തലസ്ഥാനത്തെ രുചിയിടങ്ങൾ തേടി രുചിപ്രേമികളുടെ അന്വേഷണം തുടരുകയാണ്. നമ്മുടെ പ്രധാനമന്ത്രിയുടെ ഇഷ്ടവിഭവം തലസ്ഥാനത്ത് എവിടെ കിട്ടുമെന്ന് അറിയാമോ ? പ്രധാനമന്ത്രിയുടെ മാത്രമല്ല, ഗുജറാത്തികളുടെ പ്രിയ പലഹാരമായ ഡോക്ക്ലയെ കുറിച്ചാണ് പറയുന്നത്. പലഹാരമായിട്ടും, പ്രഭാത ഭക്ഷണം ആയിട്ടും ഗുജറാത്തികളുടെ ജീവിതത്തിന്റെ ഭാഗമായ ഡോക്ക്ല പുളിപ്പിച്ച അരിയും, പൊടിച്ച വെള്ള കടലയും ചേർത്താണ് ഉണ്ടാക്കുന്നത്. സ്വന്തം നാട്ടുകാരനായ പ്രിയപ്പെട്ട ഡോക്ലയെ നയതന്ത്രത്തിന്റെ ഭാഗമാക്കാനും പ്രധാനമന്ത്രി ശ്രമിച്ചിട്ടുണ്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിംഗ് ഭാരതം സന്ദർശപ്പോൾ ഈ പലഹാരം വിളമ്പിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തോട് നയതന്ത്ര ചർച്ചകൾ നടത്തിയത്. പോരേ ഡോക്ല മഹാത്മ്യം. അശ്വിൻ കുമാറാണ് ഡോക്ലയുടെ രുചി വിശേഷങ്ങളും, തിരുവനന്തപുരത്ത് എവിടെ ലഭിക്കും എന്നതുമെല്ലാം വിശദമായി സമൂഹമാദ്ധ്യമത്തിലൂടെ പങ്ക് വച്ചിരിക്കുന്നത്. അപ്പോൾ ഇനി ഡോക്ല കണ്ടാൽ തീർച്ചയായും കഴിക്കുമല്ലോ...
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇഷ്ട്ടപ്പെട്ട പലഹാരം ആയ ഡോക്ക്ല ഇപ്പോൾ തിരുവനന്തപുരത്തും ലഭിക്കും.പലഹാരമായിട്ടും, പ്രഭാത ഭക്ഷണം ആയിട്ടും ഒക്കെ ഗുജ്റാത്തികൾ ഡോക്ക്ല ഉപയോഗിക്കുന്നുണ്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിംഗ് ഭാരതം സന്ദർശപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തോട് നയതന്ത്ര ചർച്ചകൾ നടത്തിയതും ഈ പലഹാരം വിളമ്പി തന്നെ!
പുളിപ്പിച്ച അരിയും, പൊടിച്ച വെള്ള കടലയും ചേർത്താണ് ഈ പലഹാരം ഉണ്ടാക്കുന്നത്. കൂടെ കഴിക്കാൻ ഉപ്പും മധുരവും ചേർന്ന ലായനിയിൽ ഇട്ട മുളകും, പിന്നെ പുളിപ്പും ചെറിയ എരിവും ഉള്ള ഒരു പച്ച കളർ ചട്ട്നിയും.
പുളിപ്പും, മധുരവും, ചെറിയ എരിവും കലർന്ന ഒരു ടേസ്റ്റ് ആണ്.എന്റെ ഉച്ചയ്ക്കുള്ള ഊണ് ഇതായിരുന്നു വയറു നിറഞ്ഞു, പിന്നെ ഒരു പ്രത്യേക ടേസ്റ്റ്.
കവടിയാർ സ്ഥിതി ചെയ്യുന്ന ബികാഷ് ബാബു സ്വീറ്റ്സ് എന്ന കടയിൽ നിന്നുമാണ് ഞാൻ ഈ ഗുജറാത്തി പലഹാരം വാങ്ങിയത്. ഇത് കൂടാതെ രണ്ടു രസ്മലായിയും വാങ്ങി.
രണ്ടു രസമലായി, രണ്ടു ഡോക്ക്ല മൊത്തം 150 രൂപ.നല്ല കട, സ്റ്റാഫുകൾ മാന്യമായ പെരുമാറ്റം.
രസമലായി കടയിൽ ഇരുന്ന് കഴിച്ചിട്ട്, രണ്ടു ഡോക്ക്ലയും പാർസൽ വാങ്ങി പോകുമ്പോൾ ആണ് നഗരത്തിൽ മുട്ടൻ ബ്ലോക്ക്!എന്താ കാര്യം നരേന്ദ്ര മോദി സർക്കാരിന് എതിരെ ഇടതുപക്ഷ തൊഴിലാളി യൂണിയനുകളുടെ രാജ് ഭവൻ മാർച്ച്
പാവം ഡോക്ക്ല എന്തറിഞ്ഞു