷകളിൽ മിന്നുന്ന വിജയം നൽകുന്നതിന് പിന്നിൽ സർവകലാശാല കോളേജ് അധികൃതരുടെ ഒത്തുകളിയാണെന്ന വിവരം പുറത്തുവന്നു. എല്ലാ കോളേജുകളിലും സർവകലാശാല പരീക്ഷാ നടത്തിപ്പിനായി ഒരു ചീഫ് സൂപ്രണ്ടിനെ നിയമിക്കാറുണ്ട്. സീനിയർ കോളേജുകളിലൊഴികെ മിക്ക കോളേജുകളിലും പ്രിൻസിപ്പൽ തന്നെയായിരിക്കും ചീഫ് സൂപ്രണ്ട്. സർവകലാശാല ചോദ്യക്കടലാസുകളും എഴുതിയ ഉത്തരക്കടലാസും ചീഫ് സൂപ്രണ്ടിന്റെ കസ്റ്റഡിയിലാണ് വയ്‌ക്കേണ്ടത്. സർവലാശാലയിൽ നിന്ന് മുൻകൂട്ടി നൽകുന്ന ഉത്തരക്കടലാസും ചീഫ് സൂപ്രണ്ടിന്റെ കസ്റ്റഡിയിലാണ് വയ്‌ക്കേണ്ടത്. എന്നാൽ പല സർക്കാർ കോളേജുകളിലും പരീക്ഷാ ചുമതലയുള്ള ക്ലാർക്കിന്റെയും രണ്ടോ മൂന്നോ പ്യൂൺമാരുടേയും (ഓഫീസ് അസിസ്റ്റന്റ്) കൈവശമായിരിക്കും ഉത്തരക്കടലാസും മറ്റു സൂക്ഷിച്ച ഷെൽഫിന്റെ താക്കോൽ ഉണ്ടാകുക. ചീഫ് സൂപ്രണ്ടുമാർ പലപ്പോഴും പേരിന് മാത്രമായിരിക്കും ചുമതല നടത്തുക. കാര്യങ്ങളുടെ മുഴുവൻ നിയന്ത്രണവും ക്ലാർക്കിനും പ്യൂൺമാർക്കുമാവും. ഇൻവിജിലേഷൻ ഡ്യൂട്ടിക്ക് അദ്ധ്യാപകർ ആരൊക്കെ, എവിടെയൊക്കെ വേണമെന്ന് തീരുമാനിക്കുന്നതും ഇവർ തന്നെ. പരീക്ഷാ ഹാളിൽ സീറ്റുകൾക്ക് നമ്പർ ഇടുന്നതും ഈ പ്യൂൺമാർ തന്നെയായിരിക്കും.

സർവകലാശാല പരീക്ഷാ ചോദ്യ പേപ്പർ പരീക്ഷയ്ക്ക് രണ്ടാഴ്ച മുമ്പേ തന്നെ കോളേജുകളിൽ എത്തിയിരിക്കും. സീൽ ചെയ്താണ് ഇതുവരികയെന്നതിനാൽ ചോദ്യപേപ്പർ ചോരാറില്ല. എന്നാൽ പരീക്ഷ കഴിഞ്ഞ ഉടൻ ഇൻവിജിലേറ്രർമാർ ഉത്തരക്കടലാസുകൾ ചീഫ് സൂപ്രണ്ടിനെ ഏല്പിക്കേണ്ടതിന് പകരം കോളേജ് ഓഫീസിൽ ക്ലാർക്കിനെയാണ് ഏല്പിക്കുക. പലപ്പോഴും രണ്ടും മൂന്നും ദിവസം കഴിഞ്ഞാണ് സർവകലാശാലയിൽ നിന്ന് എഴുതിയ ഉത്തരക്കടലാസ് ശേഖരിക്കാൻ വണ്ടി വരിക. ഒന്നും രണ്ടും ആഴ്ച കഴിഞ്ഞ് വണ്ടി വരുന്ന സന്ദർഭങ്ങളുണ്ട്. അതിന് മുമ്പ് എല്ലാ ഉത്തരക്കടലാസുകളും വിഷയാടിസ്ഥാനത്തിൽ പായ്ക്ക് ചെയ്യുന്നതും ജീവനക്കാർ തന്നെ. ചീഫ് സൂപ്രണ്ടിന്റെ മേൽ നോട്ടം ഇതിന് ഉണ്ടാവണമെന്നുണ്ട്. ഇതിനിടയിൽ വിദ്യാർത്ഥി നേതാക്കൾക്ക് സ്വാധീനമുണ്ടെങ്കിൽ തങ്ങളുടെ ഉത്തരക്കടലാസ് മാറ്റിഎഴുതി വയ്ക്കാൻ ഇഷ്ടം പോലെ സമയം കിട്ടും. ഇതോടെ മിക്ക കുട്ടി നേതാക്കളും ക്ലാസിൽ കയിറയില്ലെങ്കിലും പഠിക്കുന്ന വിഷയത്തിൽ അവഗാഹമില്ലെങ്കിലും ഒന്നാം ക്ലാസ് മാർക്കോടെ പരീക്ഷ പാസ്സാകാൻ കഴിയുമെന്നാണ് ആക്ഷേപം.