രാമായാണ മാസമെന്നാണ് കർക്കടകം അറിയപ്പെടുന്നത്. ആ സമയങ്ങളിൽ ഹൈന്ദവ ഭവനങ്ങൾ രാമനാമത്താലും രാമായണ പരായണത്താലും ഭക്തിമുഖരിതമാകും. എന്നാൽ സന്ധ്യാസമയത്ത് രാമായണ പരായണം ചെയ്യരുതെന്ന് ചിലർ പറയാറുണ്ട്. ഇതിൽ എന്തെങ്കിലും സത്യമുണ്ടോ? പലരും സംശയത്തോടെ ചോദിക്കുന്ന ഒന്നാണിത്.
ഇത്തരം വിശ്വാസങ്ങളെല്ലാം തന്നെ കാലാന്തരത്തിൽ ഉണ്ടായത് മാത്രമാണെന്ന് ആചാര്യന്മാർ പറയുന്നു. ഹനുമാൻ സന്ധ്യാവന്ദനം നടത്തുമ്പോൾ രാമനാമം കേൾക്കുന്ന സമയത്ത് ഹനുമാന്റെ ശ്രദ്ധ രാമനിലേക്ക് പോകുമെന്നും അതിന് കാരണക്കാരായവരെ ഹനുമാൻ ശപിക്കുമെന്നുമാണ് ഇത്തരം വിശ്വാസങ്ങൾക്ക് പിന്നിൽ. പക്ഷേ പരമ രാമഭക്തനായ ഹനുമാൻ സദാ രാമനെ ഭജിക്കുന്നവനാണ്. ആ ഹനുമാൻ തന്നെ രാമനാമം കേട്ടാൽ ശപിക്കുമെന്ന് പറയുന്നത് വാസ്‌തവ വിരുദ്ധം മാത്രമാണ്.
അതേസമയം, ഉത്തരരാമായണം വായിക്കരുതെന്ന് പറയാൻ കാരണം അത് ശോകപര്യവസായി ആയതുകൊണ്ടാണത്രേ. ശോകപര്യവസാനം ഉത്തമമായി ആചാര്യന്മാർ കണക്കാക്കുന്നില്ല. ശ്രീരാമ പട്ടാഭിഷേകം മംഗളകരമായി അവസാനിക്കുന്നതിനാൽ അവിടെ നിറുത്തുന്നതാണ് ഉത്തമം.